അടുത്തിടെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഓപ്പണർ സഞ്ജു സാംസണെ ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇതെന്നാണ് ഗംഭീർ പറഞ്ഞത്. ഗംഭീറിന്റെ ഈ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിതിനെ നായകസ്ഥാനത്തുനിന്ന് മാറ്റുന്നതാണ് ഏറ്റവും പ്രയാസകരമായ തീരുമാനമെന്നാണ് കൈഫിന്റെ നിരീക്ഷണം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇത്തരമൊരുകാര്യം വെളിപ്പെടുത്തിയത്.
സഞ്ജു സാംസണും രോഹിത് ശർമയും
‘ചാമ്പ്യൻസ് ട്രോഫി നേടിയ ശേഷം രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതാണ് ഏറ്റവും കടുപ്പമേറിയ തീരുമാനം എന്നാണ് ഞാൻ കരുതുന്നത്. ഗംഭീർ പറഞ്ഞതുപോലെ സഞ്ജുവിനെ ഒഴിവാക്കിയതല്ല. അജിത് അഗാർക്കറോട് ചോദിച്ചാലും ഇതുതന്നെയായിരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമെന്ന് അദ്ദേഹം പറയുക. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ഒഴിവാക്കപ്പെട്ട സൂര്യയുടെ കാര്യവും ഇതുപോലെതന്നെയാണ്. അഗാർക്കറുടെ കാലയളവിൽ എടുത്ത ഏറ്റവും കടുപ്പമേറിയ രണ്ട് തീരുമാനങ്ങൾ ഇവയാണെന്നാണ് എന്റെ വിലയിരുത്തൽ. വൈകി മാത്രമാണ് ക്യാപ്റ്റൻസി ഏറ്റെടുത്തതെങ്കിലും ഇന്ത്യയ്ക്കായുള്ള രോഹിതിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നു.
‘ഇനി ഈ ടീമിനെ നയിക്കാൻ ഏത് സെലക്ടറോ പരിശീലകനോ ക്യാപ്റ്റനോ വന്നാലും ഈ ഇന്ത്യൻ ടീം പത്തിൽ എട്ട് തവണയും വിജയിക്കും. പ്രത്യേകിച്ച് വൈറ്റ്-ബോൾ ക്രിക്കറ്റിൽ. കാരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ക്രിക്കറ്റ് സംവിധാനം വളരെ മികച്ചതാണ്. ഇപ്പോഴത്തെ കളിക്കാരുടെ നിലവാരവും വളരെ ഉയർന്നതാണ്. ഐ.പി.എല്ലിനെ ഇത്തരത്തിൽ വളർത്തിയെടുത്തതിന് ബി.സി.സി.ഐ യെ ഞാൻ അഭിനന്ദിക്കുന്നു. കളിക്കാർ ഉണ്ടാകുന്നത് പരിശീലകരിലൂടെയോ സെലക്ടർമാരിലൂടെയോ അല്ല, മറിച്ച് ഇത്തരം സംവിധാനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ, ഇനി ചുമതലയേൽക്കുന്ന ആർക്കും നല്ലൊരു കാലഘട്ടമായിരിക്കും മുന്നിലുള്ളത്,’ അദ്ദേഹം പറഞ്ഞു.
സീനിയർ പുരുഷ ടീമിൻ്റെ നിലവിലെ ചീഫ് സെലക്ടറായ അജിത് അഗാർക്കർ ഒക്ടോബർ നാലിന് കാലാവധി അവസാനിച്ചുകൊണ്ട് സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ട്. പുതിയൊരു സെക്ടർ ആരായിരിക്കുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല.
അതെ സമയം വെസ്റ്റിന്ഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം നാളെ (സെപ്റ്റംബർ 27) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
Content Highlights : Kaif believes that the most difficult decision would be to remove Rohit from the captaincy, who led India to victory in the 2025 Champions Trophy