എന്റെ വീട് അപ്പുവിന്റേയും എന്ന സിനിമയ്ക്ക് ശേഷം ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയാണ് ആശകള്‍ ആയിരം. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അച്ഛന്‍-മകന്‍ കോമ്പോ ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്.
ഒരു വടക്കല്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കാളിദാസ് ജയറാം.
‘ഒരു ഇവന്റില്‍ വെച്ച് ജൂഡ് ഏട്ടനാണ് ഈ കഥയുടെ ഐഡിയ പറഞ്ഞത്. അന്ന് കുറെ സംസാരിച്ച് കഴിഞ്ഞ്, കഥയുടെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ എനിക്ക് വളരെ ഇന്‍ഡ്രസ്റ്റിങ്ങായി തോന്നി. ശരിക്കും പറഞ്ഞാല്‍ അച്ഛന്‍ മകന്‍ ബന്ധം പറയുന്ന കുറെ കഥകള്‍ ഞങ്ങളെ തേടി വന്നിരുന്നു. പക്ഷേ അതൊക്കെ ഒരു സാധാരണ കഥയായിരുന്നു.
വെറുതെ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ. ഇത്രയും വര്‍ഷത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരും കൂടിയൊരു സിനിമ ചെയ്യുമ്പോള്‍ അത് അത്രയും നന്നായിരിക്കണം. ആശകള്‍ ആയിരം പ്രേക്ഷകര്‍ ഞങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്ന തരത്തില്‍ ഒരു സിനിമയാണെന്ന് തോന്നി. അങ്ങനെയൊരു കഥ വന്നപ്പോള്‍ ചെയ്യാമെന്ന് വിചാരിച്ചു,’ കാളിദാസ് ജയറാം പറയുന്നു.
അരവിന്ദ് എന്ന പുതിയ ആളാണ് ഈ സിനിമയ്ക്ക് കഥയെഴുതിയിരിക്കുന്നതെന്നും അദ്ദേഹത്തെ എന്തായാലും മെന്‍ഷന്‍ ചെയ്യണമെന്നും കാളിദാസ് ജയറാം പറഞ്ഞു. ജൂഡ് ആന്തണി ജോസഫും അരവിന്ദും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. എല്ലാ അഭിനേതാക്കളുടെയും ഭാഗ്യമാണ് നല്ല തിരക്കഥാകൃത്തിനെ ലഭിക്കുക എന്നതെന്നും അവിടെ നമ്മുക്ക് അഭിനയിക്കേണ്ട ആവശ്യമില്ലെന്നും കാളിദാസ് ജയറാം കൂട്ടിച്ചേര്‍ത്തു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആശ ശരത്ത്, ഇഷാനി കൃഷ്ണ, സായ് കുമാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സനല്‍ ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഈ കോമ്പോ ഒന്നിക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
Content Highlight: Kalidas Jayaram about upcoming movie Ashakal Aayiaram