| Thursday, 23rd October 2025, 6:17 pm

232 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍, മമ്മൂട്ടി വരാര്‍, കളങ്കാവല്‍ റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. അര നൂറ്റാണ്ടിനിപ്പുറവും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും പ്രകടനവും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി അടുത്തിടെ സിനിമയില്‍ നിന്ന് ഇടവേളെയെടുത്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം അടുത്തിടെയാണ് അസുഖമെല്ലാം മാറി തിരിച്ചുവന്നത്.

ഈ വര്‍ഷം മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങള്‍ തിയേറ്ററിലെത്തിയിരുന്നു. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സും ഡിനോ ഡെന്നീസിന്റെ ബസൂക്കയും തിയേറ്ററില്‍ വിജയമായിരുന്നില്ല. ബസൂക്കക്ക് ശേഷം മമ്മൂട്ടിയുടേതായി ഒരു സിനിമ പോലും തിയേറ്ററിലെത്തിയിരുന്നില്ല. മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ നവംബര്‍ 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി വില്ലനായാണ് കളങ്കാവലില്‍ പ്രത്യക്ഷപ്പെടുന്നത്. വിനായകനാണ് ചിത്രത്തിലെ നായകന്‍. കളങ്കാവലിന്റേതായി പുറത്തുവന്ന പോസ്റ്ററുകളിലെല്ലാം ഇതുവരെ കാണാത്ത മമ്മൂട്ടിയെയാണ് കാണാന്‍ സാധിച്ചത്.

അടുത്തിടെ പുറത്തുവിട്ട ടീസറും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടാണ് മുന്നിട്ടുനിന്നത്. കൊവിഡിന് ശേഷം ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന മമ്മൂട്ടി കളങ്കാവലിലും അത് ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് കളങ്കാവല്‍ നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.

കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയെ ഞെട്ടിച്ച സൈക്കോ കൊലപാതകിയായ സയനൈഡ് മോഹന്റെ കഥയെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടൂര വില്ലനായി മമ്മൂട്ടി ഞെട്ടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

മീര ജാസ്മിന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അസീസ് നെടുമങ്ങാട്, ആര്‍.ജെ സൂരജ് എന്നിവരാണ് മറ്റ് താരങ്ങള്‍. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ഞെട്ടിച്ച മുജീബ് മജീദാണ് കളങ്കാവലിന്റെ സംഗീതം. മലയാളസിനിമയുടെ വല്യേട്ടനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Kalamkaaval movie release date announced

We use cookies to give you the best possible experience. Learn more