ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് കാളിദാസ് ജയറാം. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കാളിദാസ് സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. തിരിച്ചുവരവില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിലും തമിഴിലും അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു.
വലിയൊരു ഇടവേളക്ക് ശേഷം ജയറാമുമായി ഒന്നിച്ച ആശകള്‍ ആയിരം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രം തരക്കേടില്ലാത്ത വിജയവും സ്വന്തമാക്കി. ജയറാമും കാളിദാസും തമ്മിലുള്ള കെമിസ്ട്രി തന്നെയായിരുന്നു ആശകള്‍ ആയിരത്തിന്റെ പ്രധാന പോസിറ്റീവ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും നല്‍കിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ വൈറല്‍.
കാളിദാസ് ജയറാം Photo: Screen grab/ Irfan’s view
തമിഴ് യൂട്യൂബ് ചാനലായ ഇര്‍ഫാന്‍സ് വ്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഭാഗമുള്ളത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ നിരവധി ചോദ്യങ്ങള്‍ ജയറാമിനോടും കാളിദാസിനോടും ചോദിച്ചിരുന്നു. ഈയടുത്ത് കണ്ട ഏറ്റവും മോശം ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ പരം സുന്ദരി എന്നായിരുന്നു കാളിദാസിന്റെ മറുപടി.
‘ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനെയും സംസ്‌കാരത്തെയും കളിയാക്കുന്ന സിനിമയാണത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല,’ കാളിദാസ് പറയുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പരം സുന്ദരിക്ക് വലിയ വിമര്‍ശനമായിരുന്നു മലയാളികള്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.
പരം സുന്ദരി Photo: Screen grab/ Maddock Films
സെലിബ്രിറ്റി ക്രഷ് ആരാണെന്ന ചോദ്യത്തിന് ജയറാം ഉത്തരമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സിമ്രനും ശാലിനിയും തന്റെ സെലിബ്രിറ്റി ക്രഷുകളാണെന്നായിരുന്നു കാളിദാസിന്റെ മറുപടി. ജീവിതം മാറ്റിമറിച്ച ഐഡിയ ഏതെന്ന ചോദ്യത്തിന് ഇരുവരും അവരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു പറഞ്ഞത്. പാവ കഥൈകളിലെ തങ്കം എന്ന കഥ തെരഞ്ഞെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് കാളിദാസ് പറഞ്ഞു.
‘1987ല്‍ എന്റെ ആദ്യ സിനിമയുടെ സംവിധായകനായ പദ്മരാജന്‍ സാറിനെ കണ്ടതാണ്. സ്റ്റേജ് ഷോകളിലെ എന്റെ മിമിക്രി കണ്ടിട്ടാണ് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്. ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്റ് ഏതാണെന്ന് ചോദിച്ചാല്‍ അതല്ലാതെ മറ്റൊന്നും പറയാനില്ല,’ ജയറാം പറയുന്നു. അഭിമുഖത്തില്‍ ഇരുവരുടെയും ഈ ചെറിയ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
Content Highlight: Kalidas Jayaram saying Param Sundari is the bad film he watched recently
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ