| Friday, 27th March 2026, 8:16 pm

ആരാണ് കേരളത്തിലെ ബന്‍വരിലാല്‍ പുരോഹിത്?

കെ.ടി. കുഞ്ഞിക്കണ്ണന്‍

ആരാണ് കേരളത്തിലെ ഇപ്പോഴത്തെ ബന്‍വരിലാല്‍ പുരോഹിത്? അതെ കേരളത്തിലെ കോണ്‍ഗ്രസിനെ ബി.ജെ.പിയോട് അടുപ്പിക്കുന്ന രഹസ്യബാന്ധവങ്ങളുടെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്.

ഹിന്ദുത്വഫാസിസത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോള്‍വള്‍ക്കറുടെ ചിത്രത്തിനുമുമ്പില്‍ തിരിതെളിച്ച് കൈകൂപ്പി കുമ്പിട്ടുനിന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആര്‍.എസ്.എസിന്റെ ശാഖകള്‍ക്ക് കാവല്‍നിന്ന ഭൂതകാലത്തില്‍ അഭിമാനവിജ്രംഭിതനാകുന്ന കെ.സുധാകരനും എല്ലാ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

വി.ഡി.സതീശനും കെ.സുധാകരനും

1960 ല്‍ പട്ടാമ്പിയില്‍ ഇ.എം.എസിനെതിരെ നോമിനേഷന്‍ നല്‍കിയ ജനസംഘം സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ച് ആര്‍.എസ്.എസുമായി കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയ അപരാധപൂര്‍ണമായ ചരിത്രമാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ളത്.

ഇപ്പോള്‍ സി.പി.ഐ.എം ആര്‍.എസ്.എസ് ബന്ധത്തെയും ഡീലുകളെയും സംബന്ധിച്ച കഥകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ അപകടകരമായ സംഘപരിവാര്‍ ബാന്ധവത്തിന് മറ സൃഷ്ടിക്കാനുള്ള വൃഥാശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ചരിത്രബോധത്തെയാണ് പരിഹസിക്കുന്നത്.

1991 ല്‍ വടകരയിലും ബേപ്പൂരിലും കോലീബി പരീക്ഷണം നടത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ എക്കാലത്തും കേരളത്തില്‍ സംഘപരിവാറിന്റെ സഹായം തേടിയിട്ടുള്ളവരാണ്. ഇപ്പോള്‍ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇടതുപക്ഷഭരണത്തിന് തുടര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള പൊതു അജണ്ടയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികള്‍ യു.ഡി.എഫുമായി രഹസ്യബാന്ധവത്തിലാണെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

2011ല്‍ നേമത്തും 2024ല്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നാണ് ബി.ജെ.പിക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതെന്ന യാഥാര്‍ത്ഥ്യം ആരും മറന്നുകളയരുത്.

ആര്‍.എസ്.എസ് ബി.ജെ.പി-കോണ്‍ഗ്രസ് ബാന്ധവത്തിന്റെ ഇടനിലക്കാരും മധ്യസ്ഥരുമായി കളിക്കുന്നത് ആരാണെന്ന ചോദ്യം, അതെ കേരളത്തിലെ ബന്‍വരിലാല്‍ പുരോഹിത് ആരാണെന്ന ചോദ്യം എല്ലാവരുടെയും മനസ്സില്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി അടുപ്പിച്ച ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയുമെല്ലാം ആര്‍.എസ്.എസ് അജണ്ടയ്ക്കൊപ്പം നിര്‍ത്തിയ കോണ്‍ഗ്രസ് നേതാവായിരുന്നു ബന്‍വരിലാല്‍ പുരോഹിത്.

ബന്‍വരിലാല്‍ പുരോഹിത്. Photo: Wikipedia

പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന ബന്‍വരിലാല്‍ പുരോഹിത് പഞ്ചാബിലെയും തമിഴ്നാട്ടിലെയും അസമിലെയും ഗവര്‍ണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം നാഗ്പൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ കോണ്‍ഗ്രസിന്റെ ലോക്സഭാംഗമായും ഒരു തവണ ബി.ജെ.പിയുടെ ലോക്സഭാംഗമായും ഇരുന്നിട്ടുണ്ട്.

ജനതാ പാര്‍ട്ടിക്കകത്തെ ദ്വയാംഗത്വ പ്രശ്നവും ആര്‍.എസ്.എസിനെതിരെ സി.പി.ഐ.എമ്മും മധുലിമായെ പോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുയര്‍ത്തിയ ശക്തമായ വിമര്‍ശനങ്ങളും ദേവറശിനെയും ഹിന്ദുത്വചിന്താകേന്ദ്രങ്ങളെയും വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു.

ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് ഭീഷണിയാവുന്ന ജനതാസര്‍ക്കാരിലെ ആര്‍.എസ്.എസുകാരായ മന്ത്രിമാരുടെ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് ജനതാ പാര്‍ട്ടിയിലെ മുന്‍ കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളുമായ നേതാക്കള്‍ സ്വീകരിച്ചത്.

ആര്‍.എസ്.എസ് അംഗങ്ങള്‍ക്ക് ജനതാ പാര്‍ട്ടിയില്‍ അംഗത്വം നല്‍കരുതെന്ന് അവര്‍ വാശിപിടിച്ചതോടെയാണ് മൊറാര്‍ജി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങള്‍ ആര്‍.എസ്.എസ് നേതൃത്വം ഇന്ദിരാ ഗാന്ധിയുമായി ചേര്‍ന്ന് ആരംഭിച്ചത്.

മൊറാര്‍ജി ദേശായി. Photo: Wikipedia

1980-ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തിലെത്തിക്കുന്നതിലും ജനതാ സര്‍ക്കാരിനെ അട്ടിമറിക്കുന്നതും ആര്‍.എസ്.എസ് ആസൂത്രണത്തിലാണ്. അതിന്റെ ഗുണഭോക്താക്കളായ കോണ്‍ഗ്രസും ഇന്ദിരാ സര്‍ക്കാരും ഇന്ത്യയില്‍ ആര്‍.എസ്.എസ് അജണ്ടയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുകയായിരുന്നു.

ഇന്ത്യയുടെ ഐക്യത്തിനും നിലനില്‍പ്പിനും ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെയുള്ള വിഘടന-വിധ്വംസകശക്തികള്‍ ഉയര്‍ത്തിയ ഭീഷണികളെ നേരിടാനാണ് ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ അഖണ്ഡതാവാദം ഉയര്‍ത്തിയത്. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ഭാഷാ ദേശീയസമൂഹങ്ങളെയും അതിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്ഥാനങ്ങളെയും ഒരുകാലത്തും അംഗീകരിച്ചിട്ടില്ലാത്തവരാണ് ആര്‍.എസ്.എസുകാര്‍.

ഇന്ത്യയുടെ ഐക്യത്തെ മുന്‍ നിര്‍ത്തിയാണെന്ന വ്യാജേന അഖണ്ഡതാവാദ നിലപാടുകള്‍ ഉയര്‍ത്തി തങ്ങളുടെ സാംസ്‌കാരിക ദേശീയവാദം ഉറപ്പിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ആര്‍.എസ്.എസ് നടത്തിയത്. കോണ്‍ഗ്രസ്സാവട്ടെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനും പ്രതിപക്ഷത്തോടൊപ്പം നില്‍ക്കുന്ന അകാലി ദള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കാനും മതാധിഷ്ഠിത വിഘടനവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു.

ഇന്ദിരാ ഗാന്ധി

പഞ്ചാബിലെ ബിന്ദ്രന്‍വാല നേതൃത്വം കൊടുത്ത സിഖ് തീവ്രവാദ പ്രസ്ഥാനങ്ങളെ വളര്‍ത്തിയതും പ്രോത്സാഹിപ്പിച്ചതും ഇന്ദിരയുടെ സര്‍ക്കാരായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭീഷണിയാകുന്ന സിഖ് മതവിശ്വാസികള്‍ അണിനിരന്നിട്ടുള്ള അകാലി ദളിനെ തകര്‍ക്കുകയെന്ന സങ്കുചിത രാഷ്ട്രീയ താത്പര്യത്തില്‍ നിന്നാണ് ദൂരവ്യാപകപ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഖലിസ്ഥാന്‍ വാദികളുമായി ഇന്ദിരാ ഗാന്ധി ബന്ധമുണ്ടാക്കിയത്. അത് ഇന്ദിരാ ഗാന്ധിയുടെ തന്നെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ച ദുരന്തമായി അവസാനിക്കുകയാണുണ്ടായത്.

ജർണെെല്‍ സിങ് ബിന്ദ്രന്‍വാല. Photo: Wikipedia

ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം 1984ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആര്‍.എസ്.എസ് പരസ്യമായിതന്നെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. പത്രപ്രവര്‍ത്തകനും ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ വിസിറ്റിങ് ഫെലോ ആയ റഷീദ് കിദ്വായ് രചിച്ച ‘ബാലറ്റ്: ഇന്ത്യയുടെ ജനാധിപത്യത്തെ രൂപപ്പെടുത്തിയ 10 എപ്പിസോഡുകള്‍’ എന്ന പുസ്തകം (റഷീദ് കിദ്വായ് സോണിയാ ഗാന്ധിയുടെ ജീവചരിത്രമുള്‍പ്പെടെ ഇന്ത്യയിലെ കോണ്‍ഗ്രസ് പതനം വിശകലനം ചെയ്യുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്) ആര്‍.എസ്.എസ് കോണ്‍ഗ്രസ് ബാന്ധവത്തിന്റെ രാഷ്ട്രീയപശ്ചാത്തലത്തെ വസ്തുനിഷ്ഠമായി തന്നെ വിശകലനം ചെയ്യുന്നു.

1984ല്‍ 400 സീറ്റിലേറെ നേടി രാജീവ് ഗാന്ധി അധികാരത്തിലെത്തുന്നതിന് പിന്നില്‍ ഇന്ദിരാ വധം സൃഷ്ടിച്ച സഹതാപതരംഗം മാത്രമായിരുന്നില്ല ആര്‍.എസ്.എസുമായുള്ള രഹസ്യമായൊരു രാഷ്ട്രീയ സാംസ്‌കാരിക സഖ്യവും ഉണ്ടായിരുന്നുവെന്നാണ് റഷീദ് കിദ്വായിയുടെ പുസ്തകം വിശദീകരിക്കുന്നത്.

റഷീദ് കിദ്വായ്

ആര്‍.എസ്.എസ് 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് തെറ്റിയ പഴയ ജനസംഘക്കാരായ നേതാക്കളെ ഏകോപിപ്പിച്ച് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നുവെങ്കിലും സംഘം ബി.ജെ.പിയെ അവഗണിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുയായിരുന്നു.

1980കളുടെ ആദ്യം നടന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നേതൃത്വം പരസ്യമായി തന്നെ കോണ്‍ഗ്രസിന് വോട്ടുപിടക്കാനാണ് ആവശ്യപ്പെട്ടത്. അതേപോലെ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നേതൃത്വം കോണ്‍ഗ്രസിന് വോട്ടുചെയ്യാനാണ് സംഘം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.

1984 ഒക്ടോബര്‍ 31 നാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നത്. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്തോഭജനകമായൊരു സംഭവമായിരുന്നു. രണ്ട് മാസത്തിനകം പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുള്ള ദേശവ്യാപകമായ പ്രചാരണങ്ങളാണ് നടന്നത്.

ആര്‍.എസ്.എസ് ഉത്തരേന്ത്യയിലാകെ സിഖ് വിരുദ്ധത, ഒരു പരിധിവരെ കോണ്‍ഗ്രസും ഉയര്‍ത്തിവിടുകയായിരുന്നു. ഭൂരിപക്ഷ ധ്രുവീകരണമെന്ന ആര്‍.എസ്.എസ് രാഷ്ട്രീയം പരീക്ഷിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 1984ലേത്. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അവരുടെ അജണ്ട നടപ്പിലാക്കാന്‍ ബി.ജെ.പിയെ മാത്രമല്ല കോണ്‍ഗ്രസിനെയും ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന് 49% വോട്ടുവിഹിതവും 414 സീറ്റുകളും നേടി ചരിത്രവിജയം സൃഷ്ടിക്കാനായത് ആര്‍.എസ്.എസിന്റെ കൂടി സഹായമുള്ളതുകൊണ്ടായിരുന്നു. 1984ല്‍ ബി.ജെ.പിക്ക് 7.74% വോട്ട് വിഹിതം മാത്രമാണുണ്ടായത്. വെറും 2 സീറ്റുകളും. തങ്ങളുടെ സംഘം പ്രവര്‍ത്തകരെ കോണ്‍ഗ്രസിനായി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ചെയ്തത്.

റഷീദ് കിദ്വായ് തന്റെ പുസ്തകത്തില്‍; ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ രാജീവ് ഗാന്ധിയും ആര്‍.എസ്.എസ് മേധാവി ബാലാസാഹെബ് ദേവറശുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നുണ്ട്. അതിനുള്ള പല രേഖകളും ഈ പുസ്തകത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രാജീവ് ഗാന്ധി | ബാലാസാഹെബ് ദേവറശ്

രാജീവ്-ദേവറശ് കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥനായിരുന്നത് നാഗപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബന്‍വരിലാല്‍ പുരോഹിത് ആയിരുന്നുവെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഈ യോഗത്തിന്റെ തുടര്‍ച്ചയില്‍ കുറഞ്ഞത് ആറ് രഹസ്യയോഗങ്ങളെങ്കിലും കോണ്‍ഗ്രസ് നേതൃത്വവും ആര്‍.എസ്.എസും തമ്മില്‍ നടന്നിട്ടുണ്ടെന്നും പുസ്തകം വ്യക്തമാക്കുന്നു.

ദല്‍ഹിയിലെ പൂസാറോഡിലെ ലിക്വര്‍ബാരണ്‍ കപില്‍ മോഹന്റെ വീട്ടില്‍ ഒരു രഹസ്യയോഗം നടന്നതായി റഷീദ് കിദ്വായ് പറയുന്നുണ്ട്. ആര്‍.എസ്.എസ് നേതാക്കളോടൊപ്പം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന ആരണ്‍ സിങ്, ദല്‍ഹി മേയര്‍ സുഭാഷ് ആര്യ, ലിക്വര്‍ വ്യവസായി അനില്‍ ബാലി തുടങ്ങിയവര്‍ ഈ രഹസ്യയോഗത്തില്‍ പങ്കെടുത്തതായി പറയുന്നു.

ഇത്തരം രഹസ്യയോഗങ്ങളിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ ഹിന്ദുത്വ അജണ്ടയ്ക്ക് ആവശ്യമായ പരിപാടികള്‍ നടപ്പാക്കാന്‍ സഹായവും അനുമതിയും നല്‍കണമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടത്. അതില്‍ ഏറ്റവും പ്രധാനമായിരുന്നത് ദൂരദര്‍ശനിലൂടെ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്യുക എന്നതായിരുന്നു.

രാമായണം സീരിയലില്‍ നിന്നും

ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുവാദം നല്‍കണമെന്നുമായിരുന്നു മറ്റൊരാവശ്യം.

ബാബരി മസ്ജിദ്. 1992 ഡിസംബർ ആറിന് മുമ്പുള്ള ഒരു ചിത്രം

രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതെല്ലാം അംഗീകരിക്കുകയും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് ഒന്നൊന്നായി അനുമതി നല്‍കുകയായിരുന്നു. ഇതാണ് ഇന്ത്യയിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും ഇന്ന് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തന്നെ അപകടപ്പെടുത്തുന്ന മോദി ഭരണത്തിലേക്ക് എത്തിയതും.

നാനാജി ദേശ്മുഖിനെപോലുള്ള ആര്‍.എസ്.എസ് പ്രത്യയശാസ്ത്രകാരന്മാര്‍ 1984ല്‍ രാജീവ് ഗാന്ധിയെ പ്രശംസിച്ച് എഴുതിയ ലേഖനങ്ങളെല്ലാം സംഘം പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.

നരേന്ദ്ര മോദിക്കൊപ്പം നാനാജി ദേശ്മുഖ്. മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രം

1980കളിലെ ആര്‍.എസ്.എസിന്റെ മനോഭാവത്തെ റഷീദ് കിദ്വായ് ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ബി.ജെ.പി രൂപീകരിച്ചെങ്കിലും ആര്‍.എസ്.എസ് അക്കാലത്തെടുത്ത നിലപാട് ഹിന്ദുപുനരുദ്ധാരണത്തിന് സഹായിക്കുന്ന എല്ലാ പാര്‍ട്ടികളെയും തുല്യമായി പരിഗണിക്കണമെന്നതായിരുന്നു.

1989 ആകുമ്പോഴേക്കും 85 സീറ്റുകള്‍ നേടി ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തങ്ങളുടെ ശക്തി പ്രതിഷ്ഠിക്കുന്നതിലേക്ക് വളര്‍ന്നത് കോണ്‍ഗ്രസിന്റെ സഹായം കൊണ്ടായിരുന്നുവെന്നതാണ് അസന്ദിഗ്ധമായ ചരിത്രവസ്തുത.

ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം നടന്ന ദല്‍ഹിയിലെ സിഖ് കൂട്ടക്കൊല ആര്‍.എസ്.എസിന്റെ പങ്കോടുകൂടി കോണ്‍ഗ്രസ് നടത്തിയതായിരുന്നുവെന്ന വിവരവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തങ്ങളുടെ ബി.ജെ.പി ബാന്ധവം മറച്ചുവെക്കാനുള്ള ദയനീയ ശ്രമമാണ് നടത്തുന്നത്. ബി.ജെ.പിയുമായി പലതരത്തിലുള്ള ഡീലുകള്‍ ഉറപ്പിച്ചിട്ടുള്ളവരാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍.

കുഞ്ഞാലിക്കുട്ടി

യു.ഡി.എഫിന് പിന്തുണയുമായി നടക്കുന്ന മറ്റിതര മതരാഷ്ട്രവാദസംഘടനകള്‍ ആര്‍.എസ്.എസ് നേതാക്കളുമായി എത്രയോതവണ രഹസ്യകൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ളവരാണ്. പാലക്കാട് നിയോജകമണ്ഡലത്തില്‍ ഫലസ്തീന്‍ പ്രശ്നം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ആര്‍.എസ്.എസ് നിലപാട് പുലര്‍ത്തുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയ യു.ഡി.എഫ്, ഇടതുപക്ഷം ആ മണ്ഡലത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് സതീശനും കുഞ്ഞാലിക്കുട്ടിയുമൊക്കെ ഡീല്‍ ആരോപണങ്ങളുമായി നിലവിട്ട് സംസാരിച്ചുതുടങ്ങിയത്.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രമറിയാവുന്നവര്‍ക്ക് കോണ്‍ഗ്രസ് ബി.ജെ.പി ബന്ധത്തെ സംബന്ധിച്ച് ആരും വിശദീകരിച്ചുകൊടുക്കേണ്ടതില്ല.

സത്യത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും വിജയത്തിനുവേണ്ടി ബി.ജെ.പിയുമായി പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ പലതരത്തിലുള്ള നീക്കുപോക്ക് ധാരണകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

2011ല്‍ നേമത്ത് അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് കോണ്‍ഗ്രസ് വോട്ട് അവര്‍ക്ക് ലഭിച്ചപ്പോഴാണ്. അതേപോലെ തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാനായതും യു.ഡി.എഫിന്റെ 86,965 വോട്ട് ബി.ജെ.പിയിലേക്ക് മറിഞ്ഞപ്പോഴാണ്.

ഒ. രാജഗോപാല്‍ | സുരേഷ് ഗോപി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ യു.ഡി.എഫ്ബി-.ജെ.പി ധാരണയിലാണ് 41 സീറ്റുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായത്. കോണ്‍ഗ്രസ് ജയിച്ച പല സീറ്റുകളിലും ബി.ജെ.പി സഹായമുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ നടന്ന 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ബി.ജെ.പിക്ക് ജയിക്കാനായത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സഹായം കൊണ്ടാണ്. ബീഹാറില്‍ അഞ്ച് എം.എല്‍.എമാരും ഹരിയാനയിലും ഒഡീഷയിലും മൂന്ന് വീതം എം.എല്‍.എമാരും ബി.ജെ.പിയെ സഹായിക്കുകയായിരുന്നു.

മാത്രമല്ല ഹരിയാന നിയമസഭയില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ടാണ് അവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയമുണ്ടായത്. ഇതെല്ലാം കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോഴും തുടരുന്ന അവിശുദ്ധമായ ബാന്ധവത്തിന്റെയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനെതിരായ കൂട്ടുകെട്ടിന്റെയും നഗ്‌നമായ യാഥാര്‍ത്ഥ്യങ്ങളാണ്.

Content highlight: K.T. Kunjikannan writes about the RSS-Congress relationship

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more