| Monday, 2nd February 2026, 4:40 pm

എപ്സ്റ്റീന്‍ ഫയലില്‍ കഅ്ബയും; യു.എ.ഇയിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് കിസ്‌വയുടെ ഭാഗങ്ങള്‍ യു.എസിലേക്ക് അയച്ചതായി വെളിപ്പെടുത്തല്‍

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: വിവാദ എപ്സ്റ്റീന്‍ ഫയലില്‍ കഅ്ബയുടെ ആവരണമായ കിസ്‌വയെ കുറിച്ചും വെളിപ്പെടുത്തല്‍. വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്‍ കിസ്‌വയുടെ മൂന്ന് ഭാഗങ്ങള്‍ അമേരിക്കയിലേക്ക് അയച്ചിരുന്നതായി ഫയലില്‍ പറയുന്നു. യു.എ.ഇയിലെ തന്റെ ചില ബന്ധങ്ങള്‍ ഉപയോഗിച്ചാണ് എപ്സ്റ്റീന്‍ ഈ കൈമാറ്റം നടത്തിയിരിക്കുന്നത്.

2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഇ-മെയില്‍ സംഭാഷണങ്ങളിലാണ് ഈ വിവരങ്ങളുള്ളത്. സൗദി അറേബ്യന്‍ സ്വദേശിനിയായ അസീസ് അല്‍ അഹമ്മദിയും അബ്ദുല്ല അല്‍ മാരി എന്ന വ്യക്തിയും ചേര്‍ന്നാണ് കൈമാറ്റം സാധ്യമാക്കിയത്.

ഫയലില്‍ പറയുന്നത് പ്രകാരം, കിസ്‌വയുടെ മൂന്ന് ഭാഗങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുഖേന ഫ്ലോറിഡയിലേക്ക് വിമാനച്ചരക്ക് വഴി എത്തിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധന ഒഴിവാക്കാന്‍ ‘കലാസൃഷ്ടികള്‍’ എന്ന വിഭാഗത്തിലാണ് ഇവ കയറ്റിയയച്ചത്.

കിസ്‌വയുടെ കൈമാറ്റം സംബന്ധിച്ച എപ്‌സ്റ്റീൻ ഫയലിലെ വിവരങ്ങൾ

കഅ്ബയുടെ ഉള്‍വശത്ത് ഉപയോഗിച്ചിരുന്ന ഒരു ഭാഗവും അവരണമായി ഉപയോഗിച്ചതിന്റെ മറ്റൊരു ഭാഗവും കഅ്ബയില്‍ ഉപയോഗിക്കാനായി തയ്യാറാക്കിയ ഒരു ഭാഗവുമാണ് യു.എസില്‍ എത്തിച്ചത്.

ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന മെയിലില്‍ എപ്സ്റ്റീനെ പേരെടുത്താണ് അല്‍ അഹമ്മദി അഭിസംബോധന ചെയ്തിരിക്കുന്നത്. കിസ്‌വയുടെ മതപ്രാധാന്യത്തെ കുറിച്ചും അഹമ്മദി പറയുന്നുണ്ട്.

‘സുന്നി, ഷിയ അടക്കമുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഏകദേശം 10 ദശലക്ഷം മുസ്‌ലിങ്ങൾ ആ കറുത്ത തുണി തൊട്ടിട്ടുണ്ട്,’ എന്നായിരുന്നു അഹമ്മദിയുടെ പരാമര്‍ശം. കഅ്ബയിലെ പ്രാര്‍ത്ഥനാ രീതികളെ കുറിച്ചും മെയിലില്‍ പരാമര്‍ശമുണ്ട്.

അതേസമയം എപ്സ്റ്റീനും അഹമ്മദിയും തമ്മിലുള്ള ബന്ധം എന്താണെന്നും എന്തിനുവേണ്ടിയാണ് കിസ്‌വയുടെ ഭാഗങ്ങള്‍ അമേരിക്കയിലേക്ക് അയച്ചതെന്നും മെയിലില്‍ വ്യക്തമല്ല.

എന്നാല്‍ 2017 സെപ്റ്റംബറില്‍ എപ്സ്റ്റീന്റെ വിവരങ്ങളറിയാന്‍ അഹമ്മദി അദ്ദേഹത്തിന്റെ സെക്രട്ടറിയെ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എപ്‌സ്റ്റീന്റെ സ്വകാര്യദ്വീപില്‍ ഇര്‍മ ചുഴലിക്കാറ്റുണ്ടായ സമയത്താണ് അഹമ്മദി വിവരങ്ങള്‍ തിരക്കിയത്. പക്ഷേ എപ്സ്റ്റീന്റെ ദ്വീപില്‍ നടന്നിരുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് അഹമ്മദിക്ക് അറിവുണ്ടോയിരുന്നോ എന്നതില്‍ വ്യക്തതയില്ല.

പിന്നീട് ഒരിക്കല്‍ എപ്സ്റ്റീന്റെ ലെസ്ലി ഗ്രോഫ് എന്ന സഹായി അഹമ്മദിക്ക് ഒരു ഡി.എന്‍.എ കിറ്റ് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എപ്സ്റ്റീനും അഹമ്മദിയും തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നത് കുറവായിരുന്നുവെന്ന് തെളിയിക്കുന്ന മെയിലുകളും യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിലുണ്ട്.

Content Highlight: Kaaba also in Epstein file; revelation that parts of the Kiswa were sent to the US using contacts in the UAE

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more