| Friday, 18th March 2016, 8:27 am

ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമൊന്നുമില്ല, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തങ്ങള്‍ തമ്മില്‍ യാതൊരുവിധ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മണിയുടെ ഭാര്യ നിമ്മി. മണിയ്ക്ക് കരള്‍ രോഗം ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും നിമ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നതിന് ശേഷം മണി മദ്യപാനം നിര്‍ത്തിയിരുന്നുവെന്നും പിന്നീട് മധ്യപിക്കാറുള്ളതായി അറിവില്ല. വീട്ടില്‍ വെച്ച് മണി മദ്യപിക്കാറില്ല. കൂട്ടുകാരുമൊത്ത് കൂടുമ്പോള്‍ ബിയര്‍ കഴിക്കാറുള്ളതായി അറിയാം സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാകാം മണി സംഭവദിവസം മദ്യപിച്ചത്. സിനിമാരംഗത്ത് മണിയോട് ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി അറിവില്ലെന്നും അതിനുള്ള സാധ്യതയില്ലെന്നും നിമ്മി പറയുന്നു.

അതേസമയം മണിയുടെ ഔട്ട് ഹൗസില്‍ ചാരായം കൊണ്ടുവന്നതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിവരങ്ങള്‍ ഇന്ന് പോലീസിന് കൈമാറാനാണ് സാധ്യത.

അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത മണിയുടെ മൂന്ന് സുഹൃത്തുക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.  മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

We use cookies to give you the best possible experience. Learn more