സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്നാണ് കളങ്കാവലിന്റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകം. വില്ലന്‍ വേഷത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
റെട്രോ ടച്ചുള്ള ‘നിലാ കായും’ എന്ന ഗാനം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. ചിത്രത്തിന്റെ നിഗൂഢതയോട് ആദ്യാവസാനം ചേര്‍ന്ന് നില്ക്കുന്ന ഗാനമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗ്രേ ഷെയ്ഡ് ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ലിറിക് വീഡിയോയുടെ താഴെ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.
ചിലന്തിയെപ്പോലെ വലവിരിച്ച് തന്റെ ഇരകളായ സ്ത്രീകളെ വലയിലാക്കുന്ന ക്രൂരനായ കഥാപാത്രമാകും മമ്മൂട്ടിയുടേതെന്ന് ആദ്യം മുതല്‌ക്കേ സൂചനകളുണ്ടായിരുന്നു. പുറത്തുവന്ന പോസ്റ്ററുകളിലെല്ലാം കണ്ടിരുന്നു ചിലന്തിവല റഫറന്‍സ് ലിറിക് വീഡിയോയില്‍ പലപ്പോഴായി കാണിക്കുന്നുണ്ട്. വരാന്‍ പോകുന്ന വില്ലന്‍ നിസാരക്കാരനല്ലെന്നാണ് ഇതെല്ലാം നല്കുന്ന സൂചന.
മുജീബ് മജീദാണ് ഈ ഗാനത്തിന് സംഗീതം നല്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം മുജീബ് ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍. വിനായക് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സിന്ധു ഡെല്‍സണാണ്. തമിഴ് ടച്ചുള്ള ഗാനം സിനിമയുടെ റിലീസിന് ശേഷം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
പുറത്തുവന്ന അപ്‌ഡേറ്റുകളിലൊന്നും ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകള്‍ നല്കിയിട്ടില്ല. മമ്മൂട്ടി വില്ലനായി വേഷമിടുമ്പോള്‍ വിനായകനാണ് ചിത്രത്തിലെ നായകന്‍. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന ക്രൈമുകളും അതിന്റെ അന്വേഷവുമാകും ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടിക്കും വിനായകനും പുറമെ മീര ജാസ്മിന്‍, രജിഷ വിജയന്‍, അസീസ് നെടുമങ്ങാട്, ഗായത്രി അരുണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlight: Kalamkaval movie first song out