| Sunday, 27th July 2025, 3:13 pm

'അമരത്തിലെ പാട്ട് മുറിച്ചുമാറ്റിയാല്‍ ചോരവരുമെന്ന് പറയൂ' എന്നായിരുന്നു മറുപടി: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനരചയിതാവ്, സംഗീതസംവിധായകന്‍, കവി, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണാടക സംഗീതത്തിലെ അവതാരകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് കൈതപ്രം എന്ന് അറിയപ്പെടുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഫാസില്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം ചലച്ചിത്ര ഗാനലോകത്തേക്ക് കടന്നുവരുന്നത്.

പിന്നീട് നൂറില്‍ അധികം ചിത്രങ്ങള്‍ക്ക് പാട്ടുകളൊരുക്കിയ കൈതപ്രത്തിന് മൂന്ന് തവണ മികച്ച ഗാനരചയിതാവിനും ഒരു തവണ മികച്ച സംഗീതസംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ടില്‍ എത്തിയ മമ്മൂട്ടി ചിത്രമായ അമരം എന്ന സിനിമയെ കുറിച്ച് പറയുകയാണ് കൈതപ്രം. തനിക്കേറ്റവും പ്രിയപ്പെട്ട സംവിധായകനാണ് ഭരതനെന്നും ലോഹിതദാസില്‍ നിന്നാണ് സിനിമയുടെ കഥകേട്ടതെന്നും അദ്ദേഹം പറയുന്നു.

‘വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു എന്ന് എഴുതിയപ്പോള്‍ തന്നെ ഭരതേട്ടന്‍ തൃപ്തനായി. മനോഹരമായ ദൃശ്യങ്ങളോടെയാണ് അദ്ദേഹം ആ പാട്ട് അവതരിപ്പിച്ചത്. പാട്ടല്പം പതിഞ്ഞ താളത്തിലാണെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും സഹസംവിധായകരിലൊരാള്‍ എന്നോട് പറഞ്ഞു.

സിനിമയുടെ അവസാനവട്ട മിനുക്ക് പണികള്‍ക്കിടെ ആയിരുന്നു അത് പറഞ്ഞത്. ഞാന്‍ വിവരം ഭരതേട്ടനെ ധരിപ്പിച്ചു. അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ‘ആ പാട്ട് മുറിച്ചു മാറ്റിയാല്‍ ചോരവരുമെന്ന് നീ അവരോട് പറഞ്ഞേക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ കൈതപ്രം പറയുന്നു.

ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ജോണ്‍സണ്‍ മാഷ് നിര്‍മാതാവിനെ വരെ വെല്ലുവിളിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഗന്ധര്‍വനിലെ പാട്ടുകള്‍ സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അത്രയേറെ ഉറപ്പുണ്ടായിരുന്നെന്നും കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Talks About Amaram Movie Song

We use cookies to give you the best possible experience. Learn more