| Sunday, 28th April 2019, 12:25 pm

സുരേഷ് കല്ലടക്ക് ക്ലീന്‍ ചിറ്റില്ല; പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും തൃക്കാക്കര എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടക്ക് ക്ലീന്‍ ചിറ്റില്ലെന്ന് തൃക്കാക്കര എ.സി.പി
സുരേഷ് കല്ലടക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുമെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസ്.പി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി അന്വേഷണങ്ങളൊക്കെ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി 168 ബസുകളില്‍ നടത്തിയ പരിശോധന നടത്തുകയും പെര്‍മിറ്റ് ലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നും 5,05,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 43 ട്രാവല്‍സ് ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ്.
കല്ലടയിലെ ഇരുപത് ബസുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കല്ലട ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയ ഇനത്തില്‍ 90,25,200 രൂപ നികുതിയിനത്തില്‍ അടക്കാനുണ്ട്.

അന്തര്‍ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കലുള്ള റോഡ് നികുതി 2014 ല്‍ വര്‍ധിപ്പിച്ചിരുന്നു.

നികുതി വര്‍ധിപ്പിച്ചതോടെ കല്ലട ബസുടമ സുരേഷ് കല്ലട കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി സുരേഷ് കല്ലടയുടെ ഹരജി തള്ളുകയും നികുതി അടക്കാന്‍ നിര്‍ദേശിക്കുകയാമായിരുന്നു. എന്നാല്‍ സുരേഷ് കല്ലട ഇത് പാലിച്ചിട്ടില്ല.

യാത്രക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ കല്ലട ബസ് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. കോഴിക്കോട് നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന കല്ലട ബസാണ് ബത്തേരിയില്‍ വെച്ച് തടഞ്ഞത്. ബത്തേരി സ്വദേശിയായ സച്ചിനെ കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more