| Monday, 25th August 2025, 10:31 pm

നാല് മാസത്തിന് ശേഷം ബിഗ് സ്‌ക്രീനില്‍ മമ്മൂട്ടിയുടെ മുഖം തെളിയുന്നു, ഡബിള്‍ ഹാപ്പിയായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവായിരുന്നു മഹാനടന്‍ മമ്മൂട്ടിയുടേത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്നും പൊതുമധ്യത്തില്‍ നിന്നും വിട്ടുനിന്ന് പരിപൂര്‍ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. അടുത്തിടെയാണ് മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറിയെന്നും തിരിച്ചുവരികയാണെന്നുമുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു.

സെപ്റ്റംബര്‍ പകുതിയോടെ മാത്രമേ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുകയുള്ളൂ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പാട്രിയറ്റിലാണ് അദ്ദേഹം ആദ്യം ജോയിന്‍ ചെയ്യുക. ഇപ്പോഴിതാ മമ്മൂട്ടിയുടെ മുഖം അധികം വൈകാതെ ബിഗ് സ്‌ക്രീനില്‍ തെളിയുമെന്നുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ ടീസര്‍ ഈയാഴ്ച പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ലോകാഃ ചാപ്റ്റര്‍ വണ്ണിന്റെ ആദ്യദിനം കളങ്കാവലിന്റെ ടീസറും പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒരു മിനിറ്റും 49 സെക്കന്‍ഡും ദൈര്‍ഖ്യമുള്ള ടീസറാണ് റിലീസിനൊരുങ്ങുന്നത്. നാല് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ മുഖം ബിഗ് സ്‌ക്രീനില്‍ തെളിയുക. ഇഷ്ടതാരത്തിന്റെ തിരിച്ചുവരവിന് പിന്നാലെ കാത്തിരിക്കുന്ന പ്രൊജക്ടിന്റെ ടീസറും ലഭിച്ചതിനാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റാണ് ലഭിച്ചിരിക്കുന്നത്.

ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററിലും ഗൂഢമായ മുഖഭാവത്തിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തുവന്ന പോസ്റ്ററുകളിലെല്ലാം തന്നെ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത അവതാരമാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വില്ലനായാണ് കളങ്കാവലില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. വിനായകനാണ് ചിത്രത്തിലെ നായകന്‍.

നവാഗതനായ ജിതിന്‍ കെ ജോസാണ് കളങ്കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. കുറുപ്പിന്റെ എഴുത്തുകാരില്‍ ഒരാളായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. ഫെബ്രുവരിയില്‍ കളങ്കാവലിന്റെ ഷൂട്ട് പൂര്‍ത്തിയായിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണിത്.

സ്ത്രീകളെ വലയിലാക്കി ക്രൂരമായി കൊല്ലുന്ന വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി കളങ്കാവലില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ആരാധകര്‍ ഹൈപ്പിലാണ്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ പകുതിയോടെ കളങ്കാവല്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Kalamkaaval movie teaser will play alongside with Lokah movie

We use cookies to give you the best possible experience. Learn more