ഭരണഘടനയ്ക്കെതിരെ വീണ്ടും ആര്‍.എസ്.എസ് രംഗത്തുവന്നിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇത് മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിനും ഭരണഘടനയ്ക്കും തന്നെ എതിരായ മനുവാദികളുടെ ഉറഞ്ഞുതുള്ളലാണ്. 1976ല്‍ 42ാം ഭരണഘടന ഭേദഗതിയോടെയാണ് സോഷ്യലിസ്റ്റ്, മതനിരപേക്ഷത എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തതെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അന്തര്‍ധാരയായിരിക്കുന്നത് സാമൂഹ്യനീതിയും സമത്വവുമാണ്.
ദത്താത്രേയ ഹൊസബലെ
സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും അന്തസത്തയില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമെന്നത് വൈവിധ്യങ്ങളെയും ബഹുസംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതും സോഷ്യലിസത്തെ ലക്ഷ്യമായെടുക്കുന്നതുമാണ്.
ദത്താത്രേയയെ പോലുള്ള ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്ത ആര്‍.എസ്.എസുകാര്‍ അടിയന്തരാവസ്ഥയില്‍ ഭേദഗതി വരുത്തിചേര്‍ത്താണ് മതനിരപേക്ഷതയും സോഷ്യലിസവും അതുകൊണ്ട് ആ വാക്കുകള്‍ എടുത്തുകളയണമെന്നും അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ഈ രണ്ടു പദങ്ങളും ഉണ്ടായിരുന്നില്ലെന്നും വാദിച്ച് ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അംബേദ്കറെ പോലും കൂട്ടുപിടിച്ച് തങ്ങളുടെ മതരാഷ്ട്രനിര്‍മിതിക്കാവശ്യമായ രീതിയില്‍ ഭരണഘടനയെയും ഭേദഗതി ചെയ്തെടുക്കാനുള്ള കുത്സിത താത്പര്യമാണ് ഇത്തരം വാദങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത്.
ഒരു സംശയവുമില്ല, തീവ്രഹിന്ദുത്വ അജണ്ടയില്‍ നിന്നുള്ള നീക്കങ്ങളാണിത്. തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടക്കാവശ്യമായ രീതിയില്‍ ഭരണഘടനയെ തന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ കഴിഞ്ഞ കുറേക്കാലമായി ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
1998-ലെ വാജ്പേയ് സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജണ്ട നടപ്പാക്കാനുമായി ഒരു ഭരണഘടനാ കമ്മീഷനെ തന്നെ നിയമിക്കുകയുണ്ടായി. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്പേയ് സര്‍ക്കാരിന്റെ നീക്കങ്ങളെ ശാസിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.
അടല്‍ ബിഹാരി വാജ്പേയ്
2000ലെ റിപ്പബ്ലിക് ദിനത്തിന്റെ സുവര്‍ണ ജൂബിലി സന്ദേശത്തിലാണ് കെ. ആര്‍. നാരായണന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാര്‍ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവില്‍വന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളെയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കനുകൂലമായ സാമൂഹ്യനീതി തത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള സംഘപരിവാര്‍ അജണ്ടയെ താക്കീത് ചെയ്തുകൊണ്ട് കെ. ആര്‍. നാരായണന്‍ പറഞ്ഞത്, ഭരണസ്ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നാണ്.
കെ. ആര്‍. നാരായണന്‍
രാജ്യത്തിന്റെ വൈവിധ്യവും സാമൂഹ്യവികസനരംഗത്തെ പ്രശ്നങ്ങളും അഭിസംബോധന ചെയ്യാനാവശ്യമായ സമീപനമാണിന്ന് ആവശ്യം. അല്ലാതെ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവല്‍ഗണിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാജ്പേയ്ക്ക് നടപ്പിലാക്കാന്‍ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോദിയും അമിത് ഷായും കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവര്‍ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുത്സിതശ്രമങ്ങളിലാണ്.
നരേന്ദ്ര മോദിയും അമിത് ഷായും
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. വിദ്വേഷരാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെതന്നെ കുഴിച്ചുമൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വനിയമം, മുത്തലാഖ്, എന്‍.ഐ.എ-യു.എ.പി.എ നിയമഭേദഗതികള്‍ ചെയ്തതും ഇന്ത്യന്‍ ഭരണഘടനയെതന്നെ ലക്ഷ്യം വെച്ചുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികള്‍ തിരിച്ചറിയാതെ പോകരുത്.
പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളെയാണ് ഭരണഘടന അതിന്റെ അടിസ്ഥാനവും ആദര്‍ശലക്ഷ്യങ്ങളുമായി വിഭാവനം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭരണഘടനാ നിര്‍മാണസഭ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
ചരിത്രത്തിന്റെ എല്ലാവിധത്തിലുള്ള സങ്കുചിതമായ ദുര്‍വ്യാഖ്യാനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ദേശീയ നേതൃത്വം ഭരണഘടനയുടെ സമത്വാധിഷ്ഠിത സാമൂഹ്യദര്‍ശനം രൂപപ്പെടുത്തിയത്.
ഇന്ത്യന്‍ ഭരണഘടന
ഭിന്നമതങ്ങളും ഭാഷകളും ജാതിവംശവിഭാഗങ്ങളും ബഹുസംസ്‌കാരങ്ങളും സഹവര്‍ത്തിച്ച് നിലകൊള്ളുന്ന ദേശീയതാസങ്കല്‍പമാണ് ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അതായത് നനാത്വത്തില്‍ ഏകത്വമെന്ന ജനാധിപത്യപരമായ ദേശീയതാസങ്കല്‍പമാണ് ഭരണഘടനയുടേത്.
ഭരണഘടനാശില്‍പികള്‍ ലോകചരിത്രഗതികളെയാകെ പഠിക്കുകയും വിവിധ രാജ്യങ്ങളിലെ ലിഖിതവും എഴുതപ്പെടാത്തതുമായ ഭരണഘടനകളെ പരിശോധിക്കുകയും ജനാധിപത്യത്തിന്റെ ഭിന്നരൂപങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളിലൂന്നുകയും സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന. ജാതിമതലിംഗ ഭേദങ്ങളില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന പ്രമാണമാണ് ഭരണഘടനയുടെ മൗലികദര്‍ശനം.
എല്ലാവര്‍ക്കും സംഘടിക്കാനും ഇഷ്ടമുള്ള ആശയങ്ങളില്‍ വിശ്വസിക്കാനും ആശയപ്രകാശനം നടത്താനുമുള്ള മൗലികാവകാശങ്ങള്‍ ഓരോ വ്യക്തിക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു.
സമത്വാശയങ്ങളെയും മതനിരപേക്ഷമൂല്യങ്ങളെയും ജനാധിപത്യത്തെയും എന്നും എതിര്‍ത്തുപോന്ന മതരാഷ്ട്രവാദികള്‍ ഒരുകാലത്തും ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ആര്‍.എസ്.എസുകാര്‍ എന്നും ഇന്ത്യന്‍ ഭരണഘടനയെ ഹിന്ദുവിരുദ്ധ ഭരണഘടനയായിട്ടാണ് കണ്ടത്.
തങ്ങളുടെ മതരാഷ്ട്ര അജണ്ടയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന ഭരണഘടനയെ പൊളിച്ചെഴുതുകയെന്നത് എക്കാലത്തെയും അവരുടെ അജണ്ടയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം ചേര്‍ന്ന വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്സമിതി (സന്യാസിസഭ) ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സ്വാമി മുക്താനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ഒരു നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘപരിവാറിന്റെ ഭരണഘടനാ വിമര്‍ശനത്തിന്റെ ഒരു കരട് രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.
അതിലവര്‍ നടത്തുന്ന ഭരണഘടനാവിമര്‍ശനം കൗതുകകരമാണ്;
”ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും സമുദായ സൗഹാര്‍ദവും തകര്‍ക്കുന്നതിന് ഉത്തരവാദിയാര്? വിശപ്പും ദാരിദ്ര്യവും അഴിമതിയും മതനിഷേധവും വര്‍ധമാനമാകുന്നതിന് ഉത്തരവാദിയാര്? ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന.”
എത്ര ബാലിശവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ ഭരണഘടനാവിമര്‍ശനമാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ഭരണഘടനയ്ക്ക് പോരായ്മകള്‍ ഉണ്ടാകാം. അത് നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി പരിഹരിക്കാവുന്നതാണ്.
നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ചൂഷകവര്‍ഗബന്ധങ്ങളെ പൊളിച്ചെഴുതാനൊന്നും ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ ഭരണഘടനയെന്നകാര്യത്തില്‍ പുരോഗമനജനാധിപത്യവാദികള്‍ക്ക് ഒട്ടും സംശയമില്ല.
ഭരണഘടനയുടെ സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും തുല്യതയുടെയും മൂല്യങ്ങളെ തന്നെയാണ് ഹിന്ദുത്വവാദികള്‍ അങ്ങേയറ്റത്തെ നിഷേധബോധത്തോടെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. മധ്യകാലിക ബ്രാഹ്‌മണമൂല്യങ്ങളെ പുനരാനയിക്കാനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വര്‍ത്തമാന മനുഷ്യപ്രശ്നങ്ങള്‍ക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍.എസ്.എസിന്റേത്. മുക്താനന്ദയുടെ ഭരണഘടനാ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ഭരണഘടനയുടെ ജനവിരുദ്ധതയായി കാണുന്നത് സ്ത്രീകള്‍ക്കും പിന്നോക്ക ദളിത് ന്യൂനപക്ഷസമൂഹങ്ങള്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായുള്ള വ്യവസ്ഥകളെയാണ്. ഈ വ്യവസ്ഥകളെല്ലാം ഹിന്ദുവിരുദ്ധമാണെന്നാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മനുസ്മൃതി
ഭരണഘടനയുടെ സാമൂഹ്യനീതിതത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് നിര്‍ദയമായി വാദിക്കുകയാണ് ഹിന്ദുത്വവാദികള്‍. ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസിലോ മറ്റെവിടെയുമോ യാതൊരുവിധ സംവരണവും നല്‍കാന്‍ പാടില്ലെന്നാണ് സ്വാമി മുക്താനന്ദസരസ്വതി നിര്‍ദേശിച്ചിരിക്കുന്നത്.
സംവരണം വിഭജന വിഘടനവികാരങ്ങളെ പോഷിപ്പിക്കുമെന്നാണല്ലോ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചിട്ടുള്ളത്.
ഗോള്‍വാള്‍ക്കർ
വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്സമിതി മുന്നോട്ടുവെച്ച ഭരണഘടനാ വിമര്‍ശനരേഖ ഇന്ത്യന്‍ പതാകയെയും ദേശീയ ഗാനത്തെയും തള്ളിക്കളയുകയാണ്. സംഘപരിവാറിന്റെ അപരമതവിദ്വേഷവും അസഹിഷ്ണുതയുമാണ് സ്വാമി മുക്താനന്ദ സരസ്വതിയുടെ രേഖയിലുടനീളമുള്ളത്.
രേഖ പറയുന്നത്; ”ദേശീയപതാകയായി വിശേഷിപ്പിക്കുന്ന പതാകയില്‍ ഒരു അശോക ചക്രമുണ്ട് അത് സാമ്രാജ്യത്വ ഗന്ധം നല്‍കാനേ ഉപകരിക്കുന്നുള്ളൂ.” അശോക ചക്രവര്‍ത്തിയുടെയും ബുദ്ധദര്‍ശനത്തിന്റെയും പ്രതീകമായ അശോക ചക്രം സ്നേഹവും സമത്വവും സാഹോദര്യവും മറ്റുമായ ബുദ്ധമൂല്യങ്ങളെയാണ് പ്രതീകവത്കരിച്ചിരിക്കുന്നത്.
ബുദ്ധന്റെ പ്രജ്ഞയുടെയും കരുണയുടെയും ദര്‍ശനങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയുകയും പുച്ഛിക്കുകയുമാണ് സ്വാമി മുക്താനന്ദ സരസ്വതി.
1993 ജനുവരി 29-ന്റെ ഫ്രണ്ട്ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു അഭിമുഖത്തില്‍ സ്വാമി മുക്താനന്ദസരസ്വതി മതകാര്യങ്ങളില്‍ ഒരു ഇടപെടലും ഉണ്ടാകാന്‍ പാടില്ലെന്ന് വാദിച്ചുകൊണ്ടുതന്നെ എല്ലാവര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്നാണ്.
മനുസ്മൃതി നിയമമാക്കണമെന്നും പ്രയോഗത്തില്‍ കൊണ്ടുവരണമെന്നുമാണ് ഒരു മറയുമില്ലാതെ മുക്താനന്ദ പറയുന്നത്. മനുസ്മൃതി അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യംവെച്ചാണ് ആര്‍.എസ്.എസ് ദ്രുതഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേകപദവി റദ്ദ് ചെയ്തതും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് പൗരത്വനിയമവും വിവാഹമോചന നിയമവും ഭേദഗതി ചെയ്തതും സംവരണം എടുത്തുകളയാനുള്ള നീക്കമാരംഭിച്ചിരിക്കുന്നതും ഹിന്ദുരാഷ്ട്രഅജണ്ടയുടെ ഭാഗമായിട്ടാണ്.
ഇപ്പോഴവര്‍ കേന്ദ്രഭരണാധികാരത്തിന്റെ സൗകര്യമുപയോഗിച്ച് തങ്ങളുടെ ഹിന്ദുരാഷ്ട്രഅജണ്ട നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളിലാണ്.
Content highlight: K.T. Kunjikannan writes criticizing Dattatreya Hosabale for making unconstitutional remarks