മിമിക്രിയിലൂടെ അഭിനത്തിലേക്ക് കാലെടുത്ത് വെച്ച് ഒരുപാട് വര്‍ഷം ജൂനിയര്‍ ആര്‍ടിസ്റ്റായി മലയാള സിനിമയില്‍ തുടരുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്ത അഭിനേതാവാണ് കലാഭവന്‍ ഷാജോണ്‍. ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചിട്ടുണ്ടെങ്കിലും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രമായി താരം സീരിയസ് വേഷങ്ങളിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
കലാഭവന്‍ ഷാജോണ്‍. Photo: X.com
ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ജടായു സാബു. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് തിരക്കഥയില്‍ നാദിര്‍ഷാ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമര്‍ അക്ബര്‍ അന്തോണിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കഥാപാത്രമായിരുന്നു ജടായു സാബു. ചിത്രത്തില്‍ കുറഞ്ഞ ഭാഗത്ത് മാത്രമാണ് കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെങ്കിലും ഒരു ഫീല്‍ ഗുഡ് എക്‌സ്പീരിയന്‍സായിരുന്നു ജടായു സാബു സമ്മാനിച്ചത്.
അടുത്തിടെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ കഥാപാത്രത്തെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജടായു സാബു എന്ന കഥാപാത്രം ഒരു ലൈഫുള്ള കഥാപാത്രമാണെന്നും എന്നാല്‍ താന്‍ ആദ്യം ചെയ്യാനിരുന്നത് ചിത്രത്തില്‍ സാജു നവോദയ അവതരിപ്പിച്ച ദുരന്തന്‍ എന്ന കഥാപാത്രമായിരുന്നു എന്നും പറയുകയാണ് താരം.
‘ സത്യത്തില്‍ ചിത്രത്തില്‍ എനിക്ക് വേണ്ടി ആദ്യം വെച്ചിരുന്നത് സാജു നവോദയ അവതരിപ്പിച്ച ദുരന്തന്‍ എന്ന കഥാപാത്രായിരുന്നു. അതിന് വേണ്ടിയാണ് ആദ്യം എന്നോട് ആ കഥ പറയുന്നത്. പക്ഷേ അതിനിടയില്‍ മറ്റ് കഥാപാത്രങ്ങളെല്ലാം വന്ന് നമ്മുടെ ഇമേജെല്ലാം മാറിയപ്പോഴാണ് ചേട്ടാ നമുക്ക് മറ്റേത് പിടിച്ചാലോ എന്ന് ചോദ്യം വരുന്നത്. ഞാന്‍ പറഞ്ഞു അത് ഉഗ്രന്‍ ക്യാരക്ടറാണല്ലോ അത് ചെയ്യാം എന്ന്.
അമര്‍ അക്ബര്‍ അന്തോണി. Photo: Instagram.com
പാഷാണം (സാജു നവോദയ) ആണെങ്കിലും ആ സമയത്ത് കുറച്ച് ഹ്യൂമര്‍ പരിപാടികളെല്ലാം ചെയ്ത് ശ്രദ്ധിക്കപ്പെട്ട സമയമായിരുന്നു. വളരെ കുറച്ച് സീനില്‍ മാത്രമേ ഉള്ളൂ എങ്കിലും നല്ല ലൈഫുള്ള ക്യാരക്ടറാണ് ജടായു സാബു. എന്നെക്കൊണ്ട് നന്നായി ചെയ്യാന്‍ പറ്റിയാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ക്യാരക്ടറാകുമെന്ന് അറിയാമായിരുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan shajon talks about his role in Amar Akbar Anthony