വില്ലനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകര്‍ക്ക് പകരം വെക്കാനില്ലാത്ത നായകനടനായി മാറിയ അഭിനേതാവാണ് മോഹന്‍ലാല്‍. നാലരപതിറ്റാണ്ടിലധികമായി നീളുന്ന അഭിനയജീവിതത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത വിധത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ക്കാണ് മോഹന്‍ലാല്‍ ജീവന്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയുമാണ്.
താരം മുണ്ട് മടക്കി കുത്തി ഇടി തുടങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം മലയാളികള്‍ക്കിടയില്‍ പ്രായഭേദമില്ലാതെ വലിയ ഫാന്‍ ബേസുണ്ട്. ദേവാസുരം മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച തുടരും വരെ ഈ ഇഷ്ടത്തിന് യാതൊരു കുറവും മലയാളികള്‍ക്കിടിയില്‍ വന്നിട്ടില്ല. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തുടരുമിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. തിയേറ്ററുകളെ ഇളക്കി മറിച്ച സീനിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ കാഴ്ചവെച്ചത്.
തുടരും. Photo: Mid day
ഇപ്പോഴിതാ താരവുമൊത്ത് ഫൈറ്റ് സീനില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൊലീസ് സ്റ്റേഷന്‍ ഫൈറ്റില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷാജോണ്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കലാഭവന്‍ ഷാജോണ്‍. Photo: X.com
‘ആക്ഷന്‍ ചെയ്യുമ്പോള്‍ എപ്പോഴും നമുക്ക് ഒരു ടെന്‍ഷനുണ്ടാകും. പക്ഷേ ലാലേട്ടന്റെ കൂടെ ചെയ്യുമ്പോള്‍ നമുക്ക് ആ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. കാരണം നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് നമുക്ക് തന്നെ അറിയാം. ഫൈറ്റിനിടയില്‍ അടി കൊണ്ട് ഏറ്റവും കംഫര്‍ട്ട് ആയി എവിടെയാണ് വീഴേണ്ടതെന്ന് ലാലേട്ടന്‍ തന്നെ കാണിച്ച് തരും. ഇവിടെ നിന്ന് എത്ര ദൂരം വരെ പോയി വീഴാം, എവിടെ പോയി നിന്നാല്‍ നിന്റെ ദേഹത്ത് ഇടി കൊള്ളില്ല എന്നെല്ലാം അദ്ദേഹം പറഞ്ഞ് തരും. നമ്മള്‍ അതുപോലെ ചെയ്താല്‍ മാത്രം മതി.
തുടരുമിലെ സ്‌റ്റേഷന്‍ ഫൈറ്റ് കാണുമ്പോള്‍ ലാലേട്ടന്‍ ഒരാളുടെ ദേഹത്ത് പോലും കൈ വെക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ എന്തൊരു ഇംപാക്ടാണ് അദ്ദേഹം അവിടെ ഉണ്ടാക്കി എടുക്കുന്നത്. വേറെ ചില ആള്‍ക്കാരുടെ കൂടെ അഭിനയിക്കുമ്പോഴാണ് ഇവരുടെയെല്ലാം എക്‌സ്പീരിയന്‍സ് നമുക്ക് മനസിലാവുന്നത്.
തുടരും. Photo: Behance
മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒരു എക്‌സ്പീരീയിയന്‍സും അതാണ്. എത്രവേണമെന്നും ഇത്ര ചെയ്താല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ കറക്ടായിരിക്കുമെന്നും അവര്‍ക്കറിയാം. ഫൈറ്റ് സീന്‍ എത്ര ലേറ്റായാലും എത്ര ലെങ്തി ആയാലും ലാലേട്ടന്‍ റെഡിയായിട്ടാണ് ലൊക്കേഷനില്‍ നില്‍ക്കുക. അത് കാണുമ്പോള്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരും ഹാപ്പിയാണ്. എന്ത് കൊടുത്താലും ചെയ്യാന്‍ റെഡിയായിട്ട് അങ്ങനെ ഒരാള്‍ നില്‍ക്കുമ്പോള്‍ അവരും കൂടുതല്‍ ശ്രമിക്കും,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon talks about his experience with Mohanlal in action scenes