| Sunday, 20th September 2026, 10:14 pm

ഫുട്ബോളിൽ അവൻ ഒരു യന്ത്രം പോലെയാണ്: കക്ക

സുദേവ് എ

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റിൽ പല താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ഇരുതാരങ്ങളിലും ബ്രസീലിയൻ ഇതിഹാസം കക്കയും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റയൽ മാഡ്രിഡിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച താരമായി മെസിയെയാണ് കക്ക തെരഞ്ഞെടുത്തത്.

ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മെസിയും റൊണാൾഡോയും ഉണ്ടാവുമെന്നും ഇരുവരുടെയും കളികൾ നേരിൽ കാണാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്നും കക്ക പറഞ്ഞു. വൺ ഫുട്ബോളിന് നൽകിയ അഭിമുഖത്തിലായിരുന്നു കക്ക ഗോട്ട് ഡിബേറ്റിനെക്കുറിച്ച് സംസാരിച്ചത്.

‘ഞാൻ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുണ്ട്. അവൻ ശരിക്കും അതിശയകരമാണ്. എന്നാൽ ഞാൻ മെസിയുടെ പേര് പറയും. മെസി ഒരു പ്രതിഭയാണ്. അവൻ കളിക്കുന്ന രീതി അവിശ്വസനീയമാണ്. റൊണാൾഡോ ഒരു യന്ത്രം പോലെയാണ്. അവൻ മാനസികമായി വളരെ മുന്നിലാണ്.

മത്സരങ്ങൾ എപ്പോഴും വിജയിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ കാര്യം അവിശ്വസനീയമായ ഒന്നാണ്. ഫുട്ബോളിന്റെ ചരിത്രത്തിൽ മെസിയും റൊണാൾഡോയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളവരാണ്. ഇരുവരുടെയും കളികൾ നേരിൽ കാണാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്,’ കക്ക പറഞ്ഞു.

2009 മുതൽ 2013 വരെയാണ് റയൽ മാഡ്രിഡിന് വേണ്ടി കക്കയും റൊണാൾഡോയും ഒരുമിച്ച് പന്തുതട്ടിയിട്ടുള്ളത്. നാല് സീസണുകളിൽ ലോസ് ബ്ലാങ്കോസിനൊപ്പം 99 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. ഇതിൽ 21 ഗോളുകളാണ് ഇരുവരും ചേർന്ന് റയലിനായി നേടിയത്.

മെസിക്കെതിരെ കക്ക ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 12 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇതിൽ നാല് വീതം വിജയങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. നാല് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു.

Content Highlight: Kaka talks about Lionel Messi and Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more