ഐ.പി.എല്‍ 2026ലെ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്.
അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. സ്വന്തം തട്ടകത്തില്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനാണ് കുറച്ച് മുന്‍ തൂക്കം. എന്നാലും മറുവശത്ത് ആര്‍.സി.ബിയും ശക്തരാണ്.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ മുട്ടുകുത്തിച്ചാണ് ബെംഗളൂരു ഫൈനലിലേക്ക് ചേക്കേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ വിജയവുമായിട്ടാണ് ഗുജറാത്ത് ഫൈനല്‍ ടിക്കറ്റ് എടുത്തത്.
എന്നാല്‍ ഫൈനലില്‍ ഇരുവരും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത് ആര്‍.സി.ബി. സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ഗുജറാത്ത് ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയുമാണ്. 2026ലെ സീസണ്‍ തുടങ്ങിയത് മുതല്‍ ഇരുവരും തമ്മിലുള്ള വമ്പന്‍ റെക്കോഡ് ചെയ്‌സിങ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരമായിരുന്നു. സീസണിലെ വിക്കറ്റ് വേട്ടക്കാരന്‍ എന്ന നേട്ടത്തിലാണ് ഇരുവരും കുതിക്കുന്നത്.
കഗീസോ റബാദ
ഇന്ന് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ആരാകും ഈ 2026 സ്വന്തമാക്കുക എന്നാണ് ആരാധകരും ലക്ഷ്യം വെക്കുന്നത്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 9.44 എന്ന എക്കോണമിയില്‍ 28 വിക്കറ്റുമായി റബാദയാണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്.
ഭുവനേശ്വര്‍ കുമാര്‍ 15 മത്സരങ്ങളില്‍ നിന്ന് 8.00 എന്ന മിന്നും എക്കോണമിയില്‍ 26 വിക്കറ്റുംസ്വന്തമാക്കിയിട്ടുണ്ട്. രണ്ട് വിക്കറ്റിന്റെ വ്യത്യാസത്തിലാണ് ഭുവിയെങ്കിലും മത്സരത്തില്‍ വെടിച്ചില്ല് ബൗളിങ് പുറത്തെടുക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ റബാദയുടെയും ഭുവിയുടെയും മുന്നില്‍ ബാറ്റുമായി എത്തുന്നവര്‍ കുറച്ച് കരുതിയിരിക്കേണ്ടി വരുമെന്നത് ഉറപ്പാണ്.
അതേസമയം അണ്‍പ്രഡിറ്റബിളായ ഫൈനല്‍ പോരാട്ടത്തില്‍ കളത്തിലിറങ്ങുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ കണക്കുകള്‍ ആര്‍.സി.ബിക്ക് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. ഇരുവരും തമ്മില്‍ ഐ.പി.എല്ലില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ വിജയം സ്വന്തമാക്കിയത് ബെംഗളൂരുവായിരുന്നു. ഗുജറാത്തിന് നാല് വിജയമാണ് നേടാന്‍ സാധിച്ചത്. എന്തുതന്നെയായാലും ഇന്ന് അഹമ്മദാബാദില്‍ വമ്പന്‍ മത്സരത്തിന് തന്നെയാകും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്.
Content Highlight: Kagiso Rabada And Bhuvaneshwar Kumar In Record Race