പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ബലമായി മോചിപ്പിച്ചുവെന്ന ആരോപണത്തിനിടെ പ്രതികരണവുമായി കെ.യു. ജെനിഷ് കുമാര്‍ എം.എല്‍.എ. തലപോയാലും ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ജെനിഷ് കുമാര്‍ പ്രതികരിച്ചത്.
കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളില്‍ ചില ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നാണ് മനസിലാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജെനിഷ് കുമാറിന്റെ പ്രതികരണം.
നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തിയെന്നും അതില്‍ പങ്കെടുക്കാനാണ് കോന്നിയില്‍ എത്തിയതെന്നും എം.എല്‍.എ പറഞ്ഞു.
ഈ സമയം ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം തന്നോട് പറഞ്ഞതായും എം.എല്‍.എ കുറിച്ചു. തുടര്‍ന്ന് ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നു.
പ്രദേശവാസികള്‍ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ‘ഇന്നലെ മാത്രം 11 പേരെ’ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജെനിഷ് കുമാര്‍ പ്രതികരിച്ചു.
ഇതിനെ തുടര്‍ന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരെയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നതെന്നും ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്യായമായി കസ്റ്റഡിയില്‍വച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോയിലെ തന്റെ പരാമര്‍ശങ്ങള്‍ക്കെതിരായ മാധ്യമ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടുവെന്നും അത്തരം പരാമര്‍ശങ്ങളല്ല, ആ നാടും അവര്‍ക്കുവേണ്ടി താന്‍ ഉയര്‍ത്തിയ വിഷയവുമാണ് പ്രധാനമെന്നും ജെനിഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ആദ്യം പ്രതിഷേധവുമായി വരുന്നത് ജനങ്ങളായിരിക്കുമെന്നും പിന്നീട് നക്‌സലൈറ്റുകളായിരിക്കുമെന്നുമാണ് എം.എല്‍.എ സ്റ്റേഷനില്‍ വെച്ച് പറഞ്ഞത്. എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്രസംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടി വന്നതെന്നും എം.എല്‍.എ വ്യക്തമാക്കി.
കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളാര്‍ വേലിയില്‍ അനുവദനീയമായതിലും കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ഷോക്കിന് കാരണമായതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തില്‍ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എം.എല്‍.എ എത്തി സ്റ്റേഷനില്‍ നിന്ന് ഇറക്കിയത്.
Content Highlight: K.U. Jenish Kumar MLA responds to allegations