ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ അമരം മലയാളികളുടെ മനസിൽ ഇന്നും ജീവനുള്ള സിനിമയാണ്. കഥയുടെയും കഥാപാത്രങ്ങളുടെയും കരുത്തിനൊപ്പം, ചിത്രത്തിലെ ഗാനങ്ങളും അതിന്റെ വികാരതീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ ഗാനങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായത് ‘വികാരനൗകയുമായ്’ തന്നെയാണ്.
കൈതപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ സംഗീതം നൽകിയ ഈ ഗാനം ഇന്നും ഓരോ മലയാളിയുടെയും പ്രിയഗാനപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഈ ഗാനത്തോട് സംവിധായകൻ ഭരതൻ പുലർത്തിയ അതീവ വികാരബന്ധവും, പാട്ട് രൂപപ്പെട്ട വഴികളും കൈതപ്രം ഓർമ്മിക്കുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമരം, Photo; YouTube/ Screen grab
‘അമരത്തിന്റെ കഥ ലോഹിതദാസാണ് എന്നോട് പറയുന്നത്. ഒരിക്കൽ ഭരതൻ ഒരു ഹിന്ദിപ്പാട്ടിന്റെ ഈണം മൂളി. ഇതുപോലൊരു പാട്ട് ഉണ്ടാക്കാമോ എന്ന് ചോദിച്ചു. സംഗീത സംവിധായകൻ രവീന്ദ്രനോട് പറയാമെന്നും പറഞ്ഞു. അദ്ദേഹം നൽകിയ ട്യൂൺ വച്ച് ഞാൻ ‘വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു’ എന്ന് എഴുതി. അപ്പോൾ തന്നെ കോഴിക്കോട്ടേക്ക് വിട്ടു. വൈകിട്ട് അഞ്ചിന്റെ ട്രെയിനിൽ മദ്രാസിലേക്കുള്ള ടിക്കറ്റും എടുത്തിരുന്നു. രാവിലെ അവിടെ എത്തി. ഒരു കോട്ടേജിൽ ഞാനും രവിയും ഭരതനും കൂടി, രവിയുടെ കനമുള്ള ശബ്ദത്തിൽ ‘വികാരനൗകയുമായ്’ മുഴങ്ങി,’ കൈതപ്രം പറഞ്ഞു.
ഈ പാട്ടിൽ രണ്ട് പ്രണയങ്ങളുണ്ടെന്നും, അതിലൊന്ന് നായകനായ മമ്മൂട്ടിയുടേതും മറ്റൊന്ന് നായകന്റെ മകളുടേതുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചില വരികൾ തന്റെ സ്വന്തം പ്രണയവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണെന്നും കൈതപ്രം പറഞ്ഞു.
അമരം രവീന്ദ്രൻ കൈതപ്രം, ലോഹിതദാസ്, Photo: Instagram/ Kaithapram
‘ഞാനറിയാതെയെൻ തൂമിഴിത്തുമ്പിൽ, കൗതുകമുണരുകയായിരുന്നു, എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനെ’ ഈ വരികളൊക്കെ എന്റെ പ്രണയവുമായി ബന്ധപ്പെട്ടവയാണ്,’ അദ്ദേഹം പറഞ്ഞു.
ഈ ഗാനം എസ്.പി.ബി.യെക്കൊണ്ട് പാടിക്കണമെന്നായിരുന്നു ഭരതന്റെ ആഗ്രഹം. എന്നാൽ, ‘ഇത് യേശുദാസിനുള്ള പാട്ടാണ്’ എന്ന് എസ്.പി.ബി. തന്നെ പറഞ്ഞുവെന്ന് കൈതപ്രം ഓർക്കുന്നു. തുടർന്ന് യേശുദാസ് ആലപിച്ചപ്പോൾ, ഗാനം ചിത്രത്തിലെ രംഗങ്ങളുമായി അതുല്യമായി ലയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമരം, Photo: IMDb
അതേസമയം, ഭരതന്റെ സഹായി ജോർജ് കിത്തു ഒരിക്കൽ തന്റെ സമീപത്തെത്തി, ‘അണ്ണാ, പറയുന്നത് തെറ്റാണെന്ന് അറിയാം. ‘വികാരനൗകയുമായ്’ ഭയങ്കര സ്ലോയാണ്. പടം മുഴുവൻ വലിയും. ഭരതേട്ടനോട് പറഞ്ഞാൽ മനസിലാകുന്നില്ല. നിങ്ങൾ ഒന്ന് പറയൂ’ എന്ന് ആവശ്യപ്പെട്ടതായും ഈ വിഷയം ഭരതനുമായി സംസാരിച്ചപ്പോൾ ലഭിച്ച മറുപടി ഇന്നും മനസ്സിൽ ഉണ്ടെന്നും കൈതപ്രം ഓർത്തെടുത്തു.
‘അത് മുറിച്ചാൽ ചോര പൊടിയുമെന്ന് അവനോട് പറഞ്ഞേക്കൂ…’ എന്നായിരുന്നു ഭരതന്റെ മറുപടി.
പിന്നീട് ഈ ഗാനം തെലുങ്കിൽ പുനഃരാവിഷ്കരിക്കപ്പെട്ടപ്പോൾ, എസ്.പി.ബി. തന്നെയായിരുന്നു അത് ആലപിച്ചതെന്നും കൈതപ്രം കൂട്ടിച്ചേർത്തു.
Content Highlight: Kaithapram remembers the song ‘Vikaranaukkayu’