മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച അതുല്യ കലാകാരനാണ് കലാഭവൻ ഷാജോൺ. വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
ശങ്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘എന്തിരൻ’-ന്റെ രണ്ടാം ഭാഗം ‘ശങ്കർസ് 2.0’-യിൽ കലാഭവൻ ഷാജോൺ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയത് എന്ന് തുറന്നു പറയുകയാണ് ഷാജോൺ. ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ തനിക്ക് ലഭിച്ച ആ വലിയ അവസരത്തെക്കുറിച്ച് സംസാരിച്ചത്.
കലാഭവൻ ഷാജോൺ.Photo;The News Minute
‘ശങ്കർസ് 2.0 എന്ന സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് വളരെ സന്തോഷം തന്ന കാര്യമായിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് എനിക്ക് അതിലേക്ക് വരാൻ വിളി വരുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ രണ്ട് മൂന്ന് മിസ്ഡ് കോളുകൾ ഉണ്ടായിരുന്നു. തിരിച്ചുവിളിച്ചപ്പോൾ ചെന്നൈയിൽ നിന്ന് ആരെങ്കിലും എന്നെ വിളിച്ചിരുന്നോ എന്ന് ചോദിച്ചു. ‘ആര്?’ എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ, ശങ്കർ സാറിന്റെ പടത്തിൽ ഞാൻ ഉണ്ട് എന്ന് അവർ പറഞ്ഞു. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി! എന്നാൽ ഇത് സത്യമാണോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടും, ശങ്കർ സാറിന്റെ ഓഫീസിൽ നിന്ന് നേരിട്ട് ആരും വിളിക്കാത്തതുകൊണ്ടും ഞാൻ അന്ന് ഈ വിഷയം വീട്ടിൽ പറഞ്ഞില്ല. ആരോ തമാശയ്ക്ക് വിളിച്ചതായിരിക്കും എന്നാണ് ഞാൻ കരുതിയത്.
എന്നാൽ അന്ന് വൈകുന്നേരം ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ ചെന്നൈയിലെ ഓഫീസിൽ നിന്ന് ഒരു കോൾ വന്നു. ‘ശങ്കർസ് 2.0’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ശങ്കർ സാർ ചോദിച്ചു എന്ന് അവർ പറഞ്ഞു. ‘തീർച്ചയായും താല്പര്യമുണ്ട്’ എന്ന് ഞാൻ മറുപടിയും നൽകി. അതിനുശേഷമാണ് ഞാൻ വീട്ടിൽപോലും ഈ വിവരം പറയുന്നത്.
ശങ്കർസ് 2.o.Photo;OnLookersmedia
പക്ഷേ, ആ സമയത്ത് ഞാൻ ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് ആവശ്യപ്പെട്ട തീയതികൾ എന്റെ യു.എസ്. പ്രോഗ്രാമുള്ള ദിവസങ്ങൾ ആയിരുന്നു. ഞാൻ ഇക്കാര്യം അവരോട് പറഞ്ഞപ്പോൾ എനിക്ക് വലിയ സങ്കടമായി. കാരണം ആദ്യമായിട്ടാണ് രജനി സാറിനെയും ശങ്കർ സാറിനെയും പോലെയുള്ള വലിയ പ്രതിഭകൾക്കൊപ്പം തമിഴിലെ ഇത്രയും വലിയൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.
തുടർന്ന് ഞാൻ അവരെ തിരിച്ചുവിളിച്ച്, ‘ഈ കഥാപാത്രം ഇല്ലെങ്കിലും വേറെ ഏതെങ്കിലും ഒരു ചെറിയ സീൻ ആണെങ്കിൽപോലും എന്നെ വിളിക്കണം, എനിക്ക് അത്രയും താല്പര്യമുണ്ട്’ എന്ന് പറഞ്ഞ് ഫോൺ വെച്ചു. ആ സമയം അവർ എന്നെ തിരിച്ചുവിളിച്ച് ‘സാരമില്ല, താങ്കൾ വന്നിട്ട് നമുക്ക് ഷൂട്ട് ചെയ്യാം’ എന്ന് ഉറപ്പുനൽകി. അങ്ങനെയാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നത്.
കലാഭവൻ ഷാജോൺ.Photo;X.com
ഇതിൽ ഏറ്റവും സന്തോഷം നൽകിയ മറ്റൊരു കാര്യം കൂടിയുണ്ട്. ഞാൻ പ്രോഗ്രാമിന് പോകുന്നതുകൊണ്ടാണ് ഡേറ്റ് പ്രശ്നമാകുന്നത് എന്ന് അറിഞ്ഞപ്പോൾ ശങ്കർ സാർ ആ കോൾ ചെയ്ത ലേഡിയോടു ചോദിച്ചു, ‘ഷാജോണിന് അഭിനയിക്കാൻ താല്പര്യമുണ്ടോ?’ എന്ന്. അവർ സാറിനോട് പറഞ്ഞു: ‘ഉണ്ട്, അദ്ദേഹം തിരിച്ചുവിളിച്ചിരുന്നു. ഒരൊറ്റ സീനാണെങ്കിൽ പോലും അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞു.’ ഇതുകേട്ട ശങ്കർ സാർ ‘എന്നാൽ ശരി, നമുക്ക് ഡേറ്റ് ഷിഫ്റ്റ് ചെയ്യാം’ എന്ന് തീരുമാനിക്കുകയായിരുന്നു.
അവിടെ ചെന്ന് അഭിനയിക്കുന്ന സമയത്താണ് അവിടുത്തെ അസോസിയേറ്റ് ഡയറക്ടറായ ഒരു മലയാളി എന്നോട് ഒരു കാര്യം പറയുന്നത് ശങ്കർ സാർ ഒരാളെ മനസിൽ കണ്ടുകഴിഞ്ഞാൽ പരമാവധി അവരെവെച്ചുതന്നെ ആ കഥാപാത്രം ചെയ്യിക്കാൻ ശ്രമിക്കും എന്ന്. ഞാൻ അന്ന് തിരിച്ചുവിളിച്ച ആ ഒരൊറ്റ കോൾ അങ്ങനെ വലിയൊരു ഭാഗ്യമായി മാറി,’ ഷാജോൺ പറഞ്ഞു.
Contdent Highlight:Kalabhavan Shajon was stunned to receive a role in Shankar’s 2.0.