പാനൂര്‍: പ്രശസ്ത സാഹിത്യകാരന്‍ കെ.തായാട്ട് (കുഞ്ഞനന്തന്‍ 84) അന്തരിച്ചു. നാടകനടന്‍, നാടകകൃത്ത്, ബാലസാഹിത്യകാരന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. 1975ല്‍ അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും 1976ല്‍ ദേശീയ അവാര്‍ഡും ലഭിച്ചു. റേഡിയോ നാടകങ്ങളിലൂടെ ആകാശവാണിയുടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കെ.തായാട്ട്. ഭാര്യ: സി.ടി.പത്മിനി (റിട്ട.അധ്യാപിക, പാനൂര്‍ യുപി സ്‌കൂള്‍). മക്കള്‍: രാഹുല്‍, രാജീവ്, രാധേയന്‍, രാജേന്ദ്രന്‍ തായാട്ട്(നാടക സംവിധായകന്‍)രാജ്കബീര്‍, രാധിക. മരുമക്കള്‍: അഡ്വ. വിജയന്‍, ശ്രീലത (അധ്യാപിക, റാണി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വടകര), രാഗിണി (അധ്യാപിക, മഹാത്മാ ഗാന്ധി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മാഹി), ഷീജ, ദിവ്യ, ദിവ്യ.
1927 ഫിബ്രവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍, ബി.ഇ.എം.പി. ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ് (ഇന്റര്‍മീഡിയറ്റ്) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കഥ,കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം, യാത്രാവിവരണം എന്നീ മേഖലകളില്‍ 42 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നാം ചങ്ങല പൊട്ടിച്ച കഥ റഫറന്‍സ് ഗ്രന്ഥമാണ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികള്‍ക്ക് എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഒരു െ്രെപമറി സ്‌കൂള്‍ അധ്യാപകന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു തായാട്ട്.
1952ല്‍ പാനൂര്‍ യു.പി. സ്‌കൂളില്‍ അധ്യാപകനായി ചേരുന്നതിനുമുമ്പ് കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂളിലും ചൊക്ലി ലക്ഷ്മീവിലാസം എല്‍.പി. സ്‌കൂളിലും ഏതാനുംമാസങ്ങള്‍ ജോലി ചെയ്തിരുന്നു. 1951ല്‍ പ്രസിദ്ധീകരിച്ച “പുത്തന്‍കനി” ആണ് ആദ്യ കഥാസമാഹാരം. 1953ലാണ് ആദ്യ കവിതാസമാഹാരമായ “പാല്‍പ്പതകള്‍” പ്രസിദ്ധീകരിച്ചത്. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു തായാട്ട്. ദ ഗാര്‍ഡന്‍ എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി റേഡിയോ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണി നിലയത്തില്‍ പുറത്തുനിന്നൊരാളുടെ നാടകം ആദ്യമായി പ്രക്ഷേപണം ചെയ്തത് തായാട്ടിന്റെ തോട്ടക്കാരന്‍ എന്ന നാടകമാണ്.