| Thursday, 25th June 2026, 9:55 pm

സഹദേവന്‍ അത്ര പെട്ടെന്ന് തോല്‍ക്കാന്‍ പാടില്ലെന്ന് തോന്നി, അതിന് ജീത്തു ഭായി നല്‍കിയ മറപടി അതാണ്: കലാഭവന്‍ ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2013ല്‍ പുറത്തിറങ്ങി ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3. ഒരു കൊലപാതകത്തെയും അതില്‍ നിന്നും തന്റെ കുടുംബത്തെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയെന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ചരിത്ര വിജയമായിരുന്നു പ്രേക്ഷകര്‍ സമ്മാനിച്ചത്.

240 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയ ചിത്രം പ്രൈം വീഡിയോ വഴി കഴിഞ്ഞയാഴ്ച്ച ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയ ചിത്രത്തെ ട്രോളുകള്‍ കൊണ്ട് മൂടുന്ന കാഴ്ച്ചയ്ക്കായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സാക്ഷ്യം വഹിച്ചത്.

കലാഭവന്‍ ഷാജോണ്‍. Photo: X.com

ഇതില്‍ പ്രധാനമായും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവനായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന കഥാപാത്രം വീണ്ടും മൂന്നാം ഭാഗത്തില്‍ തിരിച്ചെത്തിയെങ്കിലും ട്രോളുകള്‍ക്ക് ഇരയാകുകയായിരുന്നു. അതീവ രഹസ്യമായി സംവിധായകന്‍ കൊണ്ടുവന്ന കഥാപാത്രത്തിന് ചിത്രത്തില്‍ വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ തനിക്ക് കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് കലാഭവന്‍ ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു ആക്ടര്‍ എന്ന നിലയില്‍ എന്റെ മനസില്‍ ഒരു ഫൈറ്റെല്ലാം വേണമായിരുന്നു, ഇങ്ങനെയുള്ള ഒരു ക്യാരക്ടര്‍ ഇത്ര പെട്ടെന്ന് തോല്‍ക്കാന്‍ പാടില്ല എന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു. പക്ഷേ ജീത്തു ഭായി ആയിട്ട് ഞാനത് ചര്‍ച്ച ചെയ്തില്ല. കാരണം അദ്ദേഹം ഒരു സാധനം എഴുതി വെച്ചതാണല്ലോ, അതിന്റെ അപ്പുറത്തേക്ക് നമ്മള്‍ എന്ത് ചോദിക്കാനാണ്. പക്ഷേ ഇത്രയും ട്രോളുകള്‍ വന്നതിന് ശേഷം ഞാന്‍ ജീത്തു ഭായിയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.

എത്ര വലിയ ക്രിമിനലായാലും അയാളുടെ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞാല്‍ കാലില്‍ വീണ് അയാള്‍ മാപ്പ് പറയും എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമയില്‍ അത് വന്നത് കൊണ്ടായിരിക്കാം ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട്. ഞാന്‍ ആലോചിച്ചപ്പോള്‍ ശരിയാണ്. പത്ത് പേര്‍ കൂടെയുള്ളപ്പോള്‍ ഒരു ഗുണ്ടക്കുള്ള ധൈര്യമായിരിക്കില്ല അയാള്‍ ഒറ്റക്കുള്ളപ്പോള്‍.

ദൃശ്യം 3. Photo: X.com

ഞാന്‍ ന്യായീകരിച്ച് മെഴുകുകയാണെന്നുള്ള രീതിയില്‍ കാണരുത്. ഒരു തിരക്കഥാകൃത്ത് എന്ന രീതിയില്‍ അദ്ദേഹം അങ്ങനെയായിരിക്കും ആലോചിച്ചത്. ജോര്‍ജ്കുട്ടിയെ തുടര്‍ച്ചയായി ഉപദ്രവിച്ച് കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നൊരു സാഹചര്യത്തില്‍ ജോര്‍ജ്കുട്ടി തിരിച്ച് ഒരു കത്തിയുമായി ഇയാളുടെ മുന്നില്‍ വരുമ്പോള്‍ ഇയാള്‍ക്ക് ജീവനില്‍ കൊതിയുണ്ടാകില്ലേ. അങ്ങനെ സഹദേവന്‍ പല കാര്യങ്ങളും പറഞ്ഞതായിരിക്കാം. അല്ലെങ്കില്‍ ദൃശ്യം 4ലോ അഞ്ചിലോ അതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയേക്കാം,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: kalabhavan shajon talks about his character in Drishyam 3 and jeethu joseph’s view point

Latest Stories

We use cookies to give you the best possible experience. Learn more