| Tuesday, 12th August 2025, 4:04 pm

വയലാറിന്റെ മുറിയും ദാസേട്ടന്റെ ഉപദേശവും... ആദ്യ പാട്ടോർമയിൽ കൈതപ്രം

ശരണ്യ ശശിധരൻ

കോഴിക്കോട് മാതൃഭൂമിയിൽ വർക്ക് ചെയ്യുന്ന സമയം, കൈതപ്രത്തിന് ഒരു ഫോൺ കോൾ വന്നു. കോളിന്റെ അപ്പുറത്ത് സംവിധായകൻ ഫാസിലായിരുന്നു. ‘പുതിയ ചിത്രത്തിന് പാട്ട് എഴുതണം. അതിന് വേണ്ടി ആലപ്പുഴയിൽ എത്തണം’ അതായിരുന്നു ഫാസിൽ പറഞ്ഞത്.

തൻ്റെ ആത്മസുഹൃത്തായ ഇ.സി തോമസ് പറഞ്ഞിട്ടാണ് ഫാസിൽ കൈതപ്രത്തെ വിളിച്ചതെന്ന് പിന്നീട് അദ്ദേഹം അറിഞ്ഞു. അങ്ങനെ കൈതപ്രം ആലപ്പുഴയിൽ എത്തി. അവിടെ വെച്ച് ഫാസിൽ സംഗീത സംവിധായകൻ ജെറി അമൽ ദേവിനെ കൈതപ്രത്തിന് പരിചയപ്പെടുത്തി കൊടുത്തു.

ജെറിയെ പരിചയപ്പെട്ടതും അദ്ദേഹത്തിൻ്റെ പ്രത്യേകതയും കൈതപ്രം ഇപ്പോഴും ഓർക്കുന്നു. ‘ജെറി മാഷിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ഒറ്റയടിക്ക് പാട്ടിലേക്ക് കടക്കില്ല. ഒരു ദിവസം മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. അന്ന് ട്യൂൺ ഇട്ട് എഴുതാനൊന്നും എനിക്ക് അറിയില്ല. എന്നാൽ മാഷ് കൂളായിട്ട് അത് കൈകാര്യം ചെയ്തു,’

അന്ന് പാട്ട് എഴുതാൻ വേണ്ടി കൈതപ്രത്തിന് കൊടുത്തത് വയലാർ ഗാനം എഴുതാൻ താമസിച്ചിരുന്ന ബ്രദേഴ്സിലെ റൂമാണ്. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നല്ല തുടക്കമായിരുന്നു. അവിടെ വെച്ച് കൈതപ്രം ഒരു പാട്ട് എഴുതി…

Kaithapram

കോളേജ് പാട്ടുകാരന് സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിന് പാടാൻ പറ്റുന്ന പാട്ടായിരിക്കണം. അതിൽ കുടുംബബന്ധങ്ങൾ ഉൾപ്പെടണം പാട്ടിന്റെ സിറ്റുവേഷൻ ഫാസിൽ പറഞ്ഞുകൊടുത്തു.

ഒരു ഹിന്ദി പാട്ടിന്റെ ട്യൂൺ മൂളിക്കൊടുത്ത് ജെറി അമൽ ദേവ് കൈതപ്രത്തോട് പറഞ്ഞു, ഇതുപോലെ ആയാൽ കൊള്ളാമല്ലേ എന്ന്. കടുത്ത മൂകാംബിക ഭക്തനായിരുന്ന കൈതപ്രത്തിന് സരസ്വതി മണ്ഡപത്തിന് അടുത്തുള്ള വാദ്യോപകരണമായ ദുന്ദുഭി മനസിലേക്ക് വന്നു. ആ വാക്കും മനസിൽ വെച്ച് കൈതപ്രം പാട്ട് എഴുതി എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ,

‘ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണർത്തും മൃദുപല്ലവിയിൽ
കാവ്യമരാള ഗമനലയം’

ഗാനരംഗം

അതിനെക്കുറിച്ചും കൈതപ്രം പറഞ്ഞു,

‘മലയാളത്തിലാരും അതുവരെ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ട്യൂൺ എന്റെ മനസിൽ ഉണ്ടായിരുന്നു, ആ ട്യൂണിന് ഈ വാക്ക് ശരിയാണെന്ന് തോന്നി. പല്ലവി എഴുതി കാണിച്ചു. മാഷിനും ഫാസിലിനും വരികൾ ഏറെ ഇഷ്ടമായി. അന്നു രാത്രി തന്നെ ആ പാട്ടിന്റെ ബാക്കിയും എഴുത്തി തീർത്തു’

കൈതപ്രം എന്ന സംഗീത പ്രേമികളുടെ പ്രിയ എഴുത്തുകാരൻ അവിടെ ജനിക്കുകയായിരുന്നു.

മദ്രാസിൽ തരംഗിണിയുടെ സ്റ്റുഡിയോയിൽ വെച്ചിട്ടാണ് പാട്ടിന്റെ റെക്കോഡിങ്. കെ.ജെ യേശുദാസ് ആണ് ചിത്രത്തിന് വേണ്ടി പാട്ട് പാടിയത്.

K.J Yesudas

എന്നാൽ യേശുദാസ് പാടിയപ്പോൾ പാട്ടിലെ അക്ഷരം ഉറച്ചില്ലേ എന്ന് കൈതപ്രത്തിന് ഒരു സംശയം. പറയാതിരുന്നാൽ തെറ്റാകും. രണ്ടും കൽപിച്ച് യേശുദാസിനോട് കൈതപ്രം പറഞ്ഞു പാട്ട് ഒന്ന് കേട്ട് നോക്കണം…

പാട്ട് കേട്ട യേശുദാസിനും തോന്നി ‘ന്ധ’ എന്ന വാക്ക് ഉറച്ചിട്ടില്ല, എന്നാൽ അപ്പോഴേക്കും സ്റ്റുഡിയോ പൂട്ടിയിരുന്നു. ഒട്ടും അമാന്തിക്കാതെ തന്നെ വീണ്ടും തുറപ്പിച്ച് പാട്ട് ശരിയായി പാടി. യേശുദാസ് കൈതപ്രത്തിന് ഒരു ഉപദേശവും കൊടുത്തു ‘അടുത്ത് രണ്ട് ഖരാക്ഷരം വന്നാൽ പാടുന്ന ആൾക്ക് ബുദ്ധിമുട്ടാകും’

‘പിന്നീട് ജീവിതത്തിൽ ഒരിക്കലും ആ തെറ്റ് ഞാൻ വരുത്തിയിട്ടില്ല. എന്റെ ആദ്യത്തെ പാട്ടിൽ ദാസേട്ടൻ തന്ന പാഠം അതാണ്. അതൊരിക്കലും ഞാൻ മറക്കില്ല’ കൈതപ്രം പറഞ്ഞു.

Content Highlight: Kaithapram Talking about his First song memory

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more