| Friday, 5th June 2026, 9:39 am

ബ്രസീല്‍ ആറാം ലോകകപ്പുയര്‍ത്തും, പക്ഷേ അവനായിരിക്കും മികച്ച താരം: കക്ക

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഈ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഇപ്പോള്‍ ഈ ലോകകപ്പിലെ ജേതാക്കളെ പ്രവചിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം കക്ക. ബ്രസീല്‍ ആറാമതും കപ്പുയര്‍ത്തുമെന്നാണ് താരത്തിന്റെ പ്രവചനം. ദി അത്‌ലറ്റിക്കില്‍ സംസാരിക്കുകയായിരുന്നു കക്ക.

കക്ക.

ഇതിനൊപ്പം ടൂര്‍ണമെന്റിലെ മികച്ച താരത്തെയും കോച്ചിനെയും കക്ക പ്രവചിച്ചിട്ടുണ്ട്. ലോകകപ്പിലെ താരമായി സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെയാണ് തെരഞ്ഞെടുത്തത്. യമാല്‍ തന്റെ ആദ്യ ലോകകപ്പിനാണ് ഒരുങ്ങുന്നത്. എന്നാലും മികച്ച പ്രകടനമായിരിക്കും 18കാരന്‍ പുറത്തെടുക്കുക എന്നാണ് ബ്രസീലിയന്‍ ഇതിഹാസം വിശ്വസിക്കുന്നത്.

ബ്രസീലിന്റെ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയായിരിക്കും ഏറ്റവും മികച്ച കോച്ചെന്നും കക്ക പ്രവചിക്കുന്നു. കോച്ച് എന്ന നിലയില്‍ ആന്‍സലോട്ടിയുടെ ആദ്യ ലോകകപ്പാണിത്. അതില്‍ തന്നെ ഇറ്റാലിയന്‍ പരിശീലകന്‍ വിസ്മയം തീര്‍ക്കുമെന്ന് കക്ക ഉറച്ച് വിശ്വസിക്കുന്നു.

കാര്‍ലോ ആന്‍സലോട്ടി.

ഇതേ വീഡിയോയില്‍ തന്നെ 2006 ലോകകപ്പില്‍ നേരിട്ട ഫ്രാന്‍സ് ടീമാണ് താന്‍ നേരിട്ടതില്‍ ഏറ്റവും അടുത്ത എതിരാളികളെന്നും കക്ക പറഞ്ഞു. ആ വര്‍ഷം ഫ്രാന്‍സിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായിരുന്നു.

ഇതിനൊപ്പം തന്നെ ഒരു സര്‍പ്രൈസിങ് പ്രവചനവും കക്ക നടത്തി. ലോകകപ്പിലെ ആതിഥേയരില്‍ ഒരു ടീമില്‍ സെമി ഫൈനലില്‍ എത്തുമെന്നാണ് കക്കയുടെ പ്രവചനം. യു.എസ്.എയുടെ പേരാണ് താരം പറഞ്ഞത്.

ബ്രസീൽ.

‘യു.എസ്.എ സെമി ഫൈനലില്‍ എത്തുമെന്നാണ് ഞാന്‍ കരുതുന്നത്,’ കക്ക പറഞ്ഞു.

ലോകകപ്പില്‍ ഗ്രൂപ്പ് സി -യിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 14നാണ് ബ്രസീലിന്റെ ടൂര്‍ണമെന്റിലെ ആദ്യ മത്സരം. ശക്തരായ മൊറോക്കയാണ് എതിരാളികള്‍.

Content Highlight: Kaka predicts that Brazil will be the champions in FIFA World Cup 2026 and Lamine Yamal will be the best player of the tournament

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more