| Thursday, 4th September 2025, 5:28 pm

മരിച്ചവരുടെ നാവ്

കെ.എ സെയ്ഫുദ്ദീന്‍

കണ്ണുനീരുകള്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയാറില്ല എന്ന് പറയാറുണ്ട്. എപ്പോഴെങ്കിലും അത് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കവിളിലൂടെ ഒഴുകിയിറങ്ങുന്ന രണ്ട് നീര്‍ച്ചാലുകളുടെ നേരിയ ഉപമയായിരിക്കും ബദ്ധപ്പെട്ട് മനസ്സില്‍ വരിക. അതുമല്ലെങ്കില്‍, ഒരു കര്‍ച്ചീഫിനാലോ കൈപ്പടത്താലോ അമര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനിടയിലൂടെ പുറത്തുചാടുന്ന തെളിനീരിന്റെ ഉപമ.

പക്ഷേ, കാലമെത്ര കടന്നാലും മനസ്സില്‍ നിന്ന് മാഞ്ഞുപോകാതെ ഒരു കരച്ചില്‍ നില്‍പ്പുണ്ട്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പുറത്തുവന്ന ആ കണ്ണീര്‍ കണ്‍കോണുകളില്‍ നിന്ന് അടര്‍ന്ന് വീണതായിരുന്നില്ല. ഹൃദയം മുറിഞ്ഞ് പുറത്തുവന്ന ചോരത്തുള്ളികള്‍ തന്നെയായിരുന്നു.

അതും എന്റെ ഉമ്മയുടെ പ്രായമുള്ള സ്ത്രീയില്‍നിന്ന്. ഞാന്‍ കണ്ട ഏറ്റവും ധൈര്യമുള്ള മനുഷ്യന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരമായി എനിക്ക് പറയാനുള്ളത് അവരുടെ പേരായിരുന്നു.

ഊരും പേരും അറിയാത്തവരും മുഖമില്ലാത്തവരും മുതല്‍ ജോണ്‍ എബ്രഹാമിനെയും പത്മരാജനെയും പോലുള്ള പ്രശസ്തരുടെ വരെ ശരീരത്തില്‍ കത്തിയാഴ്ത്തി മരണത്തിന്റെ നേര് ചികഞ്ഞ അവര്‍ മരിച്ചവരുടെ നാവായിരുന്നു.

ഡോ. ഷേര്‍ളി വാസു

ഡോ. ഷേര്‍ളി വാസു എന്ന ഏറ്റവും ധീരയായ ആ വനിത എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ ആ നിമിഷത്തെ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരിക്കലും മറക്കാത്ത അനുഭവമായി നില്‍ക്കുന്നു.

ചെയ്തുകൂട്ടിയ പോസ്റ്റ്മോര്‍ട്ടങ്ങളെക്കുറിച്ച് അവരുടെ കൈയില്‍ കണക്കുകള്‍ കൃത്യമായുണ്ടോ എന്നറിയില്ല. പക്ഷേ, ചില പോസ്റ്റ്മോര്‍ട്ടങ്ങള്‍ അവര്‍ക്കും മറക്കാന്‍ കഴിയുന്നില്ല.

ചില വാര്‍ത്തകള്‍ അലച്ചുകയറി വരുമ്പോഴൊക്കെ ആ കരച്ചിലും മനസ്സിലേക്ക് കടന്നുവന്ന് ഒത്തിരി ചോദ്യങ്ങള്‍ തൊടുക്കും. ഫോര്‍മലിനിന്റെ ഗന്ധം നുഴഞ്ഞുകയറിവരുന്ന മുറിയിലിരുന്ന് അവര്‍ മുള ചീന്തുന്നപോലെ കരയുമ്പോള്‍ തൊട്ടപ്പുറത്തെ മുറിയില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ ഏതോ മൃതദേഹത്തില്‍ കത്തിമുനയാഴ്ത്തി മരണകാരണം ചികയുന്നുണ്ടായിരുന്നു.

പ്രശസ്തരായവരുടെതല്ല അവയില്‍ പലതും. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കി മരിച്ച അമ്മമാരുടെ, കാമുകനൊപ്പം ജീവനൊടുക്കിയ കാമുകിയുടെ, ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ട ഭാര്യയുടെ, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ….. അങ്ങനെയങ്ങനെ.. എത്രയെത്രയോ മരണങ്ങള്‍…

അതിനിടയില്‍ ഒരു ദിവസം രാവിലെ പൊലീസുകാര്‍ പഴമ്പായയില്‍ കെട്ടി മേശപ്പുറത്തുകൊണ്ടുവെച്ച കെട്ടിന് വലിപ്പവും ഭാരവും കുറവായിരുന്നു. വെറും മൂന്ന് വര്‍ഷത്തിന്റെ ജീവിതാനുഭവം മാത്രം ഈ ഭൂമിയിലുള്ള ഒരു പെണ്‍കുഞ്ഞിന്റെ ജീവനറ്റ ആ ശരീരത്തിലെ മുറിവുകള്‍ക്ക് പക്ഷേ, മൂന്ന് വര്‍ഷത്തിന്റെയല്ല മുഴുവന്‍ പുരുഷവര്‍ഗത്തിന്റെയും ജീവിതാനുഭവത്താല്‍ കത്തിച്ചെടുത്ത കാമത്തിന്റെ മൂര്‍ച്ചയുണ്ടായിരുന്നു.

കോഴിക്കോട് മാവൂര്‍ റോഡിലെ കടത്തിണ്ണയില്‍ നാടോടിയായ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആ കുഞ്ഞിനെ കാമപൂര്‍ത്തീകരണം കഴിഞ്ഞ് ശ്വാസം മുട്ടിച്ച് കൊന്ന് തള്ളിയതായിരുന്നു. ഉറുമ്പരിച്ച ആ കുഞ്ഞിന്റെ ശരീരത്തെ ഒരിക്കലും ഒരു വസ്ത്രത്തിന്റെ നിഴല്‍പ്പാടും മറച്ചിരുന്നില്ല.

ആ അനുഭവം പറയുമ്പോള്‍ അവരിലെ സ്ത്രീ ഒരു അമ്മയായി. ഒരു തെരുവ് കുഞ്ഞിന്റെ അമ്മ.

”…… ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ കത്തിയാഴ്ത്തേണ്ടിവന്നത് ഏത് ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്നറിയില്ല. പക്ഷേ, ആ കുഞ്ഞിന്റെ ശരീരം കീറിമുറിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്തവിധം എന്റെ ഹൃദയം പിടഞ്ഞു. ഒരു വസ്ത്രത്തിന്റെ മറ പോലുമില്ലാത്ത ആ ജീവിതത്തിന് ഈ സമൂഹം മൊത്തത്തില്‍ ഉത്തരവാദിയാണ്. ഞാന്‍ ഉത്തരവാദിയാണ്. നിങ്ങളും ഉത്തരവാദിയാണ്….”

പിന്നെ ആ വാക്കുകള്‍ മുഴുമിക്കുന്നതുവരെ കാത്തുനില്‍ക്കാനുള്ള ശക്തിയില്ലാതിരുന്നതിനാല്‍ അഭിമുഖം അവസാനിപ്പിച്ച് ഞാന്‍ ഇറങ്ങി പോന്നു. എത്തിനോക്കാന്‍ പകലിനുപോലും പേടിയുള്ള ആ വരാന്തയിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ആ കരച്ചില്‍ പിന്നാലെ വന്ന് കരള്‍ മാന്തിപ്പൊളിക്കുന്നുണ്ടായിരുന്നു.

ഇടനാഴിയില്‍ വിങ്ങിവിങ്ങി പൊട്ടിക്കൊണ്ടിരുന്നത് ആരുടെ കരച്ചിലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഡോക്ടറുടെയോ? ആ പിഞ്ചു കുഞ്ഞിന്റെയോ? അതോ എന്റെ തന്നെയോ?

ആ കരച്ചില്‍ വീണ്ടും ചെവി തുളച്ച് കടന്നുവന്നത് തിരൂരിലെ കടത്തിണ്ണയില്‍ നിന്നാണ്. അതും ഒരു നാടോടി പെണ്‍കുട്ടി. മൂന്ന് വയസ്സ് പ്രായം. വസ്ത്രത്തിന്റെ തണല്‍പോലുമില്ലാത്ത ജീവിതം. എന്നിട്ടും…

അതേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആ കുഞ്ഞ് കിടക്കുന്നു. എന്താണ് സംഭവിച്ചത് എന്നുപോലും തിരിച്ചറിയാത്ത പ്രായത്തില്‍. മരണത്തിനും ജീവിതത്തിനുമിടയില്‍.

തിരൂരില്‍നിന്നുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും ഡോ. ഷേര്‍ളി വാസുവിന്റെ കണ്ണുനീര്‍ പിന്തുടര്‍ന്ന് വരുന്നു. നിസ്സഹായമായ ജീവിതത്തിന്റെ ഇടനാഴികളില്‍ മുഴങ്ങുന്ന വിലാപങ്ങള്‍ കണക്കെ.

കുറ്റവാളിയെ കണ്ടത്തൊനുള്ള ചോദ്യപ്പട്ടിക തയാറാക്കുന്ന ബദ്ധപ്പാടിലാണ് ഓരോരുത്തരും. ഡോ. ഷേര്‍ളി വാസു പറഞ്ഞതാണ് ശരിയുത്തരം. ഞാന്‍ ഉത്തരവാദിയാണ്… നിങ്ങള്‍ ഉത്തരവാദിയാണ്… നമ്മള്‍ ഓരോരുത്തരും ഉത്തരവാദിയാണ്…

മുറിവാല്‍…

ദൈവം ഏല്‍പിച്ച നിയോഗം കണക്കെ ആത്മാര്‍ത്ഥമായി ഈ ജോലി ഏറ്റെടുക്കുകയായിരുന്നു ഡോ. ഷേര്‍ളി വാസു. അതില്‍ വിട്ടുവീഴ്ചകളില്ലാതെ അവര്‍ നിലനിന്നു. ആ നിലപാടാണ് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കോടതിമുറിയില്‍ നിന്ന് സംസാരിച്ചത്. അപ്പോള്‍ അവര്‍ സൗമ്യയുടെ നാവായിരുന്നു. മരിച്ചവര്‍ക്ക് തിരികെ വന്ന് പറയാന്‍ കഴിയാത്തതുകൊണ്ട് കോടതിമുറിയില്‍ അവളുടെ പ്രതിനിധിയായി.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്റ്റെയര്‍കെയ്സിലൂടെ വലിച്ചിഴച്ച് തലയ്ക്ക് ക്ഷതമേറ്റ് മരിച്ചുപോയ ഒരു കോഴിക്കോട്ടുകാരി പെണ്‍കുട്ടിയുടെ പിതാവ് നീതി തേടി കോടതി വരാന്തകള്‍ കയറിയിറങ്ങിയ കാഴ്ച കാണേണ്ടിവന്നു അടുത്തിടെ.

ആ പെണ്‍കുട്ടിയുടെ ജീവന്റെ ചൂടാറുന്നതിന് മുമ്പ് മറ്റൊരു പെണ്ണ് കെട്ടി അയാള്‍ ജീവിതം സുഖിക്കാനിറങ്ങി. അവളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല എന്ന ഒരൊറ്റ കാരണത്താലായിരുന്നു ആ രക്ഷപ്പെടല്‍.

കേസുമായി മുന്നോട്ട് പോയാല്‍ മകളുടെ ശവം പുറത്തെടുത്ത് കീറിമുറിപ്പിക്കും എന്ന സെന്റിമെന്റല്‍ ഭീഷണിയായിരുന്നു അവന്‍ പ്രയോഗിച്ചത്. മരണത്തിന് ശേഷമെങ്കിലും മകള്‍ക്ക് സമാധാനമുണ്ടാകട്ടെ എന്ന് സമാശ്വസിച്ച ആ രക്ഷിതാവ് കേസില്‍നിന്ന് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു പിതാവിന്റെ സങ്കടങ്ങള്‍ കോടതി വരാന്തയില്‍ കണ്ടു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമാകുന്നതിന് മുമ്പ് മകളെ ചവിട്ടിക്കൊന്ന മരുമകന്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നെങ്കില്‍ ജയിലഴി എണ്ണുമായിരുന്ന അവന്‍ മരിച്ച പെണ്ണിന്റെ രക്ഷിതാക്കള്‍ താലോലിക്കുന്ന തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേസും കൊടുത്തു.

ഡോ. ഷേര്‍ളി വാസു പറയുന്നത് ഇതാണ്. മരിച്ചവന്റെ നാവാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സര്‍ജന്‍. ആ നാവ് സംസാരിക്കട്ടെ.

ഡോ. ഷേര്‍ളി വാസുവിനെ കുറിച്ച് 2013ല്‍ കെ.എ. സെയ്ഫുദ്ദീന്‍ ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനം

Content Highlight: KA Saifudeen’s writeup about Dr Sherly Vasu

കെ.എ സെയ്ഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more