| Tuesday, 23rd June 2026, 10:55 pm

വാസു അണ്ണനോട് തോന്നിയ അതേ പേടി സഹദേവനോടും തോന്നണമായിരുന്നു, അതിനാണ് കണ്ണ് ചുവപ്പിച്ചത്: കലാഭവന്‍ ഷാജോണ്‍

അശ്വിന്‍ രാജേന്ദ്രന്‍

2013ല്‍ പുറത്തിറങ്ങി ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3. ഒരു കൊലപാതകത്തെയും അതില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയെന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ചരിത്ര വിജയമായിരുന്നു പ്രേക്ഷകര്‍ സമ്മാനിച്ചത്.

240 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയ ചിത്രം പ്രൈം വീഡിയോ വഴി കഴിഞ്ഞയാഴ്ച്ച ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ ചിത്രത്തെ ട്രോളുകള്‍ കൊണ്ട് മൂടുന്ന കാഴ്ച്ചയ്ക്കായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സാക്ഷ്യം വഹിച്ചത്.

ദൃശ്യം 3. Photo: District

ചിത്രത്തിലെ പല രംഗങ്ങളും കഥാപാത്രങ്ങളും തിരക്കഥയിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മൂന്നാം ഭാഗത്തിലേക്ക് തിരിച്ചെത്തിയ ഷാജോണ്‍ കഥാപാത്രം സഹദേവനും മകളായി വേഷമിട്ട വീണ നന്ദകുമാറിന്റെ കഥാപാത്രവുമാണ് പ്രധാന ഇരകള്‍. ഇതില്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ കണ്ണിന് ചുവപ്പ് കൂടിയതുമായി ബന്ധപ്പെട്ട് വലിയ ട്രോളുകളായിരുന്നു പേജുകളില്‍ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ഷോസ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ജീത്തു ഭായി ആദ്യം പറഞ്ഞ റെഫറന്‍സ് കുഞ്ഞിക്കൂനന്‍ സിനിമയിലെ സായി കുമാര്‍ ചേട്ടന്റെ ക്യാരക്ടര്‍ വെച്ചിട്ടാണ്. അതില്‍ സായിചേട്ടന്‍ ലോറിയില്‍ വന്ന് ഇറങ്ങുമ്പോള്‍ നമുക്ക് ഒരു പേടിയുണ്ട്, ഇയാള്‍ എന്താണ് എല്ലാവരെയും ചെയ്യാന്‍ പോകുന്നതെന്ന്. ആ സെയിം പേടി ഇന്റര്‍വെല്‍ സമയത്ത് ഈ സഹദേവനെ കാണിക്കുമ്പോള്‍ ഉണ്ടാകണം.

ദൃശ്യം. Photo: X.com

നമ്മള്‍ ആദ്യഭാഗത്തില്‍ കണ്ട സഹദേവന്‍ അത്യാവിശ്യം തട്ടിപ്പും വെട്ടിപ്പുമെല്ലാം ഉള്ള പൊലീസുകാരനായിരുന്നു എന്നാലും അയാളുടെ ഭാഗത്തായിരുന്നു സത്യം. പക്ഷേ മൂന്നാം ഭാഗത്തില്‍ ഇയാളെ കാണിക്കുമ്പോള്‍ ഇയാള്‍ ആ കുടുംബത്തെ ടോര്‍ച്ചര്‍ ചെയ്യുമെന്ന തോന്നല്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ വേണം. അങ്ങനെ ജീത്തു ഭായി ആണ് പറഞ്ഞത് നമുക്ക് കണ്ണ് കുറച്ച് റെഡ് ആക്കാം എന്ന്. ചുണ്ടപ്പൂ എന്ന് പറയുന്ന ഒരു പൂവാണ് ഇതിനായി ഉപയോഗിച്ചത്. ഇതിന്റെ പ്രശ്‌നം ഈ റെഡ്‌നെസ് കൂടിക്കഴിഞ്ഞാല്‍ ഇത് പെട്ടെന്ന് നമുക്ക് കുറക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളില്‍ ചുവപ്പ് കൂടിപ്പോയത്,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: kalabhavan Shajon talks about his character in Drishyam 3   Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more