മലയാള സിനിമയിൽ അഭിനയമികവ് തെളിയിച്ച അതുല്യ കലാകാരനാണ് കലാഭവൻ ഷാജോൺ. വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹം ‘ദൃശ്യം’ സിനിമയിലെ സഹദേവൻ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ
ദൃശ്യത്തിന് ശേഷം പൊലീസ് വേഷം ചെയ്യുമ്പോൾ ദൃശ്യത്തിലെ സഹദേവന്റെ മാനറിസങ്ങൾ വരാറുണ്ടെന്ന് തുറന്നു പറയുകയാണ് ഷാജോൺ. ദി ക്യൂ വിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ട് ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന കാലത്ത് എനിക്ക് പ്രിപറേഷൻ ഒന്നും ചെയ്യേണ്ടി വന്നിരുന്നില്ല. ലൊക്കേഷനിൽ ചെല്ലുന്നു, ഡയറക്ടർ എന്താണോ ചെയ്യാൻ പറയുന്നത് അത് ചെയ്ത് മടങ്ങുന്നു, അത്രമാത്രം.
കലാഭവൻ ഷാജോൺ.Photo;ETVBharat
എന്നാൽ ഇപ്പോൾ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ, പ്രത്യേകിച്ച് ചില പ്രത്യേക രംഗങ്ങളിൽ, മുമ്പ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യം തോന്നിയേക്കാം. ഉദാഹരണത്തിന്, ഞാൻ ഇപ്പോൾ ഒരു പൊലീസ് വേഷം ചെയ്യുകയാണെന്ന് കരുതു. അതിൽ ആരെയെങ്കിലും തല്ലുന്ന ഒരു സീനാണെങ്കിൽ സ്വാഭാവികമായും ദൃശ്യത്തിലെ സഹദേവൻ കടന്നുവരാൻ സാധ്യതയുണ്ട്.
അത് വരാതിരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കും. പക്ഷെ ചില സമയത്ത് നമുക്കത് കൺട്രോൾ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. കാരണം എന്തൊക്കെ പറഞ്ഞാലും നമുക്കെന്ന് പറയുന്ന ഒരു ബോഡി ലാംഗ്വേജും ഡയലോഗ് ഡെലിവറിയും ഉണ്ടല്ലോ. എത്ര ശ്രമിച്ചാലും അതൊക്കെ അങ്ങനെ തന്നെ വന്നേക്കാം; എങ്കിലും സാമ്യത വരാതിരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കാറുണ്ട്.
കലാഭവൻ ഷാജോൺ.Photo;Dool Archive
സത്യത്തിൽ ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയിക്കുന്ന ഒരാളല്ല. ഒരുപക്ഷേ ആക്ടിംഗിനെ കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടാവാം അത്. അഭിനയം നന്നായി പഠിച്ചവർക്ക് അങ്ങനെ മുൻകൂട്ടി തയ്യാറെടുത്ത് ചെയ്യാൻ സാധിച്ചേക്കും. നമ്മൾ അഭിനയം പഠിച്ചിട്ടോ പേടിച്ചിട്ടോ ഈ രംഗത്തേക്ക് വന്ന ആളല്ല. ഒരു സംവിധായകൻ നമ്മളോട് എന്താണോ ആവശ്യപ്പെടുന്നത്, അത് നമ്മുടെ മാക്സിമം നന്നായി ചെയ്യാൻ ശ്രമിക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്.
ഒരു സീൻ ചെയ്യുമ്പോൾ മുൻപ് ചെയ്ത കാര്യങ്ങളൊന്നും ഞാൻ ഓർക്കാറില്ല. തികച്ചും ഫ്രഷ് ആയാണ് ഓരോ രംഗവും സമീപിക്കുന്നത്. ഡയലോഗ് എങ്ങനെ പറയണം എന്ന് തീർച്ചയായും പ്ലാൻ ചെയ്യാറുണ്ട്. എവിടെയെങ്കിലും ചെറിയൊരു പോസ് വേണമെന്നോ, ആദ്യത്തെ വരി കുറച്ച് ഉയർന്ന ശബ്ദത്തിൽ പറഞ്ഞാലോ എന്നൊക്കെ സംവിധായകനോട് ചോദിച്ച് ചില മാറ്റങ്ങൾ വരുത്താറുണ്ട് എന്നതൊഴിച്ചാൽ, ‘ഈ എക്സ്പ്രഷൻ തന്നെ ഇടണം’ എന്നൊന്നും ഞാൻ പ്ലാൻ ചെയ്യാറില്ല. അങ്ങനെ ചെയ്ത് ശീലമുള്ള ഒരു നടനല്ലാത്തതുകൊണ്ടാവാം അത്. മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്യുന്ന ഒട്ടേറെ നടന്മാരുണ്ട്, പക്ഷേ എനിക്കത് ഇതുവരെ പറ്റിയിട്ടില്ല. ആ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് മനസിൽ എന്താണോ വരുന്നത്, അതങ്ങ് ചെയ്യുക എന്നതാണ് എന്റെ രീതി,’ കലഭവൻ ഷാജോൺ പറയുന്നു.
Content Highlight: Kalabhavan Shajon admits it’s hard to avoid Sahadevan’s mannerisms whenever he plays a police role again