| Friday, 8th August 2025, 8:11 am

മുണ്ടക്കൈ ഭൂമി തട്ടിപ്പില്‍ ഉപസമിതി അംഗങ്ങളെ ലീഗ് സസ്‌പെന്‍ഡ് ചെയ്യണം: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാനുള്ള ഭൂമി വാങ്ങനായി നിയമിച്ച ഉപസമിതി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുസ്‌ലിം ലീഗിനോട് കെ.ടി. ജലീല്‍ എം.എല്‍.എ. വീട് നിര്‍മിക്കാനായി മൂന്നിരട്ടി വില നല്‍കി വാങ്ങിയ സ്ഥലം നിര്‍മാണങ്ങള്‍ക്ക് വിലക്കുള്ള തോട്ടഭൂമിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപസമിതി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കെ.ടി. ജലീല്‍ ഉന്നയിച്ചത്.

സമുദായത്തെയും മുസ്‌ലിം ലീഗിനെയും ഉപസമിതി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തബാധിതരുടെ പേരില്‍ ജനങ്ങളില്‍ നിന്ന് സമാഹരിച്ച തുകയാണ് കൊള്ളയടിച്ചതെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇതെങ്കില്‍ ഉപസമിതിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കെ.ടി. ജലീല്‍ എം.എല്‍.എ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉപസമിതിക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ ലീഗ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ് ഈ പകല്‍ക്കൊള്ള നടക്കുന്നതെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ട് ശേഖരണവും വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണവിധേയരാണ് ഉപസമിതിയില്‍ കൂടുതലുമെന്നും എന്തിനാണ് ഇത്തരക്കാരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും കെ.ടി. ജലീല്‍ ചോദിക്കുന്നു.

‘പണം ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പോയതെന്ന് ലീഗ് വ്യക്തമാക്കണം. പാണക്കാട് കുടുംബത്തിന്റെ വിശ്വാസ്യത തകര്‍ക്കപ്പെടുകയാണ്. ജുഡീഷ്യല്‍ അധികാരമുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ സാദിഖലി ശിഹാബ് തങ്ങള്‍ ഉത്തരം നല്‍കണം. പി.കെ. ബഷീര്‍, സി. മമ്മൂട്ടി, പി.കെ. ഫിറോസ്, ടി. മുഹമ്മദ്, പി. ഇസ്മായില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണം,’ കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു.

ദുരന്തബാധിതരെ പ്രലോഭിപ്പിച്ച് സര്‍ക്കാര്‍ പദ്ധതിയില്‍ പിന്തിരിപ്പിച്ച് അവരെയെല്ലാം വഴിയാധാരമാക്കുകയാണ് ലീഗ് ചെയ്തതെന്നും ജലീല്‍ പറഞ്ഞു. വീട് പണിയുന്ന സ്ഥലത്ത് പള്ളിയും മദ്രസയും പണിയുമെന്നുമെല്ലാം വാഗ്ദാനം കൊടുത്താണ് ലീഗ് അവരെ പിന്തിരിപ്പിച്ചതെന്നും ചൂരല്‍മലയിലേത് പോലെ എല്ലാ മതസ്ഥരും ഒന്നിച്ച് താമസിക്കുന്ന ടൗണ്‍ഷിപ്പില്‍ അവരെ താമസിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമെല്ലാം ചെയ്യുന്നതുപോലെ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ ജാതി ഗല്ലികള്‍ നിര്‍മിക്കാനാണോ ലീഗ് ശ്രമിക്കുന്നതെന്നും ജലീല്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 15 ലക്ഷം തിരികെ നല്‍കിയിട്ട് ടൗണ്‍ഷിപ്പിലേക്ക് പോകുന്നതാണ് എല്ലാവര്‍ക്കും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘100 വീടുകളുള്ള തങ്ങളുടെ കോളനിയാണ് ലീഗിന്റെ ലക്ഷ്യം. ലീഗിന്റെ ആനുകൂല്യം പറ്റിയവര്‍ എന്നാണിവര്‍ വിളിക്കപ്പെടുക. കൊടപ്പനച്ചോട്ടില്‍ പുരവെച്ചുകെട്ടിയതുപോലെയാകും ഇത്. ആജീവനാന്തം ലീഗിന് വോട്ട് ചെയ്യേണ്ടിവരും. സാദിഖലി തങ്ങളുടെ പേരിലാണ് ഇപ്പോള്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യമേ ആ 100 പേരുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്താല്‍ പോരെ? എന്തിനാണ് രണ്ട് രജിസ്‌ട്രേഷന്‍,’ ജലീല്‍ ചോദിക്കുന്നു. രജിസ്‌ട്രേഷനുള്ള തുക ജനങ്ങളില്‍ നിന്ന് എടുക്കാന്‍ വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K T Jaleel questions Muslim League on Mundakkai rehabilitation

We use cookies to give you the best possible experience. Learn more