| Thursday, 18th July 2019, 10:16 am

'നമ്പൂതിരി എന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചയാളാണ് ഞാന്‍'; ലളിതകലാ അക്കാദമി പുരസ്‌കാര വേദിയില്‍ വിമര്‍ശനങ്ങളോട് പൊട്ടിത്തെറിച്ച് കൈതപ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ലളിതകലാ അക്കാദമി പുരസ്‌കാര വേദിയില്‍ വിമര്‍ശനങ്ങളില്‍ പ്രകോപിതനായി കൈതപ്രം ദാമോദരന്‍. ലളിതകലാ അക്കാദമി പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തെ പരാമര്‍ശിച്ച വേളയിലായിരുന്നു കൈതപ്രം പ്രകോപിതനായത്.

പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതായിരുന്നു വിവാദത്തിന് ആധാരം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയമായിരുന്നു വിവാദമായത്. കാര്‍ട്ടൂണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കൈതപ്രം സംസാരിച്ചത്.

കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. ഇതിനോട് പ്രതികരിച്ചുകൊണ്ട് സംസാരിച്ച കഥാകൃത്ത് അശോകന്‍ ചരുവില്‍ ‘മതത്തിന്റെ പക്ഷത്തു നില്‍ക്കുന്നയാളായതുകൊണ്ടാകും കൈതപ്രത്തിന് ഈ നിലപാട്’ എന്നു പറഞ്ഞിരുന്നു. ഇതാണ് കൈതപ്രത്തെ പ്രകോപിപ്പിച്ചത്.

താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലയെന്ന് അദ്ദേഹം പറഞ്ഞു. ‘ നമ്പൂതിരി എന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചയാളാണ് ഞാന്‍. കൈതപ്രമെന്ന പേരുമതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട.’ എന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന വേദയില്‍ കൈതപ്രവും ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. നേമം സംവിധാനം ചെയ്ത ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതിയെങ്കിലും പ്രതിഫലം നല്‍കാതെ ഒഴിവാക്കിയെന്നായിരുന്നു കൈതപ്രത്തിന്റെ പരാമര്‍ശം.

എന്നാല്‍ പണം നല്‍കിയിരുന്നെന്നും കൈതപ്രത്തിന് ഓര്‍മ്മപ്പിശക് സംഭവിച്ചതാകാമെന്നും നേമം മറുപടി നല്‍കി. എന്നാല്‍ കൈതപ്രം നിലപാട് ആവര്‍ത്തിച്ചതോടെ തര്‍ക്കം ഉടലെടുത്തു. തര്‍ക്കം തുടര്‍ന്നതോടെ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വേദിവിടുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more