നാടകനടനായ ചവറ വി.പി.നായരുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് കലാരഞ്ജിനി. 1978-ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അന്തരിച്ച പ്രശസ്ത നടി കൽപ്പനയുടെയും തെന്നിന്ത്യൻ മഹാനടി ഉർവശിയുടെയും മൂത്ത സഹോദരിയായ കലാരഞ്ജിനി, പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും കുടുംബസദസുകൾക്ക് പ്രിയങ്കരമായ ടെലിവിഷൻ പരമ്പരകളിലൂടെയും നടി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചു.
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ കലാരഞ്ജിനിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ സഹോദരിമാരായ ഉർവശിയെയും കൽപ്പനയെയും കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി.
കലാരഞ്ജിനി. Photo. Screen grab/ Youtube
പണ്ട് ഉർവശി വളരെ സൈലന്റ് ആയ ഒരാളായിരുന്നു എന്ന് പറയുകയാണ് കലാരഞ്ജിനി. അതുകൊണ്ടുതന്നെ പിന്നീട് ഉർവശിയുടെ അഭിനയം കണ്ടപ്പോൾ നടിക്ക് ഇത്രയും കഴിവുണ്ടായിരുന്നോ എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു എന്നും കലാരഞ്ജിനി പറയുന്നു.
‘പണ്ട് ഉർവശിയായിരുന്നു എന്നെക്കാൾ സൈലന്റ്. കൽപ്പനയായിരുന്നു എന്നും ഞങ്ങളുടെ ആഘോഷം. കാരണം അവൾ ഇരിക്കുമ്പോൾ ഒരായിരം പേർ ഇരിക്കുന്ന ബഹളമാണ്. പിന്നെ ഞാനും അതിൽ കൂടിച്ചേരുമായിരുന്നു. ഉർവശി പൊതുവെ സൈലന്റ് ആയതുകൊണ്ടുതന്നെ അവൾ ഈ കോമഡിയൊക്കെ ചെയ്യുമ്പോൾ ഇവൾ ഇതെങ്ങനെ ചെയ്തു, ഇവൾക്ക് ഇത്രയും കഴിവുണ്ടായിരുന്നോ എന്നായിരുന്നു പണ്ട് ഞങ്ങൾക്ക് തോന്നിയിരുന്നത്,’ നടി പറഞ്ഞു.
കൽപ്പന ഒരു മികച്ച നടിയായി തീരും എന്നതിൽ യാതൊരു സംശയവുമില്ലായിരുന്നു എന്നും കലാരഞ്ജിനി പറയുന്നു. അതുകൊണ്ടുതന്നെ കൽപ്പനയോട് എന്നും തനിക്കൊരു ആരാധനയായിരുന്നു എന്നും കലാരഞ്ജിനി കൂട്ടിച്ചേർത്തു.
‘ഉർവശി ഒന്നിനും കൂടാതെ അമ്മയുടെ കൂടെ എപ്പോഴും ഇങ്ങനെ നടക്കുന്ന ഒരു ക്യാരക്ടറായിരുന്നു. പക്ഷെ കൽപ്പനയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലായിരുന്നു. അവൾ ഒരു മികച്ച കലാകാരി തന്നെയായിരുന്നു. അവളോടായിരുന്നു കൂടുതൽ ആരാധനയും. ഉർവശിയുടെ വളർച്ച ഞങ്ങൾക്ക് അതിശയമായിരുന്നു.
കലാരഞ്ജിനി. കല്പന. ഉർവശി. Photo. Facebook
പിന്നീട് കലയാണ് അവളുടെ വഴി എന്ന് മനസിലാക്കിയപ്പോൾ അവൾ അത് മനോഹരമാക്കാൻ തുടങ്ങി. ഞങ്ങൾ അഞ്ചു മക്കളും അച്ഛനും അമ്മയുമൊക്കെ ഉള്ള ഒരു കാലം നല്ലതായിരുന്നു. എന്നാൽ ഇന്ന് ഞാനും ഉർവശിയും മാത്രമായി, അതുകൊണ്ടുതന്നെ ഇന്ന് ആഘോഷങ്ങളിൽ ഒന്നും വലിയ താത്പര്യം ഉണ്ടാവാറില്ല,’ കലാരഞ്ജിനി പറഞ്ഞു.