| Thursday, 16th April 2026, 5:59 pm

ആ സിനിമ ചെയ്യണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നാറുണ്ട്, എന്തിനാണ് എന്നെ അതിലേക്ക് വിളിച്ചതെന്ന് ഇപ്പോഴും അറിയില്ല: കലാരഞ്ജിനി

അമര്‍നാഥ് എം.

കുറഞ്ഞ സ്‌ക്രീനുകളാണ് ലഭിച്ചതെങ്കിലും കിട്ടിയ തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് മോഹിനിയാട്ടം. 2024ല്‍ തിയേറ്ററുകളിലെത്തിയ ഭരതനാട്യത്തിന്റെ സീക്വലായാണ് മോഹിനിയാട്ടം ഒരുങ്ങിയത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് കോമഡി ഴോണറിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പഴയ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില ആളുകളും ഇത്തവണ രംഗപ്രവേശം ചെയ്യുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, ജഗദീഷ് തുടങ്ങി പലരും അവരവരുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യഭാഗത്തെ അതേ റേഞ്ചില്‍ കട്ടക്ക് സ്‌കോര്‍ ചെയ്തവരില്‍ ഒരാളായിരുന്നു കലാരഞ്ജിനി. സ്‌ക്രീനിലെത്തുന്ന ഓരോ സീനിലും കിടിലന്‍ ഹ്യൂമറുമായി കലാരഞ്ജിനി കളംനിറഞ്ഞിട്ടുണ്ട്. താരത്തിന്റെ കോമഡി ടൈമിങ്ങിനെയാണ് പലരും അഭിനന്ദിക്കുന്നത്.

സിനിമയിലെത്തി ഒരുപാട് കാലമായിട്ടും ഇപ്പോഴാണ് കലാരഞ്ജിനിയിലെ നടിയെ സിനിമാലോകം ശരിക്കും ഉപയോഗിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ കരിയറില്‍ ഒരിക്കലും ചെയ്യണ്ടായിരുന്നു എന്ന് തോന്നിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘വിനീത് ശ്രീനിവാസനും ബേസിലും അഭിനയിച്ച ഒരു പടമുണ്ടല്ലോ, മനോഹരം. ആ സിനിമ എന്തിനാണ് ഞാന്‍ ചെയ്തത് എന്ന് ഇപ്പോഴും എനിക്ക് അറിയില്ല. എനിക്ക് ഒന്നും ചെയ്യാനില്ലാത്ത കഥയും സിനിമയുമായിരുന്നു അത്. ആ സിനിമ ഒഴിവാക്കാന്‍ ഒരുപാട് നോക്കിയിരുന്നു. പക്ഷേ, സംവിധായകന്‍ എന്നെ ഒരുപാട് നിര്‍ബന്ധിച്ചതുകൊണ്ടാണ് അഭിനയിച്ചത്.

ഇന്ന് ഈ സമയത്തും ആ സിനിമ ചെയ്യണ്ട എന്ന് തന്നെയാണ് ഞാന്‍ ആലോചിക്കുന്നത്. പെര്‍ഫോം ചെയ്യാനില്ലാത്ത സിനിമയായിട്ടാണ് എനിക്ക് തോന്നിയത്,’ കലാരഞ്ജിനി പറയുന്നു. അന്‍വര്‍ സാദിക് സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മനോഹരം. അപര്‍ണ ദാസ് അവതരിപ്പിച്ച ശ്രീജ എന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു കലാരഞ്ജിനിക്ക്.

ഭരതനാട്യത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ തന്റെയും നന്ദു പൊതുവാളിന്റെയും പേര് എഴുതിവെച്ചിട്ടുണ്ടായിരുന്നെന്ന് കലാരഞ്ജിനി പറഞ്ഞു. ഓരോ ക്യാരക്ടറിനെയും ആര് അവതരിപ്പിക്കണമെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നെന്നും കഥ കേട്ടയുടനെ താന്‍ ഓക്കെ പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. സംവിധായകന്റെ മനസിലുള്ള കഥാപാത്രത്തിന് താന്‍ ഓക്കെയായിരുന്നെന്നും കലാരഞ്ജിനി പറയുന്നു.

Content Highlight: Kalaranjini saying she doesn’t want to act in Manoharam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more