‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെ‘ന്ന് വിളംബരം ചെയ്ത ശ്രീ നാരായണഗുരുവിന്റെ സമാധിദിനമാണ് ഇന്ന്.
ഗുരുവിനെ ദൈവമാക്കിയും ഗുരു പ്രസരിപ്പിച്ച ജ്ഞാനകര്‍മമാര്‍ഗങ്ങള്‍ക്ക് വിരുദ്ധമായ സനാതന ധര്‍മത്തിന്റെ വക്താവാക്കിയും മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി നടന്നുകൊണ്ടിരിക്കുന്നത്.
ശ്രീ നാരായണഗുരു
പി. പരമേശ്വരന്‍ തുടങ്ങിയുള്ള സംഘവിചാരകര്‍ സത്താരഹിതമായ ഗുരുവിനെ അപനിര്‍മിക്കാനും ഗുരുദര്‍ശനങ്ങളെ ശങ്കരന്റെ അദൈ്വതദര്‍ശനത്തിന്റെ തുടര്‍ച്ചയായി വ്യാഖ്യാനിക്കാനും തുടങ്ങിയിട്ട് കാലം കുറെയായി.
ഗുരു തന്നെ പറഞ്ഞിട്ടുള്ളത് പോലെ ശങ്കരന്റെ അദ്വൈതം ജാതി വ്യവസ്ഥയെയും ബ്രാഹ്മണ്യത്തെയും സാധൂകരിക്കാനുള്ള ബുദ്ധിപരമായ കസർത്തായിരുന്നു. ജാതിയെ ന്യായീകരിക്കാൻ ശങ്കരൻ ഹിമാലയത്തോളം പറന്നുവെന്നാണു ഗുരു കളിയാക്കി പറഞ്ഞത്.
മനുഷ്യര്‍ക്കിടയില്‍ വിഭജനചിന്തകളും വിദ്വേഷസംസ്‌കാരവും പടര്‍ത്തുന്ന മതരാഷ്ട്രവാദികള്‍ക്കും അവരുടെ രാഷ്ട്രീയ അജണ്ടയുടെ മാപ്പുസാക്ഷികളായി വിദ്വേഷ പ്രചരണം നടത്തുന്ന മതപൗരോഹിത്യത്തിനുമെതിരായ തിരിച്ചറിവിന്റെയും പ്രതിരോധത്തിന്റെയും സന്ദേശമാണ് ഗുരുസ്മരണകള്‍ ഉണര്‍ത്തുന്നത്.
മനുഷ്യര്‍ക്കിടയില്‍ വിഭജനചിന്തകളും വിദ്വേഷസംസ്‌കാരവും പടര്‍ത്തരുതേയെന്ന വിനീത അപേക്ഷയോടെയാണ് ഇന്ന് നാം ഗുരുസ്മരണകളിലൂടെ കടന്നുപോകുന്നത്…
ലവ് ജിഹാദും ഘര്‍വാപസിയുമെല്ലാം ന്യൂനപക്ഷ ഹത്യക്കായുള്ള സംഘപരിവാര്‍ അജണ്ടയില്‍ രൂപപ്പെട്ട വിദ്വേഷ പദ്ധതികളാണ്. ഇന്ത്യന്‍ ഫാസിസത്തിന്റെ വിദ്വേഷരാഷ്ടീയ പദ്ധതികള്‍….
ഗുജറാത്തും കാന്ധമാലും മുസാഫര്‍നഗറും സൃഷ്ടിച്ച വംശഹത്യകള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിട്ട ഹിന്ദുത്വയാണത്.
മതാന്ധതയും നിക്ഷിപ്തതാത്പര്യങ്ങളും ചേര്‍ന്നു നടത്തുന്ന വിദ്വേഷപ്രചരണങ്ങള്‍ സൃഷ്ടിക്കുന്ന ആപത്തുകളെ കുറിച്ചാരും അജ്ഞത നടിക്കരുത്….
വിഭജന ചിന്തകള്‍ക്കും വര്‍ഗീയതക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും പോരാട്ടവുമാണ് ഗുരുചിന്തകള്‍ ഓരോ മലയാളിയോടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത് …
സര്‍വവിഭജനചിന്തകളെയും ജാതിവിവേചനങ്ങളെയും മതദ്വേഷ പ്രചരണങ്ങളെയും എതിര്‍ത്ത മാനവികതയുടെ മഹാപ്രവാചകനായിരുന്നു നാരായണഗുരു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം.
അറിവും അധികാരവും കൈയടക്കിയ സ്വാര്‍ത്ഥതത്പരരായ വൈദിക ബ്രാഹ്മണാധികാരം അടിമകളാക്കിയ മനുഷ്യരുടെ വിമോചനത്തിനായുള്ള ജ്ഞാന കലാപമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ 72 വര്‍ഷക്കാലത്തെ ജീവിതമെന്നത്.
കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ പൂര്‍വരൂപം ചാതുര്‍വര്‍ണ്യമാണെന്നും മനുഷ്യത്വരഹിതമായ ജാതി വ്യവസ്ഥയെ സാധൂകരിച്ച് നിര്‍ത്തുന്ന ശങ്കരന്റെ അദ്വെെത വേദാന്തത്തെയും തത്വശാസ്ത്ര ഗീര്‍വാണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഗുരു കേരളീയ നവോത്ഥാനത്തിന്റെ ജ്ഞാനമണ്ഡലത്തെ വികസിപ്പിച്ചെടുത്തത്.
ബ്രാഹ്മണാധികാരം സൃഷ്ടിച്ച ഹിംസയുടെയും സര്‍വമാനമായ ജീര്‍ണതകളുടെയും ഘട്ടത്തില്‍ വൈദിക മഹാത്മ്യത്തെ ചോദ്യംചെയ്തുകൊണ്ട് രംഗത്ത് വന്ന ബുദ്ധദര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഗുരുദര്‍ശനങ്ങള്‍.
ശങ്കരാചാര്യർ
അതുകൊണ്ടാണ് ഗുരുവിനെ പല സാമൂഹ്യചിന്തകരും രണ്ടാം ബുദ്ധനെന്ന് വിശേഷിപ്പിക്കുന്നത്. ചാതുര്‍വര്‍ണ്യത്തെയും വേദമാഹാത്മ്യത്തെയും ചോദ്യം ചെയ്ത ബൗദ്ധദര്‍ശനങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ജീവിത മണ്ഡലത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു.
പുരോഗതിയുടെയും സമാധാനത്തിന്റെയും സാമൂഹ്യശക്തികളെ അതഴിച്ചുവിട്ടുവെങ്കിലും വൈദിക മേധാവിത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയപദ്ധതികളുടെ അഭാവത്തില്‍, ശങ്കരന്‍ നേതൃത്വം കൊടുത്ത അദ്വെെതവേദാന്തികളുടെ ക്രൂര തീര്‍ത്ഥാടനങ്ങള്‍ക്ക് മുമ്പില്‍ അതിന് പിടിച്ചു നില്‍ക്കാനായില്ല. ബ്രാഹ്മണാധികാരത്തിന്റെ ഗുണ്ടാസേനകളുടെ നിരന്തരമായ ആക്രമണത്തെ തടര്‍ന്നത് അത് തകരുകയായിരുന്നു.
ഈയൊരു സാഹചര്യത്തെ തുടര്‍ന്നുള്ള ചാതുര്‍വര്‍ണ്യത്തിന്റെ സംഘടിതവും ആസൂത്രിതവുമായ ഉയിര്‍ത്തെഴുന്നേല്‍പാണ് കടുത്ത ജാതിവിവേചനത്തിലും മതവിദ്വേഷത്തിലുമധിഷ്ഠിതമായ ഇന്നത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും.
ബ്രഹ്മസൂത്രഭാഷ്യകാരനായ ശങ്കരന്‍ ചാതുര്‍വര്‍ണ്യത്തെ സാധൂകരിക്കാനായി നടത്തിയ ബുദ്ധിപരമായ കസര്‍ത്തുകളെ കളിയാക്കി കൊണ്ടു ഗുരു പറഞ്ഞത്; ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാന്‍ ശങ്കരന്‍ ബുദ്ധികൊണ്ടു പറന്നുവെന്നാണ്.
ശൂദ്രനും സ്ത്രീകള്‍ക്കും ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശങ്കരന്‍ പ്രമാണമായി സ്വീകരിച്ചത് മനുസ്മൃതിയെ തന്നെയായിരുന്നു!
ശൂദ്രരരെ മോചനമില്ലാത്ത അടിമകളാക്കി എന്നും അടിച്ചമര്‍ത്തി നിര്‍ത്താനായി രചിക്കപ്പെട്ട മനുസ്മൃതിയായിരുന്നു ശങ്കരന്റെ തത്വദര്‍ശനമെന്നത് ആര്‍ക്കും മറച്ചുവെക്കാവുന്നതല്ല.
മനുവാദികളായ ആര്‍.എസ്.എസുകാര്‍ ശങ്കരനെപ്പോലെ ഗുരുവും അദ്വെെതിയായിരുന്നുവെന്നൊക്കെയുള്ള സത്താരഹിതവും ചരിത്രവിരുദ്ധവുമായ സമീകരണ സിദ്ധാന്തങ്ങള്‍ എഴുന്നെള്ളിക്കുന്ന കാര്യം സൂചിപ്പിച്ചുവല്ലോ.
ശങ്കരന്റെ പ്രതിലോമപരമായ ദര്‍ശനദൗത്യത്തിന് നേര്‍വിപരീതമായ സാമൂഹ്യദര്‍ശനമാണ് ഗുരു മുന്നോട്ട് വെച്ചത്. ബ്രാഹ്മണമതത്തിലെ ഹിംസയ്ക്കും ക്രൂരതക്കുമെതിരെ പ്രജ്ഞയുടെയും കരുണയുടെയും മതമായി അവതരിച്ച ബുദ്ധദര്‍ശനങ്ങളുടെ വഴിയിലാണ് ഗുരു സഞ്ചരിച്ചത്.
ബുദ്ധനെ പോലെ ഗുരുവും വേദകാല ദൈവങ്ങളിലും ദര്‍ശനങ്ങളിലും വൈദികാധികാരങ്ങളിലും അധിഷ്ഠിതമായ പ്രാചീന വരേണ്യതയെ നിഷേധിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്തത്.
ബുദ്ധന്‍ ചോദ്യം ചെയ്ത ജാത്യാധിഷ്ഠിതവും ക്രൂരവുമായ വൈദികാധികാര വ്യവസ്ഥയെ രക്ഷിക്കുക എന്ന ദര്‍ശന ദൗത്യമായിരുന്നു ശങ്കരന്റെതെങ്കില്‍, ഗുരു ബുദ്ധനെ പോലെ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്യുന്ന ജ്ഞാനകര്‍മമാര്‍ഗങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ചെയ്തത്.
Photo: ChatGPT
വിദ്വേഷവും ഹിംസയുമായിരുന്നു ശങ്കരന്റെ മാര്‍ഗമെങ്കില്‍ അറിവുകൊണ്ടു ആത്മബോധം നേടാനും സംഘടനകൊണ്ട് ശക്തരാവാനുമാണ് ഗുരു നിരന്തരം ഉദ്‌ബോധിപ്പിച്ചത്… എല്ലാ മതങ്ങളിലെയും പ്രജ്ഞയുടെയും കരുണയുടെയും ആദര്‍ശങ്ങളെ വീണ്ടെടുക്കാനാണ് ഗുരു പഠിപ്പിച്ചത്.
എല്ലാ മതങ്ങളുടെയും സാരസര്‍വസ്വം കരുണയും പരസ്പരസ്‌നേഹവുമാണെന്ന് കണ്ടെത്താനുള്ള സംവാദാത്മകമായൊരു ജ്ഞാനാന്വേഷണമായിരുന്നു ഗുരു നടത്തിയത്.
ക്രിസ്തുവും മുഹമ്മദുമെല്ലാം സ്‌നേഹത്തെയും പരമകാരുണ്യത്തെയും കുറിച്ച് പഠിപ്പിച്ച സുവിശേഷകരും പ്രബോധകരുമായിരുന്നുവെന്നും അവരെല്ലാം അറിവു നേടാനും കര്‍മ്മങ്ങളിലൂടെ നല്ല മനുഷ്യരാവാനും പഠിപ്പിച്ചവരായിരുന്നുവെന്നുമാണ് ഗുരു കണ്ടത്.
1924ല്‍ ആലുവയില്‍ സംഘടിപ്പിച്ച സര്‍വമതസമ്മേളനം വാദിക്കാനും ജയിക്കാനുമുള്ള പൗരോഹിത്യാധിഷ്ഠിതമായ വിശ്വാസ അന്ധതക്ക് പകരം അറിയാനും അറിയിക്കാനുമുള്ള സംവാദാത്മകതയുടേതായ വിശാല സംസ്‌കാരത്തിനു വേണ്ടിയുള്ള ബൃഹത്തായൊരു ഇടപെടലായിരുന്നു.
മതദ്വേഷത്തെയും വിഭജനചിന്തകളെയും മുറിച്ചുകടക്കാന്‍ മലയാളിക്ക് നവോത്ഥാനത്തിന്റെയും ഗുരുചിന്തകളുടെയും ചരിത്രത്തെയും ദര്‍ശനങ്ങളെയും വീണ്ടെടുത്ത് കൊണ്ടേ കഴിയൂ….
Content Highlight: K.T. Kunjikannan writes about Sree Narayana Guru and the philosophies of Sree Narayana.