| Monday, 29th June 2026, 1:50 pm

ദൃശ്യം 1 ലെ ആ റിയാക്ഷൻ ഷൂട്ട് ചെയുമ്പോൾ മുന്നിൽ ഒരു കൈ മാത്രമേ ഉണ്ടായിരുന്നുള്ളു: കലാഭവൻ ഷാജോൺ

നന്ദന. ടി

മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തി പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് കലാഭവൻ ഷാജോൺ. വർഷങ്ങളോളം കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രത്തിലെ കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രമാണ് ഷാജോണിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ദൃശ്യം 2 തീയേറ്ററുകളിൽ എത്തിയപ്പോൾ സിനിമയിൽ സഹദേവൻ ഇല്ലായിരുന്നു . അതുകൊണ്ട് തന്നെ ദൃശ്യം 3 ലെ സഹദേവന്റെ തിരിച്ചു വരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു.

കലാഭവൻ ഷാജോൺ.photo.x

ഇപ്പോൾ ദൃശ്യം 1 ലെ ഒരു പ്രധാന സീനിന്റെ ചിത്രീകരണത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ഷോ സ്പേസ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംസാരിക്കുകയായിരുന്നു താരം.

‘ദൃശ്യം 1 ‘ൽ ചായക്കടയിൽ ഇരിക്കുമ്പോൾ കണ്ണാടിയിലൂടെ ലാലേട്ടനെ നോക്കി ഡയലോഗ് പറയുന്ന ഒരു രംഗമുണ്ട്. ആ സീനിന് നാലോ അഞ്ചോ ടേക്കുകൾ പോയിരുന്നു. ആ രംഗത്തിൽ എന്റെ മുഖത്ത് വരുന്ന ഓരോ ഭാവവും ജീത്തു സാർ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്. നമ്മളെക്കൊണ്ട് അത്തരത്തിൽ ഒരു പ്രകടനം പുറത്തെടുപ്പിക്കുന്നതാണ് യഥാർത്ഥ മാസ്റ്റർ ക്രാഫ്റ്റിങ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടന്റെ മനസിലേക്ക്
എന്താണ് വേണ്ടതെന്ന് സംവിധായകൻ കൃത്യമായി എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ആ പ്രത്യേക ഷോട്ട് ഒരു നടന് അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ഇന്നും ആ രംഗം ആളുകൾ റീലുകളായും മറ്റും പങ്കുവെക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്.

ആ ഷോട്ടിൽ ജീത്തു സാർ പറഞ്ഞത് കണ്ണാടിയിലേക്ക് നോക്കിയാണ് അഭിനയിക്കേണ്ടത് എന്നായിരുന്നു. യഥാർത്ഥത്തിൽ ആ സമയത്ത് അവിടെ ലാലേട്ടൻ ഉണ്ടായിരുന്നില്ല. കൂടാതെ കണ്ണാടിക്ക് പകരം ഒരാളുടെ കൈ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിൽ ലാലേട്ടന്റെ റിഫ്ലക്ഷൻ ഉണ്ടെന്നു സങ്കൽപ്പിച്ച് അഭിനയിക്കാൻ ആണ് പറഞ്ഞത് .

അതുപോലെ ആ രംഗത്തിൽ സഹദേവന്റെ മനോനിലയും അദ്ദേഹം വിശദമായി പറഞ്ഞുതന്നു. ജോർജ്‌ കുട്ടിയോട് അത്രയും ദേഷ്യമുണ്ട്. പക്ഷേ അത് തെളിയിക്കാൻ തെളിവില്ല. ആ സാഹചര്യത്തിൽ ജോർജ്‌ കുട്ടിയുടെ മുഖത്ത് നിന്ന് കിട്ടുന്ന ഭാവമാണ് സഹദേവന് ലഭിക്കുന്ന ഏക സൂചന. അതുകൊണ്ട് തന്നെ ‘ഇനി നിന്നെ കാണിച്ചു തരാം’ എന്നൊരു വെല്ലുവിളിയും, സന്തോഷവും, ദേഷ്യവും എല്ലാം ഒരുമിച്ച് മുഖത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു.

അഭിനയം എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സെറ്റിൽ എത്തിയ ശേഷമാണ് പലപ്പോഴും ഒരു സീനിന്റെ സാഹചര്യം സംവിധായകൻ പറഞ്ഞുതരുന്നത്. അതുകൊണ്ട് എല്ലാം തയാറായി വന്നാലും അതേപോലെ ചെയ്യാൻ സാധിക്കണമെന്നില്ല. സംവിധായകൻ എന്താണ് മനസ്സിൽ കണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കി അതിനനുസരിച്ച് മാറാൻ കഴിയണം. ചില സംവിധായകർ ചെറിയ മാറ്റങ്ങൾ നിർദേശിക്കും, അങ്ങനെയുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഒരു നല്ല രംഗം ഉണ്ടാകുന്നത്. അത് ഒരു നടന്റെ മാത്രം കഴിവല്ല,’ കലാഭവൻ ഷാജോൺ പറഞ്ഞു.

ദൃശ്യം 1.photo.screen grab/cinema chaat

Content Highlight: kalabhavan shajohn talks about  a memorable scene from Drishyam 1
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more