| Sunday, 19th June 2022, 7:24 pm

'രണ്ടാളില്‍ ഒരുവന്‍ മണ്ണില്‍ വീഴും വരെ ഇനിയീ യുദ്ധം'; കടുവയിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ജേക്ക്സ് ബിജോയിയുടെ തകര്‍പ്പന്‍ ബി.ജി.എമ്മിന്റെ അകമ്പടിയോടെ പൃഥ്വിരാജിന്റെ മാസും ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ രണ്ടാം ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിവേക് ഒബ്രോയിയാണ്.

മാജിക്ക് ഫ്രെയിംസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലിറിക്കല്‍ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ്മ വരികളെഴുതി ലീബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്നാലപിച്ച ‘പാല്‍ വര്‍ണ്ണ കുതിരമേല്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടമാണ് ലിറിക്കല്‍ വിഡിയോയില്‍ കാണിക്കുന്നത്.

നേരത്തെ ജൂണ്‍ 19 വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ലിറിക്കല്‍ വീഡിയോ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരു മണിക്കൂര്‍ വൈകി ഏഴ് മണിക്കാണ് റിലീസ് ചെയ്തത്. ജൂണ്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും റിലീസ് നേരത്തെയാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഷാജി കൈലാസിന്റെ തിരിച്ചുവരവറിയിക്കുന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തില്‍ എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.


ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

ജന ഗണ മനയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി എലോണ്‍ എന്ന ചിത്രം നേരത്തെ ഷാജി കൈലാസ് പൂര്‍ത്തിയാക്കിയിരുന്നു. എലോണ്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight : Kaduva Movie song Lyrical video released

Latest Stories

We use cookies to give you the best possible experience. Learn more