| Wednesday, 22nd July 2026, 5:18 pm

നാളെ നമുക്ക് സിനിമ ഇല്ലാതായാൽ ഇന്ന് നമ്മുടെ തോളിൽ കയ്യിടുന്നവർ കൂടെ കാണില്ല: കലാഭവൻ ഷാജോൺ

കെ.എസ് ഷാബിന

മലയാള സിനിമയിൽ അഭിനയമികവ് തെളിയിച്ച അതുല്യ കലാകാരനാണ് കലാഭവൻ ഷാജോൺ. വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും, കുടുംബത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഷാജോൺ. ദി ക്യൂ വിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ സിനിമ പ്ലാൻ ചെയ്ത് വന്ന ആളല്ലാത്തതുകൊണ്ടുതന്നെ ഒന്നിനെയും ഓർത്ത് സങ്കടമില്ല. നമ്മൾ ഒരു കാര്യം പ്ലാൻ ചെയ്തിട്ട് അവിടെ എത്തിയില്ലെങ്കിലാണ് സങ്കടം വരുക. ഞാൻ അങ്ങനെ ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ല, ഒഴുക്കിനൊപ്പം പോവുക മാത്രമാണ് ചെയ്തത്.

കലാഭവൻ ഷാജോൺ.Photo;ETV Bharat

ഞാൻ കലാഭവനിൽ വന്നു; അവിടെ നിന്നാണ് ‘മൈ ഡിയർ കരടി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്. അന്ന് സിനിമയിലുണ്ടായിരുന്ന ഉദയേട്ടൻ, സുധിച്ചേട്ടൻ, തോമസ് ഡയറക്ടർ എന്നിവരെയൊക്കെ പരിചയപ്പെട്ടു. പിന്നെ അവർ ഏത് സിനിമ എടുത്താലും പൊലീസിൻറെ റോൾ ഉണ്ടെങ്കിൽ ‘അത് ഷാജോൺ’ എന്ന് എഴുതിവെക്കാൻ തുടങ്ങി. മറ്റന്നാൾ ഷൂട്ട് ഉണ്ടെന്ന് പറയുമ്പോൾ ഞാൻ അങ്ങ് പോകും. അതിൽ ഡയലോഗ് ഉണ്ടോ, എത്ര പണം കിട്ടും, എത്ര സീനുണ്ട് എന്നൊന്നും നോക്കാറില്ല. ‘സിനിമയിൽ എവിടെയൊക്കെയോ ഉണ്ട്’ എന്ന് മാത്രം കരുതും.

അങ്ങനെ പോകുമ്പോഴാണ് കമൽ സാറിന്റെ ‘നമ്മൾ’ എന്ന സിനിമ വരുന്നത്. അതിൽ ‘പുലി ഗോപാൽ’ എന്ന കഥാപാത്രമാണ് ചെയ്തത്. അവിടെ നിന്നാണ് നല്ലൊരു ഓപ്പണിംഗ് കിട്ടുന്നത്. അന്നു മുതലാണ് ‘തിളക്കം’ പോലെയുള്ള അത്യാവശ്യം നല്ല സിനിമകൾ ചെയ്യുന്നത്. എല്ലാവർക്കും നമ്മളെ പരിചയമുണ്ടെങ്കിലും വേറൊരു രീതിയിൽ ട്രൈ ചെയ്യാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല.

കലാഭവൻ ഷാജോൺ കുടുംബം.Photo; Instagram

അങ്ങനെയിരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ ‘മൈ ബോസ്’ ലഭിക്കുന്നത്; നല്ല ജീവനുള്ള ഒരു കഥാപാത്രമായിരുന്നു അത്. അതിന്റെ അടുത്ത വർഷമായിരുന്നു ‘ദൃശ്യം’ വരുന്നത്. അങ്ങനെയാണ് എല്ലാം സംഭവിക്കുന്നത്. അല്ലാതെ ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ‘ഇന്ന വർഷം നടനാവണം, ഇത്ര സിനിമ ചെയ്യണം’ എന്നൊക്കെ വിചാരിക്കുമ്പോഴാണ് നിരാശ വരുന്നത്. എനിക്ക് അങ്ങനെ ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു. കാരണം, അന്ന് ഇഷ്ടംപോലെ സ്റ്റേജ് പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു.

നമ്മൾ ഒരു കാര്യം പ്ലാൻ ചെയ്തിട്ട് അത് നേടാൻ കഴിയാതെ പോകുമ്പോൾ തകർന്നുപോകും. നമ്മുടെ പ്രതീക്ഷകൾക്കൊപ്പം കാര്യങ്ങൾ സംഭവിക്കണമെന്നില്ല. സിനിമകൾ വരും; ചിലപ്പോൾ പൊട്ടും, ചിലപ്പോൾ നന്നാവും. നമ്മൾ ചെയ്യേണ്ടത് നമ്മുടെ ജോലി ഭംഗിയായി ചെയ്യുക എന്നതാണ്. നന്നായി അഭിനയിക്കുക, കിട്ടുന്ന പണം വാങ്ങി കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുക. ഒടുവിൽ കൂടെയുണ്ടാവുന്നത് കുടുംബം മാത്രമാണ്; ആ കുടുംബത്തെ നമ്മൾ നന്നായി നോക്കുക.

ബാക്കിയെല്ലാം പുറത്താണ്. നാളെ നമുക്ക് സിനിമ കുറഞ്ഞാൽ ഇന്ന് തോളിൽ കയ്യിടാൻ വരുന്നവരോ, നമ്മളെ വണ്ടിയിൽ കൊണ്ടുപോകുന്നവരോ, ഫങ്ഷന് വിളിക്കുന്നവരോ ഒന്നും കൂടെ കാണില്ല. അന്ന് നമ്മുടെ ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് അവരുടെ കൂടെ പരമാവധി സമയം ചിലവഴിക്കുക; ബാക്കിയെല്ലാം വെറും ജോലിയാണ്’,ഷാജോൺ പറയുന്നു.

Content Highlight:Kalabhavan shajon talks about his film journey

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more