അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ച ചിത്രമെന്ന് കളങ്കാവലിനെ വിശേഷിപ്പിക്കാം. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനാകുന്നു എന്നതായിരുന്നു കളങ്കാവലിന് പ്രതീക്ഷ വെക്കാനുള്ള ഏറ്റവും വലിയ കാരണം. ഷൂട്ട് തീര്‍ന്നിട്ടും റിലീസാകാന്‍ വൈകിയതില്‍ ചെറിയൊരു നിരാശയുണ്ടായിരുന്നു.
എന്നാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന രജിനി ഡയലോഗ് ഓര്‍മപ്പെടുത്തും വിധമായിരുന്നു കളങ്കാവലിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രം എങ്ങനെയാകും എന്നത് തന്നെയായിരുന്നു ആകാംക്ഷയുണ്ടാക്കിയ എലമെന്റ്. 402 സിനിമകള്‍ ചെയ്ത ഒരു നടന്‍ അയാളുടെ 421ാമത്തെ സിനിമ ചെയ്യുമ്പോള്‍ മുമ്പ് കണ്ട ഒരു മാനറിസം പോലും ആവര്‍ത്തിക്കാത്തത് തന്നെയാണ് മമ്മൂട്ടിയുടെ വിജയം.
റിലീസിന് മുമ്പ് കളങ്കാവലിന്റെ കഥയെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അണിയറപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് അധികം സംസാരിച്ചതുമില്ല. എന്താണ് കളങ്കാവലിന്റെ കഥയെന്നും മമ്മൂട്ടിയുടെ കഥാപാത്രം എന്താണെന്നുമുള്ള മുന്‍വിധിയില്ലാതെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞെട്ടിയിരിക്കും. അതിനും മാത്രമുള്ള പരിപാടികള്‍ മമ്മൂട്ടി ചെയ്തുവെച്ചിട്ടുണ്ട്.
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന വര്‍ഗീയ ലഹളയെക്കുറിച്ച് അന്വേഷിക്കുന്ന ജയകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസര്‍ പിന്നീട് എത്തിനിന്നത് വലിയൊരു സമസ്യയിലേക്കാണ്. അത് അയാള്‍ എങ്ങനെ പൂര്‍ത്തിയാക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. 2005- 2012 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു പരിധിവരെ ആ കാലം പുനസൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് സ്വല്പം ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ കൂടി ഉള്‍പ്പെടുത്തിയ കഥപറച്ചിലാണ് ചിത്രത്തിന്റേത്. ഒരുപാട് കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കിക്കൊണ്ട് റിയലിസ്റ്റിക്ക് അപ്പ്രോച്ചാണ് അണിയറപ്രവര്‍ത്തകര്‍ കൈക്കൊണ്ടത്. അത് സിനിമക്ക് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്.
ആദ്യ സീന്‍ മുതല്‍ ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്നതുവരെയുള്ള സീന്‍ അതിഗംഭീരമായി എടുത്തുവെച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് എന്തൊക്കെ നടക്കുമെന്നതിന്റെ വെറും സാമ്പിള്‍ മാത്രമായിരുന്നു ആ സീക്വന്‍സ്. ഏറ്റവും ഹൈ ആയിട്ടുള്ള മൊമന്റില്‍ ഇന്റര്‍വെല്‍ സീന്‍ പ്ലെയ്‌സ് ചെയ്തതും വേറെ ലെവലായിട്ടുണ്ട്. സെക്കന്‍ഡ് ഹാഫ് ഡൗണാകുന്നു എന്ന പോയിന്റില്‍ നിന്ന് പടം ടോപ്പ് ഗിയറിലായി. വേണ്ടിയിരുന്നില്ല എന്ന് തോന്നിച്ച ടെയില്‍ എന്‍ഡ് മാറ്റിനിര്‍ത്തിയാല്‍ കളങ്കാവല്‍ ഈ വര്‍ഷത്തെ ടോപ്പ് സിനിമകളിലൊന്നായി മാറിയിട്ടുണ്ട്.
പ്രകടനങ്ങളുടെ കാര്യം നോക്കിയാല്‍ മമ്മൂട്ടിയുടെ പീക്ക് പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആവശ്യമുള്ളപ്പോള്‍ മാത്രം ഉള്ളിലെ വിഷം പുറത്തെടുക്കുന്ന ബുദ്ധിമാനായ സര്‍പ്പത്തെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന തന്നിലെ നടന്റെ ദാഹമാണ് ഇങ്ങനെയൊരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം.
രാജമാണിക്യത്തിന് ശേഷം തിരുവനന്തപുരം സ്ലാങ് പറയുന്ന മമ്മൂട്ടി ശരിക്കും സര്‍പ്രൈസ് ഫാക്ടറായിരുന്നു. അതും രാജമാണിക്യത്തില്‍ കേട്ടതില്‍ നിന്ന് വ്യത്യസ്തമായി മാര്‍ത്താണ്ഡം ഭാഗത്തെ സ്ലാങ് സിങ്ക് സൗണ്ടില്‍ സംസാരിക്കുക എന്ന ടാസ്‌ക് അദ്ദേഹത്തിന് കേക്ക് വാക്ക് ആയിരുന്നു എന്ന് പറയാം. കഥയുടെ ഒരുഘട്ടത്തിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം നില്ക്കാന്‍ പ്രേക്ഷകന് തോന്നാത്തിടത്താണ് അദ്ദേഹത്തിന്റെ വിജയം.
കഥയിലെ നായകനായ വിനായകന്‍… പവര്‍ഹൗസ് പെര്‍ഫോമറെന്ന് സംശയമില്ലാതെ പറയാനാകും. നത്ത് എന്ന വിളിപ്പേരുള്ള ജയകൃഷ്ണന്‍ വിനായകന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. രണ്ടര മണിക്കൂര്‍ സിനിമയില്‍ ആദ്യം മുതല്‍ മമ്മൂട്ടി സ്‌കോര്‍ ചെയ്‌തെങ്കില്‍ ക്ലൈമാക്‌സ് തൂക്കിയത് വിനായകന്‍ തന്നെയാണ്. വെറും ഡയലോഗ് കൊണ്ട് മാസിന്റെ അങ്ങേയറ്റമാണ് വിനായകന്‍ കാഴ്ചവെച്ചത്.
ഡീയസ് ഈറേക്ക് ശേഷം ജിബിന്‍ ഗോപിനാഥും കളങ്കാവലില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്ലാങ് ജിബിനിലും ഭദ്രമായിരുന്നു. അസീസ് നെടുമങ്ങാട്, ബിജു പപ്പന്‍ എന്നിവരും കുറച്ച് സീനുകള്‍ കൊണ്ട് നല്ല പെര്‍ഫോമന്‍സ് കാഴ്ചവെച്ചു. 21 നായികമാരും അവരവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. ശ്രുതി രാമചന്ദ്രന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരും ഗംഭീരമാക്കി.
എക്കോക്ക് ശേഷം തന്റെ സംഗീതം കൊണ്ട് കളങ്കാവലിലും ഞെട്ടിക്കാന്‍ മുജീബ് മജീദിന് സാധിച്ചിട്ടുണ്ട്. ‘നിലാ കായും’ എന്ന ഗാനം സിനിമയിലുണ്ടാക്കിയ ഇംപാക്ട് ചില്ലറയല്ല. ഒപ്പം മിനിമലായിട്ടുള്ള, എന്നാല്‍ കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലസംഗീതവും കൊണ്ട് സിനിമയെ താങ്ങിനിര്‍ത്താന്‍ മുജീബിന് സാധിച്ചിട്ടുണ്ട്.
പ്രവീണ്‍ പ്രഭാകര്‍… ഒരു പ്രത്യേക കുതിരപ്പവന്‍ അര്‍ഹിക്കുന്ന എഡിറ്റിങ്ങാണ് പ്രവീണ്‍ കളങ്കാവലില്‍ ചെയ്തുവെച്ചിട്ടുള്ളത്. ജിഗ്‌സോ പസില്‍ പോലെ ചിതറിക്കിടക്കുന്ന രംഗങ്ങളെ അടുക്കിവെച്ച തരത്തില്‍ സിനിമയെ ഒരുക്കാന്‍ പ്രവീണിന്റെ കട്ട്‌സ് വഹിച്ച പങ്ക് ചെറുതല്ല. ആദ്യപകുതിയില്‍ കാണിച്ച 20 മിനിറ്റോളം വരുന്ന ഒരു സീക്വന്‍സ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഗംഭീരമായ ഒന്നാണ്.
ഫൈസല്‍ അലി ഒരുക്കിയ ഫ്രെയിമുകള്‍. രാത്രിയെ ഒരേസമയം മനോഹരമായും അതേസമയം അതിന്റെ ഭീകരതയും ഒപ്പിയെടുക്കാന്‍ ഫൈസലിന് സാധിച്ചിട്ടുണ്ട്. നാഗര്‍കോവില്‍ ഭാഗത്തെ ഗ്രാമഭംഗിയുമെല്ലാം ഒപ്പിയെടുത്തതും കൈയടി അര്‍ഹിക്കുന്നു.
ആദ്യസിനിമയാണെന്ന യാതൊരു തോന്നലും വരുത്താത്ത രീതിയില്‍ ചിത്രം ഒരുക്കിയ ജിതിന്‍ കെ. ജോസ്. അനാവശ്യ രംഗങ്ങള്‍ ഒന്നും കുത്തിക്കയറ്റാത്ത സ്‌ക്രിപ്റ്റാണ് സിനിമയുടെ ഹൈലൈറ്റ്. വില്ലനോട് സഹതാപം തോന്നിക്കുന്ന തരത്തില്‍ ഫ്‌ളാഷ്ബാക്ക് വെക്കാതിരുന്നതിന് ജിതിന് പ്രത്യേക കൈയടി നല്കാം. കൊടുത്ത ഹൈപ്പിന് പരമാവധി നീതിപുലര്‍ത്തിക്കൊണ്ട് ഈ വര്‍ഷം വന്ന മികച്ച സിനിമകളുടെ പട്ടികയില്‍ കളങ്കാവലിനെയും ഉള്‍പ്പെടുത്താം.
Content Highlight: Kalamkaaval movie review