നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ് കലാരഞ്ജിനി. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരം, മലയാള സിനിമയിലെ പ്രമുഖ നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും സഹോദരി കൂടിയാണ്. 1983ൽ പുറത്തിറങ്ങിയ ഹിമവാഹിനി എന്ന ചിത്രത്തിലൂടെയാണ് കലാരഞ്ജിനി തന്റെ സിനിമാ യാത്ര ആരംഭിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച താരം, അടുത്തിടെ തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും വിജയമായ മോഹിനിയാട്ടം എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കലാരഞ്ജിനി, Photo: YouTube/ Screengrab
ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ, പഴയകാല ഷൂട്ടിങ് രീതികളും ഇന്നത്തെ സിനിമാ പ്രവർത്തന രീതികളും തമ്മിലുള്ള വലിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി.
‘ഒത്തിരി വ്യത്യാസമുണ്ട്. പണ്ട് ഫിലിം ക്യാമറകളാണ് ഉപയോഗിച്ചിരുന്നത്. ഫിലിം ഒട്ടും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. കൂടുതൽ ടേക്ക് എടുത്താൽ ‘ഫിലിം തിന്നാൻ വന്നിരിക്കുകയാണോ’ എന്നൊക്കെ കളിയാക്കി ചോദിക്കുമായിരുന്നു. അതുകൊണ്ട് ഡയലോഗുകൾ പലതവണ റിഹേഴ്സൽ ചെയ്ത് നന്നായി പഠിച്ചതിന് ശേഷമേ ടേക്കിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ,’ കലാരഞ്ജിനി പറഞ്ഞു.
മേക്കപ്പിനും അന്ന് വളരെ കൂടുതൽ സമയം വേണ്ടിവന്നിരുന്നുവെന്നും താരം ഓർക്കുന്നു. ‘മേക്കപ്പ് ഇടാൻ ഒരുപാട് മണിക്കൂറുകൾ എടുക്കും. രാവിലെ ഒൻപത് മണിക്കാണ് ഷൂട്ടിങ് എങ്കിൽ പുലർച്ചെ അഞ്ചുമണിക്കുതന്നെ റെഡിയാകണം. ഇന്നത്തെ പോലെ സൗകര്യങ്ങളോ സാങ്കേതിക പിന്തുണയോ അന്നില്ലായിരുന്നു,’ എന്നാണ് കലാരഞ്ജിനി പറഞ്ഞത്.
കലാരഞ്ജിനി, Photo: YouTube/ Screengrab
ഇന്ന് സിനിമാ മേഖലയിൽ സാങ്കേതികവിദ്യ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും അത് സിനിമാ പ്രവർത്തനങ്ങളെ ഏറെ എളുപ്പമാക്കിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ‘ഇന്ന് സാങ്കേതികവിദ്യ ഒരുപാട് മുന്നോട്ടുവന്നു.
അതുപോലെ മേക്കപ്പും വളരെ നാച്ചുറലായി. കഥാപാത്രങ്ങൾക്ക് കൂടുതൽ യാഥാർഥ്യബോധം നൽകാൻ ഇന്നത്തെ സംവിധാനങ്ങൾ സഹായിക്കുന്നുണ്ട്,’ കലാരഞ്ജിനി പറഞ്ഞു.
പുതിയ തലമുറയിലെ അഭിനേതാക്കളുടെ പ്രൊഫഷണലിസത്തെയും ആത്മാർഥതയെയും പ്രശംസിക്കാനും താരം മറന്നില്ല. ‘ഇന്നത്തെ കുട്ടികൾ ഒരു കഥാപാത്രത്തിനുവേണ്ടി ചെയ്യുന്ന ഹാർഡ്‌വർക്ക് വലുതാണ്.
കണ്ടിന്യൂവിറ്റി ഒക്കെ അവർ കൃത്യമായി നോക്കും. ഇന്നലത്തെ സീനിന്റെ ബാക്കി എടുക്കുമ്പോൾ മുടി എങ്ങനെ കിടന്നു എന്നതുവരെ അവർ ശ്രദ്ധിക്കും,’ എന്നാണ് കലാരഞ്ജിനിയുടെ വാക്കുകൾ.
പഴയകാല സിനിമാ പ്രവർത്തനങ്ങളിൽ നിന്ന് ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിലേക്കുള്ള മാറ്റങ്ങൾ നേരിട്ട് കണ്ട വ്യക്തിയെന്ന നിലയിൽ, സിനിമാ മേഖലയിലെ സാങ്കേതിക വളർച്ചയും പുതിയ തലമുറയുടെ സമർപ്പണവും അഭിനന്ദിച്ചുകൊണ്ടാണ് കലാരഞ്ജിനി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
Content Highlight: Kalaranjini is sharing her past shooting experiences.