ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 207 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് പ്രോട്ടിയാസ്. 281 റണ്‍സിന്റെ മികച്ച ലീഡാണ് ഓസീസ് പ്രോട്ടിയാസിന് മുമ്പില്‍ വച്ചുനീട്ടിയത്. ലീഡ് മറികടക്കാനും വിജയിക്കാനും പ്രോട്ടിയാസ് ഏറെ വിയര്‍ക്കുമെന്നത് ഉറപ്പാണ്.
ബൗളിങ്ങിന് പിന്തുണയുള്ള പിച്ചില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി അവസാന വിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡ്ഡുമാണ്. സ്റ്റാര്‍ക്ക് 136 പന്തില്‍ നിന്ന് 58* റണ്‍സ് നേടി നിര്‍ണായമായപ്പോള്‍ ഹേസല്‍വുഡ് 53 പന്തില്‍ നിന്ന് 17 റണ്‍സ് നേടി ഏയ്ഡന്‍ മാര്‍ക്രമിന് ഇരയാകുകയായിരുന്നു.
ബാറ്റിങ്ങില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയും ഓസീസിന് തുണയായി. 43 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ മാര്‍നസ് ലബുഷാന്‍ 22 റണ്‍സും നേടി.
അതേസമയം പ്രോട്ടിയാസിന് വേണ്ടി കഗീസോ റബാദ 18 ഓവറില്‍ 59 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും മാര്‍ക്കോ യാന്‍സന്‍, ഏയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതോടെ ഒരു മിന്നും റെക്കോര്‍ഡ് സ്വന്തമാക്കാനും പ്രോട്ടിയാസ് പേസ് ബൗളര്‍ കഗീസോ റബാദയ്ക്ക് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ മികച്ച സ്ട്രൈക്ക് റേറ്റ് നേടുന്ന ബൗളര്‍ ആകാനാണ് റബാദയ്ക്ക് കഴിഞ്ഞത് (മിനിമം 200 വിക്കറ്റ്)
കഗീസോ റബാദ – 39.1
ജസ്പ്രീത് ബുംറ – 42.1
ഡെയ്ല്‍ സ്‌റ്റെയിന്‍ – 42.4
വഖാര്‍ യൂനിസ് – 43.5
പാറ്റ് കമ്മിന്‍സ് – 45.7
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ വിക്കറ്റാണ് പ്രോട്ടിയാസിന് തുണയായത്.
ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
Content Highlight: Kagiso Rabada In Great Record Achievement In Test Cricket