| Wednesday, 20th August 2025, 12:38 pm

വില്ലത്തിയാണെങ്കിലും ഗംഭീര നര്‍ത്തകി; അവളുടെ ക്ലാസിക്കല്‍ ഡാന്‍സിന് ഞാന്‍ അടിമ: കല മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തോളമായി സിനിമാ കൊറിയോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ രമ്യ കൃഷ്ണനെ കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റര്‍. മികച്ച നര്‍ത്തകിയാണ് രമ്യ എന്ന് കല മാസ്റ്റര്‍ പറയുന്നു. രമ്യയുടെ നൃത്തം കണ്ടാല്‍ കണ്ണെടുക്കാതെ നോക്കിനിന്ന് പോകുമെന്നും പലപ്പോഴും താന്‍ കട്ട് പറയാന്‍ മറന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും കല മാസ്റ്റര്‍ പറഞ്ഞു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല, രമ്യ വളരെ മികച്ച ക്ലാസിക്കല്‍ ഡാന്‍സറാണ്. വില്ലത്തിയാണെങ്കിലും അവള്‍ നന്നായി ഡാന്‍സ് കളിക്കും (ചിരി). രമ്യയുടെ കൂടെയാണ് ഷൂട്ട് എന്നറിഞ്ഞാല്‍ ഞാന്‍ പേടിക്കുകയേ ഇല്ല. കണ്ണമ്മയല്ലേ നമുക്ക് വരുന്നിടത്ത് വെച്ച് കാണാം എന്ന ഫീലാണ്. എത്ര കഷ്ടമുള്ള സ്റ്റെപ്പ് കൊടുത്താലും ഭംഗിയായി, ഈസിയായി അവള്‍ ചെയ്യും,’ കല മാസ്റ്റര്‍ പറഞ്ഞു.

ഡാന്‍സില്‍ ഏറ്റവും പ്രധാനം മുഖഭാവത്തിനാണെന്നും അത് നന്നായിട്ടുള്ള നര്‍ത്തകിയാണ് രമ്യ കൃഷ്ണനെന്നും രമ്യയുടെ ഓരോ എക്‌സ്‌പ്രെഷന്‍ ഒക്കെ കാണുമ്പോള്‍ താന്‍ വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഡാന്‍സില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുഖഭാവമാണ്. തൊണ്ണൂറ് ശതമാനം മുഖഭാവം ഉണ്ടെങ്കില്‍ നമുക്ക് ബാക്കിയെല്ലാം എളുപ്പമായി ചെയ്യാം. അതില്‍ രമ്യ ഭയങ്കര മിടുക്കിയാണ്. അവള്‍ നൃത്തം ചെയ്യുമ്പോള്‍ നോക്കികൊണ്ടേയിരിക്കാന്‍ തോന്നും. മുഖഭാവത്തില്‍ എല്ലാവരെയും അവള്‍ കവര്‍ ചെയ്യും. കൂടുതല്‍ ക്ലോസപ്പ് വെക്കാന്‍ നമുക്ക് തോന്നും. രമ്യ ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ കട്ട് പറയുകയേ ഇല്ല. നോക്കികൊണ്ടിരിക്കും. അത്ര മനോഹരമായാണ് അവള്‍ നൃത്തം ചെയ്യുന്നത്. അവളുടെ ക്ലാസിക്കല്‍ ഡാന്‍സിന് ഞാന്‍ അടിമയാണ്,’ കല മാസ്റ്റര്‍ പറഞ്ഞു.

Content Highlight: kala Master Talks About Ramya Krishnan’s Dance

We use cookies to give you the best possible experience. Learn more