| Thursday, 19th November 2009, 4:09 pm

കളമശേരി ബസ് കത്തിക്കല്‍ : സൂത്രധാരന്‍ തടിയന്റവിട നസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമേശിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചതിന്റെ സൂത്രധാരന്‍ തീവ്രവാദ കേസുകളിലെ പിടികിട്ടാപ്പുള്ളി തടിയന്റവിട നസീറാണെന്ന് വ്യക്തമായി. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശി നവാസിന ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷക സംഘം ആലുവ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നസീറിനെ ഒന്നാം പ്രതിയാക്കി പുതിയ കുറ്റപത്രം വീണ്ടും സമര്‍പ്പിക്കും. മുന്‍ കുറ്റപത്ര പ്രകാരം പ്രതികളായിരുന്ന ഷെരീഫ്, ഉമര്‍ഫറൂഖ്, അബ്ദുള്‍ റഹീം എന്നിവരെ പുതിയ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കേസില്‍ മുന്‍പ് കീഴങ്ങിയ ഷെരീഫ്, ഉമര്‍ ഫറൂഖ്, അബ്ദുള്‍ റഹീം എന്നവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും അന്വേഷണം വഴിതെറ്റിക്കാന്‍ തീവ്രവാദ സംഘടനകള്‍ മൂവരെയും ഉപയോഗിച്ചുവെന്നുമാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വ്യാഴാഴ്ച അറസ്റ്റു രേഖപ്പെടുത്തിയ നവാസില്‍ നിന്ന് അന്വേഷക സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നവാസിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കിയത് ഇയാളാണെന്നും പോലീസ് പറയുന്നു. കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവിലായിരുന്ന മൂന്നാം പ്രതി പറമ്പായി മജീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നവാസിനെക്കുറിച്ച് വിവരം ലഭിച്ചത്.

ആലുവയിലെ ഒരു ലോഡ്ജില്‍വച്ച് നസീറാണ് ബസ് കത്തിക്കാനുള്ള പദ്ധതി ആസൂതണം ചെയ്തതെന്ന് പോലീസ് കരുതുന്നു. മജീദ് പറമ്പായി, നവാസ്, കോഴിക്കോട് സ്‌ഫോടന കേസില്‍ നേരത്തേ അറസ്റ്റിലായ ഹാലിം എന്നിവരും ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നു. ആറുപേര്‍ ചേര്‍ന്നായിരുന്നു ബസ് കത്തിച്ചത്. ബസ് ഡ്രൈവറെ ബന്ദിയാക്കി ആക്രമണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് നസീര്‍ ആണെന്നും വ്യക്തമായതായും സൂചനയുണ്ട്.

2005 സെപ്റ്റംബര്‍ ഒന്‍പതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സേലത്തേക്കുളള ബസ് തട്ടിയെടുത്തു കളമശേരില്‍ എച്ച് എം ടിക്കു സമീപം കത്തിച്ചെന്നാണ് കേസ്.

We use cookies to give you the best possible experience. Learn more