| Thursday, 13th November 2025, 1:04 pm

വേടന്റെ വരികളില്‍ കവിതയുണ്ട്, അയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടോ എന്ന് നോക്കേണ്ട ആവശ്യം എനിക്കില്ല: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ സംസ്ഥന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വേടന് പുരസ്‌കാരം ലഭിച്ചതില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാന രചയിതാക്കളിലൊരാളായ കൈതപ്രം.

അവാര്‍ഡിന് അര്‍ഹമായ പാട്ട് താന്‍ കേട്ടിട്ടുണ്ടെന്ന് കൈതപ്രം പറഞ്ഞു. വേടന്റെ വരികളില്‍ കവിതയുണ്ടെന്നും അതിനാലാണ് പുരസ്‌കാരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേടന്‍ എന്തെഴുതി എന്നാണ് താന്‍ നോക്കിയതെന്നും ആ വരികള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ കുറ്റമില്ലെന്നും കൈതപ്രം പറയുന്നു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേടന്‍ സാംസ്‌കാരിക നായകനാണോ അതോ ജയിലില്‍ കിടന്നയാളാണോ എന്നൊന്നും എനിക്ക് നോക്കേണ്ടതില്ല. അതിന് ചുമതലപ്പെട്ടവരാണ് അത്തരം കാര്യങ്ങള്‍ നോക്കേണ്ടത്. ജയിലില്‍ കിടന്ന ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമോ പ്രയാസമോ ഇല്ലാത്ത നാട്ടില്‍ വേടന് പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അതില്‍ പരം കൗതുകം വേറെയെന്തെങ്കിലുമുണ്ടോ.

വേടന്റെ കാര്യത്തില്‍ സദാചാര കാര്യം നീതിന്യായ വ്യവസ്ഥയാണ് തീരുമാനിക്കേണ്ടത്. അയാള്‍ എഴുതിയ വരികള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ എന്ന് എഴുതിയതിന് അവാര്‍ഡ് ലഭിച്ചു. അതില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല. അവാര്‍ഡു കമ്മിറ്റിക്കാര്‍ അവരുടെ പ്രസ്താവനകളില്‍ കക്ഷിരാഷ്ട്രീയം ഉള്‍പ്പെടുത്തരുത്. അത് വിവാദമുണ്ടാക്കും.

അത്തരം കാര്യങ്ങളില്‍ കമ്മിറ്റിക്കാര്‍ മാത്രമാകും ഉത്തരവാദികള്‍. സദാചാര വിരുദ്ധരെ കൈകാര്യം ചെയ്യേണ്ടത് പൊലീസാണ്. എന്റെ മുന്നില്‍ എഴുത്ത് മാത്രമേയുള്ളൂ. അവാര്‍ഡുകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അവാര്‍ഡും ശരിയായ ചരിത്രമില്ല. ഇപ്പോഴും ചിലത് അങ്ങനെയൊക്കെ തന്നെയാണ്’ കൈതപ്രം പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനത്തിനാണ് വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സംസ്ഥാന അവാര്‍ഡിന് അര്‍ഹനായത്. ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ വേടന്‍ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. ഏലൂരിലെ കെമിക്കല്‍ ഫാക്ടറികളുടെ മാലിന്യത്തില്‍ ജീവിക്കേണ്ടി വന്ന ഒരു തലമുറയുടെ യാതനകള്‍ പ്രതിഫലിച്ച ഗാനമായിരുന്നു ‘കുതന്ത്രം’.

Content Highlight: Kaithapram supports Vedan’s song and his State Award

We use cookies to give you the best possible experience. Learn more