| Monday, 1st June 2026, 8:34 pm

പിടിച്ച മീറ്ററീന്ന് ഒരിഞ്ച് മാറല്ലേ ട്ടാ... ദൃശ്യം 3യില്‍ താനില്ലെന്ന് പറയുന്ന ഷാജോണിന്റെ വീഡിയോക്ക് ട്രോള്‍

അമര്‍നാഥ് എം.

200 കോടി നേടിയ ശേഷം കളക്ഷനില്‍ ചെറുതായി ഡൗണായെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച ഹോള്‍ഡുമായി മുന്നേറുകയാണ് ദൃശ്യം 3. ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ വിജയമായി ദൃശ്യം 3 മാറുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായി മാറാനുള്ള സാധ്യതയും ദൃശ്യം 3ക്ക് ഉണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ട്വിസ്റ്റിനും സസ്‌പെന്‍സിനുമപ്പുറം കഥാപാത്രങ്ങളുടെ ഇമോഷണല്‍ സൈഡിനാണ് ജീത്തു ജോസഫ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. തിരക്കഥയില്‍ പലയിടത്തായി ലൂപ്‌ഹോളുകളുണ്ടെങ്കിലും മോഹന്‍ലാലിന്റെ പ്രകടനം ഒന്നുകൊണ്ട് മാത്രം ദൃശ്യം 3 ഗംഭീര സിനിമാനുഭവമായി മാറി. ഒട്ടും പ്രതീക്ഷിക്കാത്ത ചില സര്‍പ്രൈസുകളും ജീത്തു ദൃശ്യം 3യില്‍ ഒരുക്കിവെച്ചിട്ടുണ്ട്.

അത്തരത്തിലൊന്നായിരുന്നു സഹദേവന്റെ തിരിച്ചുവരവ്. ആദ്യഭാഗത്തില്‍ കൊടൂര വില്ലനിസം കാഴ്ചവെച്ച സഹദേവന്‍ രണ്ടാം ഭാഗത്തിലുണ്ടായിരുന്നില്ല. ദൃശ്യം 3യിലേക്ക് സഹദേവനെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. എന്നാല്‍ അത്രയും ഗംഭീരമായ കഥാപാത്രത്തിന് അര്‍ഹിച്ച സ്‌പേസല്ല സംവിധായകന്‍ നല്‍കിയത്. ഇപ്പോഴിതാ ദൃശ്യം 3യുടെ റിലീസിന് പിന്നാലെ കലാഭവന്‍ ഷാജോണിന്റെ മറ്റൊരു വീഡിയോ വൈറലായിരിക്കുകയാണ്.

ദൃശ്യം 3യുടെ റിലീസിന് മുമ്പ് ഒരു ഫങ്ഷന് പങ്കെടുക്കാനെത്തിയ ഷാജോണിനോട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദൃശ്യം 3യിലുണ്ടോ എന്ന് ചോദിക്കുന്നതും അതിന് ഷാജോണ്‍ നല്‍കിയ മറുപടിയുമാണ് വൈറലായത്. താന്‍ ദൃശ്യം 3യുടെ ഭാഗമല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ജീത്തു തന്നെ വിളിച്ചിട്ടില്ലെന്നും ഷാജോണ്‍ പറഞ്ഞു.

എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം ഈ വീഡിയോ ശ്രദ്ധ നേടി. ഷാജോണിനെ പരിഹസിച്ചുകൊണ്ട് ചില സര്‍ക്കാസം കമന്റുകള്‍ ആളുകളില്‍ ചിരിയുണര്‍ത്തി. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നാച്ചുറല്‍ പെര്‍ഫോമന്‍സെന്നാണ് പലരും ഈ വീഡിയോക്ക് താഴെ കമന്റ് പങ്കുവെക്കുന്നത്. രസകരമായ മറ്റ് കമന്റുകളും ചിരി പടര്‍ത്തുന്നുണ്ട്.

‘എന്റെ പൊന്നോ, എന്തൊരു അഫിനയം’ (അണ്ണന്‍ തമ്പിയിലെ സുരാജ് വെഞ്ഞാറമൂടിന്റെ ജിഫ് ഇമേജോടെയാണ് ഈ കമന്റ് പങ്കുവെച്ചത്), ‘ഇത് അങ്ങേരുടെ അഭിനയമാണെങ്കില്‍ പുള്ളി തിരിഞ്ഞ് നോക്കും’, ‘ദി റിയല്‍ കണ്‍വിന്‍സിങ് സ്റ്റാര്‍’, ‘അവര് തിരിച്ച് മറിച്ചും ചോദിക്കും, ഇല്ലെന്ന് മാത്രമേ പറയാവൂ’, ‘ഔ… പിടിച്ച മീറ്ററീന്ന് ഒരിഞ്ച് മാറല്ലെ ട്ടാ’, ‘ഇങ്ങനെ നുണ പറയല്ലേ, നാവ് ചീഞ്ഞ് പോകും’, ‘റിലീസ് ഡേറ്റ് പോലും അറിയാത്ത പഞ്ച പാവം’ എന്നിങ്ങനെയാണ് കമന്റുകള്‍.

ഹോളിവുഡ് താരം ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡുമായി ഷാജോണിനെ താരതമ്യം ചെയ്തുകൊണ്ടും ചിലര്‍ രംഗത്തെത്തി. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിന്റെ റിലീസിന് മുമ്പ് താരത്തോട് പലരും ഈ സിനിമയുടെ ഭാഗമാണോ എന്ന് ചോദിച്ചപ്പോള്‍ ഇത്തരത്തില്‍ ഒഴിഞ്ഞുമാറുകയായിരുന്നു ആന്‍ഡ്രൂ. ടോം ഹോളണ്ടിനും ടോബി മഗ്വയറിനുമൊപ്പും ആന്‍ഡ്രൂവും നോ വേ ഹോമിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ ഷാജോണും അത്തരത്തില്‍ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ്.

Content Highlight: Kalabhvan Shajohn’s video about Drishyam 3 getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more