| Tuesday, 16th January 2018, 10:35 pm

'തുടരാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും പദ്ധതിയെ കഴുത്തു ഞെരിച്ചു കൊന്നു'; ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ എതിര്‍പ്പറിയിച്ച് മന്ത്രി കെ.ടി. ജലീല്‍. സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 2022 വരെ സബ്‌സിഡി തുടരാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും അതിനുമുന്‍പേ ഇതിനെ കഴുത്തു ഞെരിച്ചു കൊല്ലേണ്ടതുണ്ടോയെന്നും കെ.ടി. ജലീല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് ഹജ്ജ് തീര്‍ത്ഥാടനടത്തിന് കേന്ദ്രം നല്‍വന്നിരുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സബ്സിഡിയുടെ ആനുകൂല്യം ചില ഏജന്‍സികള്‍ക്ക് മാത്രമാണ് കിട്ടിയതെന്നും സബ്സിഡിയായി നല്‍കിയിരുന്ന 700കോടി രൂപ ഇനിമുതല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ, ക്ഷേപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നുമായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചത്.

2022 ഓടെ സബ്‌സിഡി നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്ന് സുപ്രിംകോടതി വിധിയുണ്ടായിരുന്നു. ഈ വിധിയുടെ ചുവട് പിടിച്ചാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

എന്നാല്‍ വിധി പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് നാല് വര്‍ഷം കൂടി അവശേഷിക്കെ സബ്സിഡി നല്‍കുന്നത് പൂര്‍ണമായി നിര്‍ത്താലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2012ലാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കേരളത്തില്‍നിന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more