തിരുവനന്തപുരം: ശബരിമല സ്വർണപാളി കേസിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വി.ഡി സതീശനെതിരെ താൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തയാണ് മനോരമ ന്യൂസ് ഇന്നലെ നൽകിയതെന്നും എന്ത് തരം മാധ്യമ പ്രവർത്തനമാണിതെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.
മനോരമ നൽകിയ വാർത്ത തെറ്റാണെന്നും കോടതിയിൽ നടന്നതെന്താന്നുള്ളതിന്റെ പ്രസ്താവന താൻ ഫേസ്ബുക്കിലും മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനുശേഷം വിവിധ മാധ്യമങ്ങളിൽ ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വന്നിട്ടുണ്ടെങ്കിൽ അതിന്റെ സോഴ്സ് ഒന്നായിരിക്കുമെന്നും ആ സോഴ്സ് ഊഹിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നേരിന്റെ ഒരു അംശം ഇല്ലാത്ത ആളാണ് വി.ഡി സതീശനെന്നും തന്റെ പേര് കേസിൽ വലിച്ചിഴയ്ക്കുന്നതിനുള്ള തെളിവുകൾ ചുണയുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി സതീശൻ കടകംപള്ളിക്കുനേരെ വ്യക്തിപരമായ അക്രമണങ്ങൾക്കെതിര നൽകിയ മാനനഷ്ടക്കേസ് നാളെ കോടതി പരിഗണിക്കും.
Content Highlight: Kadakampally Surendran against V.D. Satheesan