| Monday, 7th July 2025, 11:32 am

സുന്നത്ത് കര്‍മത്തിനെത്തിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാക്കൂരില്‍ സുന്നത്ത് കര്‍മത്തിനിടെ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് നടക്കും. ചേളന്നൂര്‍ സ്വദേശി ഇംത്യാസിന്റെ രണ്ടുമാസത്തിന് താഴെ പ്രായമുള്ള മകന്‍ എമിന്‍ ആദമാണ് മരിച്ചത്.

കോപ്പറേറ്റീവ് ക്ലിനിക്കില്‍ വെച്ചാണ് അനസ്തേഷ്യ നല്‍കിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന് നല്‍കിയ ചികിത്സയില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ അറിയിച്ചത്.

ഇന്നലെ (ഞായര്‍) രാവിലെയാണ് കുഞ്ഞിനെ സുന്നത്ത് കര്‍മത്തിനായി കോഴിക്കോട് കാക്കൂരിലെ ക്ലിനിക്കിലെത്തിച്ചത്. സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ മരുന്ന് കൊടുത്തയുടന്‍ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശ്വാസതടസമുള്‍പ്പെടെ വന്ന കുഞ്ഞിന് സുന്നത്ത് നടത്താനാവില്ലെന്ന് തുടര്‍ന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു.

കുഞ്ഞിന്റെ ബുദ്ധിമുട്ടും കരച്ചിലും കാരണം മുലപ്പാല്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Content Highlight: Kakkur police have registered a case of unnatural death in the death of a two-month-old baby who was undergoing Sunnath Rituals

We use cookies to give you the best possible experience. Learn more