| Thursday, 5th March 2026, 8:51 am

ജയിക്കാന്‍ ആറ് ബോളില്‍ 124, തിരിച്ചാണെങ്കിലും നമ്മള്‍ പാടുപെടും മോനെ എന്ന് മറുപടി ; ലാലേട്ടന്റെ തഗിനെക്കുറിച്ച് കലാഭവന്‍ പ്രജോദ്

അശ്വിന്‍ രാജേന്ദ്രന്‍

ഒരു സിനിമാ നടനെന്നതിലുപരി ഒരു കുടുംബാംഗമെന്നോണം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ അഭിനേതാവാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരത്തിരിക്കുന്ന താരം ഇന്നും പ്രായഭേദമന്യേ എല്ലാ തലമുറകളുടെയും ആവേശമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നായക നടനാണ്.

CCL. Photo: Black Ticket WordPres

തന്റെ അഭിനയമികവിന് പേരുകേട്ട മോഹന്‍ലാല്‍ വെള്ളിത്തിരക്ക് പുറമെ തന്റെ നൃത്തച്ചുവടുകളിലെയും കായികരംഗത്തെയും മെയ് വഴക്കം കൊണ്ട് ശ്രദ്ധേയനാണ്. ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായി 2012-13 സീസണില്‍ താരം പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. ഒരോവറില്‍ നാല് വൈഡുകള്‍ എറിഞ്ഞതിന് മോഹന്‍ലാലിനെതിരെ ട്രോളുകള്‍ ഉയര്‍ന്നെങ്കിലും തന്റെ അന്‍പതുകളില്‍ ഇത്തരത്തിലൊരു മത്സരത്തില്‍ പങ്കെടുത്തതിന് താരത്തിന് കൈയടികളും ലഭിച്ചിരുന്നു. ഇന്ത്യയിലെ മറ്റൊരു സൂപ്പര്‍താരവും മോഹന്‍ലാല്‍ കാണിച്ചതുപോലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചില്ലെന്നതാണ് പലര്‍ക്കും താരത്തോടുള്ള മതിപ്പ് വര്‍ധിപ്പിച്ചത്.

ഇപ്പോഴിതാ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മോഹന്‍ലാലിനൊപ്പമുള്ള രസകരമായ ഓര്‍മ പങ്കുവെക്കുന്ന സിനിമാതാരം കലാഭവന്‍ പ്രജോദിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും മലയാളി താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിനു വേണ്ടി ബാറ്റ് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് പ്രജോദ് സംസാരിച്ചത്.

‘സി.സി.എല്ലില്‍ നമ്മള്‍ സെക്കന്റ് ബാറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഓരോ വിക്കറ്റുകളായി ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞ് അവസാനം ഞാനും ലാലേട്ടനുമാണ് ക്രീസിലുള്ളത്. ജയിക്കാന്‍ ആറ് ബോളില്‍ 126 റണ്‍സ് വേണം. ആരോ ഇതിനിടക്ക് ഡഗ്ഔട്ടിലുള്ള നിഖിലിന്റെയടുത്ത് നമുക്ക് റണ്‍റേറ്റ് വേണം അടിക്കാന്‍ പറ എന്ന പറഞ്ഞ് വെള്ളവും കൊടുത്ത് വിട്ടു.

ലീഗില്‍ പന്തെറിയുന്ന മോഹന്‍ലാല്‍. Photo: Filmibeat

നിഖില്‍ ഇതിന്റെയിടക്ക് റിലേ പോയിട്ട് വെള്ളവുമായി ഓടി വന്നിട്ട് പറഞ്ഞു പ്രജോദ്, ലാലേട്ടാ എന്താ നിങ്ങള്‍ കാണിക്കുന്നത്, അടിക്ക് നമുക്ക് ജയിക്കണ്ടേ എന്നൊക്കെ. അപ്പോള്‍ ലാലേട്ടെനെന്നോട് ചോദിച്ചത് മോനേ ഇവനെന്തേലും കുഴപ്പമുണ്ടോ, ഈ ആറ് ബോളില്‍ നമ്മളെങ്ങനെ ഇത്രയും റണ്‍സെടുക്കും എന്നാണ്. ഞാനും തിരിച്ച് പറഞ്ഞു ശരിയാണ് ലാലേട്ടാ നമ്മള്‍ പാടുപെടും,’ പ്രജോദ് പറയുന്നു.

ഇത് കേട്ട് ചിരിച്ചുകൊണ്ട് 124 പന്തില്‍ നിന്ന് ആറ് റണ്‍സാണ് എടുക്കേണ്ടതെങ്കിലും നമ്മള്‍ പാടുപെടുമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തിരിഞ്ഞുനടന്നതെന്ന് താരം പറയുന്നു. തോറ്റ് നില്‍ക്കുന്ന സമയത്തും അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalabhavan Prajod talks about his experience with Mohanlal in CCL cricket

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more