| Saturday, 13th June 2026, 1:50 pm

അവന്‍ നെയ്മറിനെ പോലെ; സൂപ്പര്‍ താരത്തെ കുറിച്ച് കക്ക

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിനിടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനോട് ഉപമിച്ച് ബ്രസീല്‍ ഇതിഹാസം കക്ക. നെയ്മര്‍ മികച്ച ഫോമിലുള്ളപ്പോലുള്ള ശൈലിയോട് സമാനമാണ് യമാലിന്റെ ശൈലിയെന്ന് അദ്ദേഹം പറഞ്ഞു.

നെയ്മറും യമാലും ഒരു മത്സരം കാണാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ റിയോ ഫെര്‍ഡിനാന്‍ഡിന്റെ യൂട്യൂബ് ചാനലായ റിയോ ഫെര്‍ഡിനാന്‍ഡില്‍ സംസാരിക്കുകയായിരുന്നു കക്ക.

കക്ക.

‘ലാമിന്‍ (യമാല്‍) കൂടുതല്‍ നെയ്മറിനെപ്പോലെയാണ്. നെയ്മര്‍ തന്റെ മികച്ച ഫോമിലായിരുന്നപ്പോഴുള്ള ശൈലിയോട് വളരെ സാമ്യമുള്ള ശൈലിയാണ് അവന്റേത്. ഇത്തരം കളിക്കാര്‍ മൈതാനത്ത് അവര്‍ എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് കാണാന്‍ വേണ്ടി മാത്രം നമ്മളെ മത്സരം ഇരുന്ന് കാണാന്‍ പ്രേരിപ്പിക്കുന്നു,’ കക്ക പറഞ്ഞു.

നെയ്മറാണ് എക്കാലവും തന്റെ മാതൃകയായി കാണുന്നതെന്ന് യമാല്‍ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. താരം ഇപ്പോള്‍ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. യമാലിന്റെ സ്‌പെയിന്‍ ഗ്രൂപ്പ് എച്ചിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കേപ്പ് വെര്‍ദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ലാമിന്‍ യമാല്‍.

കേപ്പ് വെര്‍ദെക്കെതിരെയാണ് സ്‌പെയിനിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ജൂണ്‍ 15ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പിന്നാലെ സ്‌പെയിന്‍ സൗദി അറേബ്യയെയും ഉറുഗ്വേയെയും നേരിടും. ജൂണ്‍ 21ന് സൗദിക്കെതിരെയും ജൂണ്‍ 27ന് ഉറുഗ്വേക്കെതിരെയുമാണ് മത്സരങ്ങള്‍.

നെയ്മർ ജൂനിയർ.

അതേസമയം, നെയ്മര്‍ തന്റെ നാലാം ലോകകപ്പിനായാണ് ഒരുങ്ങുന്നത്. ബ്രസീലിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായ താരത്തിന് പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമാകും.

ജൂണ്‍ 14ന് മൊറോക്കോക്കെതിരെയാണ് ബ്രസീലിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം. പിന്നാലെ ജൂണ്‍ 20ന് ഹെയ്തിയെയും ജൂണ്‍ 25ന് സ്‌കോട്ട്‌ലാന്‍ഡിനെതിരെയും ബ്രസീലിന് മത്സരമുണ്ട്.

Content Highlight: Kaka says Lamine Yamal is like Neymar Jr and these players make you sit down to watch a match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more