| Monday, 1st June 2026, 3:06 pm

കൂടപ്പിറപ്പുകളെ പേര് വിളിക്കാറില്ല, 'മക്കളേ' എന്നേ വിളിക്കൂ, അവർ കഴിഞ്ഞിട്ടേ എനിക്ക് സ്വന്തം മക്കളുള്ളൂ: കലാരഞ്ജിനി

നന്ദന എം.സി

മലയാള സിനിമയിൽ നാല് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന നടിയാണ് കലാരഞ്ജിനി.

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി സിനിമകളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.

പ്രമുഖ നടിമാരായ ഉർവശിയുടെയും അന്തരിച്ച കൽപ്പനയുടെയും മൂത്ത സഹോദരിയായ കലാരഞ്ജിനി, ഇപ്പോൾ കുടുംബത്തെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമുള്ള ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ്.

കലാരഞ്ജിനി, Photo: YouTube/ Screengrab

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശിയെയും കൽപ്പനയെയും കുറിച്ചുള്ള ഓർമകൾ താരം തുറന്നു പറഞ്ഞത്.

കൂടപ്പിറപ്പുകളെ ഒരിക്കലും പേരെടുത്ത് വിളിക്കാറില്ലെന്നും, ‘മക്കളേ’ എന്നാണ് താൻ അവരെ വിളിച്ചിരുന്നതെന്നും കലാരഞ്ജിനി പറഞ്ഞു.

തങ്ങൾ അഞ്ച് മക്കളായിരുന്നുവെന്നും അതിൽ ഇപ്പോൾ താനും ഉർവശിയും മാത്രമാണ് ജീവിച്ചിരിപ്പുള്ളതെന്നും താരം വ്യക്തമാക്കി.

‘കൂടപ്പിറപ്പുകളെ ഞാൻ പേര് വിളിക്കാറില്ല. ‘മക്കളേ’ എന്നേ വിളിക്കൂ. അവർ കഴിഞ്ഞിട്ടേ എനിക്ക് സ്വന്തം മക്കളുള്ളൂ. ഞങ്ങൾ അഞ്ച് മക്കളായിരുന്നു. അതിൽ ഇപ്പോൾ ഞാനും പൊടിമോളും, അതായത് ഉർവശിയും മാത്രമാണ് ജീവിച്ചിരിപ്പുള്ളത്. അത്തരം നഷ്ടങ്ങൾ ജീവിതത്തിൽ ഒരിക്കലും നികത്താൻ കഴിയാത്തവയാണ്,’ എന്നാണ് കലാരഞ്ജിനി പറഞ്ഞത്.

സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പിനെക്കുറിച്ചും താരം സംസാരിച്ചു. ക്യാമറ എന്താണെന്ന് പോലും അറിയാത്ത സമയത്ത് തനിക്ക് ആത്മവിശ്വാസം പകർന്നത് കൽപ്പനയാണെന്ന് കലാരഞ്ജിനി ഓർത്തെടുത്തു.

അഭിനയരംഗത്ത് മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത വ്യക്തിയായിരുന്നു കൽപ്പനയെന്നും താരം പറഞ്ഞു. കൽപ്പനയുടെ വേർപാട് ഇന്നും തനിക്ക് വലിയ വേദനയാണെന്നും അവർ കൂട്ടിച്ചേർത്തു.

കലാരഞ്ജിനി, കല്പന, ഉർവശി,Photo; Facebook.com

കുടുംബത്തിലെ ഇളയ സഹോദരന്റെ ഓർമ നിലനിർത്താനാണ് തന്റെ മകന് ‘പ്രിൻസ്’ എന്ന പേര് നൽകിയതെന്നും കലാരഞ്ജിനി വെളിപ്പെടുത്തി. കുടുംബബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താനെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

അമ്മയെക്കുറിച്ചും കലാരഞ്ജിനി സംസാരിച്ചു. ‘ഞങ്ങൾക്ക് ഈശ്വരൻ അമ്മയാണ്. ഞങ്ങളെ വഴിനടത്തിയതും കരുത്ത് നൽകിയതും അമ്മയായിരുന്നു. അമ്മ സിനിമാ മേഖലയിലുണ്ടായിരുന്നതിനാലാണ് ഞങ്ങളുടെ സിനിമാപ്രവേശനം എളുപ്പമായത്. അമ്മയുടെ പിന്തുണയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യം,’ എന്ന് താരം പറഞ്ഞു.

ജീവിതത്തിൽ ഭർത്താവിനെയും മക്കളെയും നഷ്ടപ്പെടേണ്ടിവന്ന കഠിന സാഹചര്യങ്ങളെ അതിജീവിച്ച സ്ത്രീയായിരുന്നു തന്റെ അമ്മയെന്നും കലാരഞ്ജിനി പറഞ്ഞു.

‘ഭർത്താവിന്റെയും മക്കളുടെയും തുടർച്ചയായ മരണങ്ങളെ നേരിട്ട് കണ്ട വ്യക്തിയാണ് അമ്മ. ഞാൻ കണ്ടതിൽ ഏറ്റവും ശക്തയായ സ്ത്രീ അമ്മയാണ്,’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Content Highlight: Kalaranji talk about Kalpana and Urvashi

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more