| Wednesday, 13th August 2025, 5:18 pm

രവീന്ദ്രന്‍ മാഷാണ് സിനിമയുടെ സംഗീത സംവിധായകനെന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയെ കുറിച്ചും സംഗീത സംവിധായകന്‍ രവീന്ദ്രനെ കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കൈതപ്രം.

‘ഞാനും രവീന്ദ്രന്‍ മാഷും ചേര്‍ന്ന് ആദ്യമായി പാട്ടൊരുക്കുന്ന ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. ഞങ്ങള്‍ ഒരുമിച്ച എല്ലാ പാട്ടുകളും ഹിറ്റുമായിരുന്നു. വൈവിധ്യമുള്ള പാട്ടുകളായിരുന്നു അതിലോരോന്നും. രവിയേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് ‘ഏയ് ഓട്ടോ’ സിനിമയുടെ ഷൂട്ടിങ് സമയത്ത് കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ചാണ്. ‘നമുക്ക് കൂടണ്ടേ’ എന്ന് അദ്ദേഹം ചോദി ച്ചു. ‘ഞാന്‍ റെഡി, രവിയേട്ടന്‍ വിളിച്ചാല്‍ മതി’ എന്ന് ഞാനും പറഞ്ഞു,’ കൈതപ്രം പറയുന്നു.

അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുക എന്നത് അന്നത്തെ തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ലോഹിതദാസ് ഹിസ് ഹൈനസ് അബ്ദുള്ളയുടെ കഥപറയുന്നതെന്നും കൈതപ്രം പറഞ്ഞു.

‘ആ സിനിമയിലെ പാട്ട് സന്ദര്‍ഭങ്ങള്‍ വിവരിച്ചപ്പോള്‍ ഒരു യുവജനോത്സവത്തില്‍ ഒരു കുട്ടിക്കുവേണ്ടി ഞാന്‍ എഴുതി ട്യൂണ്‍ ചെയ്ത ‘ഗോപികാവസന്തം. ‘എന്നു തുടങ്ങുന്ന ഒരുലളിതഗാനം ലോഹിയെ പാടികേള്‍പ്പിച്ചു. പാട്ടു കേട്ടപ്പോള്‍ത്തന്നെ ലോഹി പറഞ്ഞു, ഞാന്‍ എഴുതുന്ന സിനിമയുടെ ആത്മാവ് ഈ പാട്ടിലുണ്ട് എന്ന്. നവരസം എന്ന രാഗത്തിലാണ് ഞാനാ പാട്ട് ഉണ്ടാക്കിയത്. അതിനുശേ ഷമാണ് ഹിസ് ഹൈനസ് അബ്ദുള്ള, എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷാണ് എന്നു പറയുന്നത്.

പാംഗ്രൂവ്-ഹോട്ടലിലെ നൂറ്റിയൊന്നാം നമ്പര്‍ മുറിയിലാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ പാട്ടുകള്‍ ഉണ്ടായത്. സിനിമയുടെ സംവിധായകനായ സിബി മലയില്‍, തിരക്കഥാകൃത്ത് ലോഹിതദാസ്, രവീന്ദ്രന്‍ മാഷ്, പിന്നെ താന്‍. ഞങ്ങളൊരുമിച്ചാണ് ആ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ദേവസഭാതലം, ഗോപികാ വസന്തം, നാദരൂപിണി, പ്രമദവനം, തു ബഡീ മാഷാ അല്ലാഹ് എന്നീ അഞ്ചു പാട്ടുകളാണ് ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ഉള്ളത്,’ കൈതപ്രം കൂട്ടിച്ചേര്‍ത്തു.

ഹിസ് ഹൈനസ് അബ്ദുള്ള

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, ഗൗതമി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1990-ല്‍ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള.

Content Highlight:  Kaithapram shares his memories of the movie His Highness Abdullah and music director Raveendran

We use cookies to give you the best possible experience. Learn more