| Sunday, 1st November 2026, 10:07 am

ഹൈക്കോടതി ഉത്തരവ് മറികടന്ന് കാലടി സർവ്വകലാശാല; വിദ്യാർത്ഥികൾ പരീക്ഷ എഴുതിക്കാതിരിക്കാൻ അപ്പീൽ നൽകാൻ നീക്കം

ശ്രീലക്ഷ്മി പി.പി

കാലടി: പ്രതിഷേധിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാൻ കടുത്ത നീക്കങ്ങളുമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസ്.

വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷനും ഫീസടക്കാനും അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർവ്വകലാശാലയുടെ നീക്കം. ചരിത്രത്തിലാദ്യമായാണ് സ്വന്തം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തടയാൻ ഒരു സർവ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത്.

നവംബർ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ, ഒക്ടോബർ 30-നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിദ്യാർത്ഥികൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 31-നകം എക്സാം രജിസ്ട്രേഷൻ പൂർത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങൾ സർവ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.

എന്നാൽ, ഉത്തരവ് നിലനിൽക്കെ രജിസ്ട്രേഷൻ പോർട്ടൽ തുറന്നുനൽകാൻ സർവ്വകലാശാല തയ്യാറായില്ല.
പരീക്ഷാ തീയതി കഴിഞ്ഞതിനാൽ പോർട്ടൽ വീണ്ടും തുറക്കാൻ വി.സിയുടെ അനുമതി വേണമെന്നാണ് രജിസ്ട്രാർ വ്യക്തമാക്കുന്നത്.

എന്നാൽ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നും അതിനുശേഷമേ പോർട്ടൽ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന നിലപാടിലുമാണ് വിസി. ഉത്തരവ് നടപ്പിലാക്കേണ്ട ഒന്നാം എതിർകക്ഷി രജിസ്ട്രാർ ആയിരുന്നിട്ടും കോടതിവിധി പാലിക്കാതെ വൈകിപ്പിക്കുന്നത് ബോധപൂർവ്വമായ കോടതിയലക്ഷ്യമാണെന്ന ആക്ഷേപം ശക്തമാണ്.

ഉത്തരവ് അട്ടിമറിച്ച സർവ്വകലാശാല നടപടിക്കെതിരെ സസ്പെൻഷനിലായ വിദ്യാർത്ഥികളിലൊരാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വി.സിക്കെതിരെ പ്രതീകാത്മക പ്രതിഷേധം നടത്തിയതിന്റെ പേരിൽ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്. കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് പോലും പരീക്ഷ എഴുതാൻ കോടതികൾ അനുമതി നൽകാറുള്ളപ്പോഴാണ്, രണ്ട് മാസത്തിലധികമായി വിദ്യാർത്ഥികളെ ക്യാമ്പസിന് പുറത്തുനിർത്തി പരീക്ഷാ അവസരം നിഷേധിക്കുന്നത് എന്ന വിമർശനം ആണ് ഉയരുന്നത്.

നീണ്ട സസ്പെൻഷൻ കാരണം വിദ്യാർത്ഥികൾക്ക് ഹാജർ നഷ്ടപ്പെടുകയും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു.

സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ വി.സിയെ കയ്യേറ്റം ചെയ്തതായി ആരോപണമില്ലായിരുന്നു. പിന്നീട് മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിച്ചു എന്ന തരത്തിൽ രണ്ടാമത് എഫ്.ഐ.ആർ വരികയാണുണ്ടായത്. എന്നാൽ വിസിയെ മർദ്ദിച്ചതിന് യാതൊരു തെളിവുമില്ലെന്ന് സർവ്വകലാശാലയിലെ അധ്യാപകർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ, അപ്പീലിന്റെ പേരുപറഞ്ഞ് പരീക്ഷാ രജിസ്ട്രേഷൻ തടഞ്ഞുവെക്കുന്ന സർവ്വകലാശാലയുടെയും വി.സിയുടെയും പ്രതികാര നടപടിക്കെതിരെ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight:Kalady University bypasses High Court order; moves to file an appeal to prevent students from taking exams.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more