തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് ഭാഷ ന്യൂനപക്ഷ സ്‌കൂളായ കുന്താര്‍ എ.യു.പി സ്‌കൂളിലെ പ്രധാനാധ്യാപിക എ.കെ ദാക്ഷായണിക്ക് കെ.ടെറ്റ് യോഗ്യതയില്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സുപ്രീം കോടതി വിധികള്‍ പരിഗണിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് 2014ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
2025ല്‍ നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിയപ്പോഴും ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളെ ഒഴിവാക്കിയിരുന്നു. 2026 ലെ പുനപരിശോധിനാ ഉത്തരവിലും ഇത് ബാധകമായിരുന്നില്ല. എന്നാല്‍ സ്‌കൂളിന്റെ മാത്രം ന്യൂനപക്ഷപദവി പരിഗണിച്ചുള്ള ഉത്തരവില്‍ നിരവധി അധ്യാപകര്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
പി.എസ്.സി നിയമനം ലഭിച്ച് മറ്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ള അധ്യാപകര്‍ക്ക് ഈ അവകാശം ലഭിക്കില്ലെന്നതാണ് ആശങ്ക. ഇത്തരം വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് എജുക്യേഷന്‍ പുറത്തിറക്കണമെന്നാണ് ആവശ്യം.
Content Highlight: K-TET not required for teachers in minority-status schools: General Education Department issues order.